'മനോഹരം, ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ടി20 ഇന്നിങ്‌സ്'- ധവാനെ പുകഴ്ത്തി ലാറ

ധവാന്‍ കളി നിയന്ത്രിച്ച രീതി അങ്ങേയറ്റം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും ലാറ വ്യക്തമാക്കി
ധവാന്റെ ബാറ്റിങ്/ പിടിഐ
ധവാന്റെ ബാറ്റിങ്/ പിടിഐ

ഹൈദരാബാദ്: പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തനിക്ക് സാധ്യമായതിന്റെ പരമാവധി കളിച്ചു. ടീമിലെ പത്തില്‍ ഒരാള്‍ പോലും അയാളെ ക്രീസില്‍ പിന്തുണയ്ക്കാന്‍ ഇല്ലാതിരുന്നിട്ടു കൂടി ധവാന്‍ ഏതാണ്ട് ഒറ്റയ്ക്ക് പൊരുതി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ 144 റണ്‍സെന്ന ലക്ഷ്യം വച്ചു. പുറത്താകാതെ 99 റണ്‍സായിരുന്നു ധവാന്‍ നേടിയത്. ശേഷിക്കുന്നവര്‍ ചേര്‍ന്നാണ് ബാക്കി നേടിയതെന്ന് ആലോചിക്കുമ്പോള്‍ മനസിലാകും ഈ ഇന്നിങ്‌സിന്റെ മൂല്യം. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നേടാന്‍ സാധിക്കാതെ പോയത്. 

ഇപ്പോഴിതാ ധവാന്റെ ബാറ്റിങിനെ പുകഴ്ത്തുകയാണ് സണ്‍റൈസേഴ്‌സ് പരിശീലകനും വിന്‍ഡീസ് ഇതിഹാസവുമായ ബ്രയാന്‍ ലാറ. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ടി20 ഇന്നിങ്‌സ് എന്നാണ് ലാറ ധവാന്റെ ബാറ്റിങിനെ കുറിച്ച് പറഞ്ഞത്. ധവാന്‍ കളി നിയന്ത്രിച്ച രീതി അങ്ങേയറ്റം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും ലാറ വ്യക്തമാക്കി. 

'ശിഖര്‍ ധവാന്‍ ഇന്ന് ഞങ്ങള്‍ക്കെതിരെ കളിച്ചതിനെ കുറിച്ച് പറതിരിക്കാന്‍ സാധിക്കില്ല. ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ടി20 ഇന്നിങ്‌സാണ് ധവാന്‍ കളിച്ചത്. മികച്ച സ്‌ട്രൈക്ക് വളര്‍ത്തി കളി നിയന്ത്രിച്ച അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലാ ബഹുമാനവും അര്‍ഹിക്കുന്നു'- ലാറ കൂട്ടിച്ചേര്‍ത്തു. 

രണ്ട് തുടര്‍ വിജയങ്ങളുമായി എത്തിയ പഞ്ചാബിന് മൂന്നാം മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ല. ഹൈദരാബാദാകട്ടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റാണ് സ്വന്തം തട്ടകത്തില്‍ കളിച്ചത്. ആദ്യ വിജയമാണ് അവര്‍ കുറിച്ചത്. 

ഒരു ഘട്ടത്തില്‍ പഞ്ചാബിന്റെ സ്‌കോര്‍ 100 പോലും കടക്കുമെന്ന് തോന്നിയില്ല. 88 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായ അവരെ ഈ നിലയ്‌ക്കെത്തിച്ചത് ധവാന്‍ ധീരമായ ബാറ്റിങായിരുന്നു. 66 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ധവാന്‍ പുറത്താകാതെ 99 റണ്‍സ് അടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com