'ഒരാളും അറിയില്ല, രാവിലെ വന്നു തൂത്തുതുടച്ചിട്ടു പോവണം'- റിങ്കു തൂക്കിയ സിക്‌സിന് പിന്നിലെ സഹനങ്ങള്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് അവിശ്വസനീയ വിജയം സമ്മാനിച്ചതിന് പിന്നാലെയാണ് ജീവിതത്തിലൂടെ തനിക്ക് കടന്നു പോകേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നത്
റിങ്കുവിനെ എടുത്തുയർത്തി വിജയം ആഘോഷിക്കുന്ന കൊൽക്കത്ത നായകൻ നിതീഷ് റാണ/ ട്വിറ്റർ
റിങ്കുവിനെ എടുത്തുയർത്തി വിജയം ആഘോഷിക്കുന്ന കൊൽക്കത്ത നായകൻ നിതീഷ് റാണ/ ട്വിറ്റർ

കൊല്‍ക്കത്ത: ഇല്ലായ്മകളോടും പലതരത്തിലുള്ള പ്രതിബന്ധങ്ങളോടും പടവെട്ടിയതിന്റെ കരുത്തിലാണ് റിങ്കു സിങ് തന്റെ കളി മികവിനെ രാകി മിനുക്കുന്നത്. ആ അനുഭവങ്ങളുടെ കരുത്താണ് തന്റെ മുതല്‍ക്കൂട്ടെന്ന് റിങ്കു പറയുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് അവിശ്വസനീയ വിജയം സമ്മാനിച്ചതിന് പിന്നാലെയാണ് ജീവിതത്തിലൂടെ തനിക്ക് കടന്നു പോകേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നത്. 

താന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ചെറുപ്പം തൊട്ട് പട്ടിണിയുടെയും വിശപ്പിന്റെയും വിലയറിഞ്ഞുവന്ന റിങ്കു പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച റിങ്കുവിനെ മാതാപിതാക്കള്‍ ഏറെ ഉപദേശിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. തന്റെ മേഖല ക്രിക്കറ്റാണെന്ന് റിങ്കുവിന് ഉറപ്പുണ്ടായിരുന്നു. 

ഒരിക്കല്‍ ചേട്ടന്റെ സഹായത്തോടെ അച്ഛന്‍ റിങ്കുവിന് ഒരു ജോലി തരപ്പെടുത്തി. ഒരു കോച്ചിങ് സെന്ററില്‍ സ്വീപ്പറായാണ് റിങ്കുവിന് ജോലി ലഭിച്ചത്. ക്രിക്കറ്റ് ബാറ്റിന് പകരം ചൂല്‍ കൈകൊണ്ട് പിടിക്കേണ്ടി വന്നത് അവന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കോച്ചിങ് സെന്ററില്‍ വെളുപ്പിനെ പോയി തറ തുടയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും ആരും അറിയില്ലെന്നും അച്ഛന്‍ പറഞ്ഞെങ്കിലും അതൊന്നും വിലപ്പോയില്ല. ക്രിക്കറ്റിലേക്ക് തന്നെയായിരുന്നു റിങ്കുവിന്റെ ശ്രദ്ധ.

മാതാപിതാക്കളെ അനുസരിക്കാന്‍ മനസ്സ് വെമ്പിയെങ്കിലും ക്രിക്കറ്റിന്റെ വലിയ ലോകം അവനെ മാടി വിളിച്ചു. സ്വപ്നത്തിന് പിന്നാലെ സഞ്ചരിക്കാനാണ് റിങ്കു ശ്രമിച്ചത്. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഇന്‍സള്‍ട്ടിനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് റിങ്കു കോച്ചിങ് സെന്ററിലെ ജോലി ഉപേക്ഷിച്ചാണ് ക്രിക്കറ്റിനായി ഇറങ്ങിത്തിരിച്ചത്. 

താനടക്കം അഞ്ച് മക്കളാണ് മാതാപിതാക്കള്‍ക്കുള്ളത്. പിതാവ് ഖന്‍ചന്ദിന് ഗ്യാസ് സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുന്ന ജോലിയായിരുന്നു. അതില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ മറ്റ് ജോലികള്‍ക്ക് തങ്ങള്‍ക്ക് പോകേണ്ടി വന്നിരുന്നുവെന്ന് റിങ്കു പറയുന്നു. അത്ര കഠിനമായിരുന്നു ആദ്യ ഘട്ടങ്ങളിലെ ജീവിതത്തിന്റെ മുന്നോട്ടു പോക്കെന്ന് റിങ്കു വ്യക്തമാക്കി. 

