നിതീഷിന്റേയും റിങ്കുവിന്റേയും വെടിക്കെട്ട് വിഫലം; പൊരുതി വീണ് കൊൽക്കത്ത

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് നിതീഷ് റാണ തകർത്തടിച്ചു. വൈകാതെ താരം അർധ സെഞ്ച്വറി നേടി
വിജയ ശേഷം ​ഗ്രൗണ്ട് വിടുന്ന ഹൈദരാബാദ് താരങ്ങൾ/ പിടിഐ
വിജയ ശേഷം ​ഗ്രൗണ്ട് വിടുന്ന ഹൈദരാബാദ് താരങ്ങൾ/ പിടിഐ

കൊൽക്കത്ത: ഐപിഎല്ലിൽ റണ്ണൊഴുകിയ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിജയം ആഘോഷിച്ചു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പൊരുതി വീണു. 23 റൺസിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബോർഡിൽ ചേർത്ത് 228 റൺസ്. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയുടെ പോരാട്ടം ഏഴ് വിക്കറ്റിന് 205 റൺസിൽ അവസാനിച്ചു. 

നായകൻ നിതീഷ് റാണയും റിങ്കു സിങും അർധ സെഞ്ച്വറികളുമായി കൊൽക്കത്തയ്ക്കായി പൊരുതിയിട്ടും അവർക്ക് വിജയത്തിലെത്താൻ സാധിച്ചില്ല. മറുഭാ​ഗത്ത് ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ അതിവേ​ഗ അർധ സെഞ്ച്വറിയുമാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 

കൂറ്റൻ വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. 20 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് ആതിഥേയർ പരുങ്ങി. റഹ്‌മാനുള്ള ഗുർബാസ് (0), വെങ്കടേഷ് അയ്യർ (10), സുനിൽ നരെയ്ൻ (0) എന്നിവരാണ് പുറത്തായത്. പിന്നീട് ക്രീസിലൊന്നിച്ച നാരായൺ ജഗദീശനും നായകൻ നിതീഷ് റാണയും ചേർന്ന് ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഉമ്രാൻ മാലിക്ക് എറിഞ്ഞ ആറാം ഓവറിൽ 28 റൺസടിച്ച് നിതീഷ് റാണ കൊടുങ്കാറ്റായി. നാല് ഫോറും രണ്ട് സിക്‌സും ഈ ഓവറിൽ പിറന്നു.

നാലാം വിക്കറ്റിൽ ഇരുവരും അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ മികച്ച രീതിയിൽ ബാറ്റു വീശിയ ജഗദീശനെ മടക്കി മായങ്ക് മാർക്കണ്ഡെ കൊൽക്കത്തയ്ക്ക് വീണ്ടും തിരിച്ചടി നൽകി. 21 പന്തിൽ 36 റൺസുമായി താരം ക്രീസ് വിട്ടു. പിന്നാലെ വന്ന ആന്ദ്രെ റസ്സലിനെയും (3) മടക്കി മാർക്കണ്ഡെ മടക്കിയതോടെ കൊൽക്കത്ത പരുങ്ങി.

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് നിതീഷ് റാണ തകർത്തടിച്ചു. വൈകാതെ താരം അർധ സെഞ്ച്വറി നേടി. റസ്സലിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ റിങ്കു സിങ് വന്നതോടെ കൊൽക്കത്തയ്ക്ക് പ്രതീക്ഷ കൈവന്നു. 16 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 159-ൽ എത്തിച്ചു. ഇതോടെ അവസാന നാലോവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 70 റൺസായി ചുരുങ്ങി.

എന്നാൽ നടരാജൻ എറിഞ്ഞ 17ാം ഓവറിലെ മൂന്നാം പന്തിൽ നിതീഷ് റാണ പുറത്തായത് കൊൽക്കത്തയെ വീണ്ടും പിന്നോട്ടടിച്ചു. 41 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 75 റൺസെടുത്ത റാണയെ വാഷിങ്ടൺ സുന്ദർ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ കൊൽക്കത്ത വീണ്ടും പ്രതിരോധത്തിലായി. ആ ഓവറിൽ 12 റൺസാണ് പിറന്നത്.

