മലിംഗയെ പിന്തള്ളി റെക്കോര്‍ഡ്; ഐപിഎല്ലില്‍ പുതിയ ചരിത്രം എഴുതി റബാഡ 

ഗുജറാത്ത് ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയാണ് താരം 100 വിക്കറ്റുകളെന്ന നേട്ടം തൊട്ടത്
ക​ഗിസോ റബാഡ/ പിടിഐ
ക​ഗിസോ റബാഡ/ പിടിഐ

മൊഹാലി: ഐപിഎല്ലില്‍ പുതിയ ചരിത്രമെഴുതി പഞ്ചാബ് കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. ഈ സീസണില്‍ പഞ്ചാബിനായി തന്റെ ആദ്യ മത്സരത്തിനാണ് ഇന്നലെ താരം ഇറങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സായിരുന്നു എതിരാളികള്‍. 

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങള്‍ കളിച്ച് 100 വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റബാഡയ്ക്ക് സ്വന്തം. ഇതിഹാസ ശ്രീലങ്കന്‍ പേസറും മുന്‍ മുംബൈ ഇന്ത്യന്‍സ് താരവുമായ ലസിത് മലിംഗയുടെ പേരിലുള്ള റെക്കോര്‍ഡാണ് റബാഡ പഴങ്കഥയാക്കിയത്. 

ഗുജറാത്ത് ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയാണ് താരം 100 വിക്കറ്റുകളെന്ന നേട്ടം തൊട്ടത്. 64 മത്സരങ്ങള്‍ കളിച്ചാണ് റബാഡയുടെ അതിവേഗ കുതിപ്പ്. മലിംഗ 70 ഇന്നിങ്‌സുകളില്‍ നിന്നാണ് 100 വിക്കറ്റുകള്‍ തികച്ചത്. മുന്‍ താരത്തിന്റെ പ്രകടനം ഇനി രണ്ടാം സ്ഥാനത്ത്. 

81 ഇന്നിങ്‌സില്‍ നിന്ന് 100 വിക്കറ്റുകള്‍ നേടി ഭുവനേശ്വര്‍ കുമാര്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 83 ഇന്നിങ്‌സില്‍ നിന്ന് നേട്ടം കൊയ്ത് റാഷിദ് ഖാന്‍ നാലാമതും ഇത്രയും കളികളില്‍ നിന്നു തന്നെ നേട്ടം സ്വന്തമാക്കിയ അമിത് മിശ്ര, ആശിഷ് നെഹ്‌റ എന്നിവര്‍ അഞ്ചും ആറും സ്ഥാനത്ത്. 84 ഇന്നിങ്‌സുകളില്‍ നിന്നായി 100 വിക്കറ്റുകള്‍ നേടിയ യുസ്‌വേന്ദ്ര ചഹല്‍ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. 

2017ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് റബാഡയുടെ ഐപിഎല്‍ കരിയറിന് തുടക്കമായത്. ഡല്‍ഹിക്കായി 76 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷം ടീം വിട്ട റബാഡ കഴിഞ്ഞ സീസണിലാണ് പഞ്ചാബിന്റെ താരമായത്. പഞ്ചാബിനായുള്ള ഫസ്റ്റ് സീസണില്‍ 23 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 99 വിക്കറ്റുകളുമായാണ് താരം കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ഇത്തവണ വൈകിയാണ് എത്തിയതെങ്കിലും ടീമിനായി ആദ്യ മത്സരം കളിച്ച് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com