'അക്കാദമിക വിദ്യാഭ്യാസം കൊണ്ട് എനിക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. എന്നെ മുന്നോട്ടു നയിക്കാന്‍ പര്യാപ്തമായ ഒരേയൊരു കാര്യം ക്രിക്കറ്റായിരുന്നു. അതു മാത്രമായിരുന്നു എന്റെ ഓപ്ഷന്‍.' 

ഐപിഎല്ലിലൂടെ ലഭിക്കുന്ന പണം കൊണ്ടു തന്റെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാധിച്ചെന്ന് റിങ്കു പറയുന്നു. ഇപ്പോള്‍ ലഭിക്കുന്ന താര പരിവേഷം താന്‍ ആസ്വദിക്കുന്നുണ്ടെന്നും റിങ്കു പറഞ്ഞു. 

'എന്റെ അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞാനൊരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഞാന്‍ മൈതാനത്തിന് പുറത്തേക്ക് അടിക്കുന്ന ഓരോ ഷോട്ടും എനിക്ക് വേണ്ടി പല ത്യാഗങ്ങള്‍ സഹിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ്. പണ്ട് ക്ലബ് മത്സരം കളിക്കാന്നതിനായി പന്ത് വാങ്ങണം. അച്ഛനോട് ചോദിച്ചാല്‍ കിട്ടില്ല. കാണ്‍പൂരില്‍ നടന്ന ഒരു മത്സരത്തില്‍ പങ്കെടുക്കുന്നതിനായി അമ്മ അടുത്തുള്ള പലചരക്ക് കടയില്‍ നിന്നു ആയിരം രൂപ കടം വാങ്ങി നല്‍കുകയായിരുന്നു.' 

'എല്‍പിജി സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്ന ജോലിയായിരുന്നു അച്ഛന്. അച്ഛന് പോകാന്‍ സാധിക്കാത്തപ്പോള്‍ ഞങ്ങള്‍ സഹോദരന്‍മാര്‍ അഞ്ച് പേര്‍ക്കായിരുന്നു ചുമതല. അച്ഛന്‍ ഞങ്ങളെ ഒരുപാട് ശിക്ഷിച്ചിട്ടുണ്ട്.' 

'ഡിപിഎസ് അലഗഢ് സ്‌കൂള്‍ വേള്‍ഡ് കപ്പ് എന്ന പേരില്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. എന്നെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുത്തു. അന്നാണ് ഞാന്‍ കളിക്കുന്നത് പപ്പ ആദ്യമായി കാണുന്നത്. അന്ന് സമ്മാനമായി ഒരു ബൈക്ക് കിട്ടി. അതിനു ശേഷം ഒരിക്കല്‍ പോലും പപ്പ തല്ലിയിട്ടില്ല'- ചിരിച്ചു കൊണ്ടു റിങ്കു വ്യക്തമാക്കി.  

ഇന്ന് ഈ നിലയിലേക്കുള്ള തന്റെ വളര്‍ച്ചയില്‍ ആറോളം പേരോടാണ് കടപ്പാടെന്ന് റിങ്കു പറയുന്നു. ആദ്യകാല കോച്ച് മസൂദ് അമിനി, ക്രിക്കറ്റ് ബാറ്റുകളടക്കമുള്ളവ തന്നു സഹായിച്ച മുഹമ്മദ് സീഷാന്‍, അര്‍ജുന്‍ സിങ് ഫക്കീര, നീല്‍ സിങ്, സ്വപ്നില്‍ ജെയ്ന്‍ അടക്കമുള്ളവര്‍. അവരോടൊക്കെ നന്ദിയുണ്ട്. 

നിലവില്‍ കുടുംബത്തെ നഗരത്തിലുള്ള അപ്പാര്‍ട്‌മെന്റിലേക്ക് മാറ്റി താമസിപ്പിക്കാന്‍ റിങ്കുവിന് സാധിച്ചു. ഐപിഎല്ലിലെ പണം കൊണ്ട് ആദ്യമായി ചെയ്തത് വായ്പ അടക്കമുള്ള എല്ലാ ബാധ്യതകളും തീര്‍ക്കുക എന്നതായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിച്ചുവെന്ന് കുടുംബം ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോകുകയാണെന്നും റിങ്കു വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com