റാണയ്ക്ക് പകരം ശാർദൂൽ ഠാക്കൂറാണ് ക്രീസിലെത്തിയത്. അവസാന മൂന്നോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 58 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഭുവനേശ്വർ എറിഞ്ഞ 18ാം ഓവറിൽ വെറും ഒൻപത് റൺസ് മാത്രമാണ് പിറന്നത്. ഇതോടെ സൺറൈസേഴ്‌സിന് മേൽക്കൈ വന്നു. 19ാം ഓവറിൽ 16 റൺസ്ന്നു പിറന്നു. ഇതോടെ അവസാന ഓവറിൽ 32 റൺസായി കൊൽക്കത്തയുടെ വിജയ ലക്ഷ്യം. 

അതിനിടെ റിങ്കു സിങ് വെറും 27 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി നേടി. പിന്നാലെ ശാർദുൽ മടങ്ങി. ഉമ്രാൻ മാലിക്കാണ് താരത്തെ മടക്കിയത്. ശാർ​ദുൽ 12 റൺസാണ് സ്വന്തമാക്കി. 

അവസാന ഓവറിൽ എട്ട് റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. റിങ്കു സിങ് 31 പന്തുകളിൽ നിന്ന് 58 റൺസെടുത്തും ഉമേഷ് യാദവ് ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു. നാല് വീതം സിക്സും ഫോറും സഹിതമാണ് റിങ്കു 58ൽ എത്തിയത്. 

സൺറൈസേഴ്‌സിനായി മായങ്ക് മാർക്കണ്ഡെയും മാർക്കോ യാൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്, നടരാജൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി കൊൽക്കത്ത ബൗളിങ് തിര‍ഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്‌കോർ പടുത്തുയർത്തി കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ സൺറൈസേഴ്‌സ് അക്ഷരാർഥത്തിൽ ഉദിച്ചുയർന്നു. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്‌സ് 228 റൺസ് നേടി. ഈ ഐപിഎൽ സീസണിലെ അദ്യ സെഞ്ച്വറി ഹാരി ബ്രൂക്ക് തന്റെ പേരിലെഴുതി. 52 പന്തുകളിൽ നിന്നാണ് ബ്രൂക്ക് സെഞ്ച്വറി നേടിയത്. 

തുടക്കത്തിൽ രണ്ട് വിക്കറ്റ് വീണെങ്കിലും സൺറൈസേഴ്‌സിന്റെ മുന്നേറ്റത്തെ തടയാൻ കൊൽക്കത്തൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ഓപ്പണർ ഹാരി ബ്രൂക്ക് ഫോമിലേക്ക് ഉയർന്നതോടെ സൺറൈസേഴ്‌സിന്റെ റൺറേറ്റ് ഉയരാൻ തുടങ്ങി. തകർത്തടിച്ച ബ്രൂക്ക് 52പന്തിൽ നിന്ന് 100 റൺസ് നേടി. 11 ഫോറുകളും 3 സിക്‌സറുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

മായങ്ക് അഗർവാൾ (9), രാഹുൽ ത്രിപാഠി (9)  എന്നിവർക്ക് മാത്രമാണ് ഫോം കണ്ടെത്താനാകാതെ പോയത്. മാർക്രം 26 പന്തിൽ നിന്ന് 50 റൺസ് നേടി. അഭിഷേക് ശർമ 32 റൺസ് നേടി. മാർക്രം രണ്ട് ഫോറും അഞ്ച് സിക്സും പറത്തി. അഭിഷേക് ശർമ മൂന്ന് ഫോറും രണ്ട് സിക്സും തൂക്കി. 

കൊൽക്കത്തയ്ക്കായി ആന്ദ്രെ റസ്സൽ മൂന്ന് വിക്കറ്റ് നേടി. ശേഷിച്ച ഒരു വിക്കറ്റ് വരുൺ ചക്രവർത്തിയും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com