രണ്ട് ഗോള്‍  നേടി; അവസാന പത്ത് മിനിറ്റില്‍ രണ്ട് ഗോള്‍ എതിരാളിക്കും കൊടുത്തു! യൂറോപ്പയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില

മിന്നും ഫോമില്‍ കളിക്കുന്ന മാര്‍ക്ക് റാഷാഫോര്‍ഡ്, മറ്റൊരു താരം ലൂക് ഷോ എന്നിവരില്ലാതെയാണ് മാഞ്ചസ്റ്റര്‍ കളിക്കാനിറങ്ങിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത സമനില. സ്പാനിഷ് ടീം സെവിയ്യക്കെതിരെ മാഞ്ചസ്റ്റര്‍ 2-2ന്റെ സമനില വഴങ്ങി. ആദ്യ 25 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് ഗോള്‍ നേടി മുന്നിലെത്തിയ അവര്‍ക്ക് അവസാന പത്ത് മിനിറ്റിനിടെ സ്വന്തം താരങ്ങള്‍ തന്നെ വഴങ്ങിയ രണ്ട് സെല്‍ഫ് ഗോളുകളാണ് വിനയായി മാറിയത്. 

മിന്നും ഫോമില്‍ കളിക്കുന്ന മാര്‍ക്ക് റാഷാഫോര്‍ഡ്, മറ്റൊരു താരം ലൂക് ഷോ എന്നിവരില്ലാതെയാണ് മാഞ്ചസ്റ്റര്‍ കളിക്കാനിറങ്ങിയത്. കളിയുടെ 14, 21 മിനിറ്റുകളില്‍ മാര്‍സല്‍ സാബിറ്റ്‌സറാണ് മാഞ്ചസ്റ്ററിനായി ഗോള്‍ നേടിയത്. ഈ ലീഡുമായി കളിയുടെ സിംഹ ഭാഗവും കളിച്ച മാഞ്ചസ്റ്ററിന് ടിറല്‍ മലാസിയ, ഹാരി മഗ്വെയ്ര്‍ എന്നിവരുടെ സെല്‍ഫ് ഗോളുകളാണ് വിലങ്ങായത്. 

14ാം മിനിറ്റില്‍ മാര്‍ഷ്യല്‍ തുടങ്ങിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മാര്‍ഷ്യലില്‍ നിന്ന് ബ്രൂണോയിലൂടെ പന്ത് സാബ്റ്റ്‌സറിലേക്ക് എത്തുകയായിരുന്നു. ബോക്‌സില്‍ നിന്ന് താരം തൊടുത്ത ഷോട്ട് സെവിയ്യ ഗോള്‍ കീപ്പര്‍ ബോനോയെ നിസഹായനാക്കി വലയില്‍. 

ഏഴ് മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും വന്നു. ഇത്തവണയും സാബിറ്റ്‌സര്‍ തന്നെ വല കുലുക്കി. മാര്‍ഷ്യലിന്റെ പാസില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍. പിന്നീടും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാഞ്ചസ്റ്ററിന് സാധിച്ചെങ്കിലും ഗോള്‍ വന്നില്ല. 

രണ്ടാം പകുതിയിലും മാഞ്ചസ്റ്റര്‍ ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നു. പക്ഷേ മൂന്നാം ഗോള്‍ മാത്രം വന്നില്ല. 

അവസാന പത്ത് മിനിറ്റില്‍ പക്ഷേ മാഞ്ചസ്റ്ററിന് എല്ലാം പിഴച്ചു. പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ് പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങി. സബ്സ്റ്റിറ്റിയൂട്ടുകള്‍ അഞ്ചും നടത്തിയതോടെ പത്ത് പേരെ വച്ച് ടീമിന് കളി മുന്നോട്ടു പോകേണ്ടി വന്നു. അതിനിടെയാണ് രണ്ട് സെല്‍ഫ് ഗോളുകള്‍ മാഞ്ചസ്റ്ററിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ നിഴലായി വീണത്. 

84ാം മിനിറ്റില്‍ സെവിയ്യക്ക് മലാസിയയുടെ പിഴവിലൂടെ ആദ്യ ഗോള്‍ ലഭിച്ചു. ജീസസിന്റെ ക്രോസ് മലാസിയയുടെ ദേഹത്ത് തട്ടി മാഞ്ചസ്റ്ററിന്റെ വലയില്‍ കയറി. ഈ ഗോളിന് പിന്നാലെയായിരുന്നു ലിസാന്‍ഡ്രോ മാര്‍ട്ടിനസ് പരിക്കേറ്റ് പുറത്തായി. 

ഒരു ഗോള്‍ നേടാന്‍ സാധിച്ചതോടെ സെവിയ്യ ആക്രമണം കടുപ്പിച്ചു. കളി ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ സെവിയ്യക്ക് രണ്ടാം ഗോളും ലഭിച്ചു. അതും സെല്‍ഫ് തന്നെ. എല്‍ നസിരിയുടെ ഹെഡ്ഡര്‍ ശ്രമമാണ് ഗോളിന് വഴി തുറന്നത്. തല കൊണ്ടു പന്ത് തിരിച്ചുവിടാനുള്ള മഗ്വയറുടെ നീക്കം പക്ഷേ പാളി. താരത്തിന്റെ ഷോട്ട് സ്വന്തം വലയിലേക്ക്. മത്സരം 2-2ന് സമനില. സ്വന്തം തട്ടകത്തിലെ സമനില മാഞ്ചസ്റ്ററിന് രണ്ടാം പാദം ജീവന്‍മരണ പോരാട്ടമായി മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com