'ഗോളടി യന്ത്രം!'- റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്ക് ഹാളണ്ട്; പ്രീമിയര്‍ ലീഗില്‍  സലയ്‌ക്കൊപ്പം

ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി കിരീട പ്രതീക്ഷയില്‍ മുന്നേറുന്ന ആഴ്‌സണലിന് മൂന്ന് പോയിന്റ് മാത്രം പിന്നില്‍
എര്‍ലിങ് ഹാളണ്ട് / എഎഫ്പി
എര്‍ലിങ് ഹാളണ്ട് / എഎഫ്പി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് ഗോളടിച്ച് റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലെയസ്റ്റര്‍ സിറ്റിക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ഹാളണ്ട് പ്രീമിയര്‍ ലീഗിലെ ഒരു റെക്കോര്‍ഡിനൊപ്പമെത്തി. ഒറ്റ സീസണില്‍ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടത്തിനൊപ്പമാണ് താരമെത്തിയത്. 

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ലെയ്സ്റ്ററിനെ പരാജയപ്പെടുത്തി. ജോണ്‍ സ്‌റ്റോണ്‍സാണ് മറ്റൊരു ഗോളിനവകാശി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി കിരീട പ്രതീക്ഷയില്‍ മുന്നേറുന്ന ആഴ്‌സണലിന് മൂന്ന് പോയിന്റ് മാത്രം പിന്നില്‍. 

ലെയ്സ്റ്ററിനെതിരായ ഇരട്ട ഗോള്‍ താരത്തിന്റെ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ 32ാം ഗോളായിരുന്നു. ലിവര്‍പൂള്‍ താരം മുഹമ്മദ് സലയുടെ റെക്കോര്‍ഡിനൊപ്പമാണ് ഹാളണ്ട് എത്തിയത്. 2017-18 സീസണില്‍ സല 32 ഗോളുകള്‍ നേടിയിരുന്നു.

34 ഗോളുകളാണ് പ്രീമിയര്‍ ലീഗിലെ സിംഗിള്‍ സീസണിലെ ഗോള്‍ റെക്കോര്‍ഡ്. അന്‍ഡ്രു കോള്‍, അലന്‍ ഷിയറര്‍ എന്നിവരുടെ പേരിലാണ് ഈ റെക്കോര്‍ഡ്. ഒരു ടീമിന് 42 മത്സരങ്ങളുള്ള സമയത്താണ് ഇരുവരും ഇത്രയും ​ഗോളുകൾ നേടിയത്.

നിലവില്‍ 38 മത്സരങ്ങളാണ് ഒരു ടീമിന് പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ കളിക്കേണ്ടത്.  38 മത്സരങ്ങളുടെ സീസണിലെ ​ഏറ്റവും കൂടുതൽ ​ഗോളുകളെന്ന റെക്കോർഡാണ് സലയ്ക്കുള്ളത്. ഇതിനൊപ്പമാണ് ഹാളണ്ടും തന്റെ പേര് ചേർത്തത്. 

എട്ട് കളികള്‍ ശേഷിക്കെ പ്രീമിയർ ലീ​ഗിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ​ഗോളുകൾ നേടുന്ന താരമാകാൻ മൂന്ന് ​ഗോളുകളേ താരത്തിന് ആവശ്യമുള്ളു. സിം​ഗിൾ സീസണിലെ എക്കാലത്തേയും മികച്ച ​ഗോൾ വേട്ടക്കാരനാകാനുള്ള അവസരവും നിലവിലെ ഫോം കണക്കാക്കിയാൽ ഹാളണ്ടിനുണ്ട്.

നേരത്തെ ബയേണ്‍ മ്യൂണിക്കിനെതിരായ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ഗോള്‍ നേടി ഹാളണ്ട് മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സിംഗിള്‍ സീസണില്‍ എല്ലാ പോരാട്ടങ്ങളില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രീമിയര്‍ ലീഗ് താരമെന്ന റെക്കോര്‍ഡാണ് നോര്‍വെ താരം സ്വന്തം പേരിലാക്കിയത്. ബയേണിനെതിരായ താരത്തിന്റെ ഈ സീസണിലെ 45ാം ഗോളായിരുന്നു. ലെയസ്റ്ററിനെതിരായ പോരാട്ടത്തോടെ ആ ടാലി 47ല്‍ എത്തി.  

1992ല്‍ ഇംഗ്ലണ്ടിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ പോരാട്ടം പ്രമീയര്‍ ലീഗ് എന്ന പേര് സ്വീകരിച്ച ശേഷമുള്ള കാലത്തെ കണക്കനുസരിച്ചാണ് താരത്തിന് റെക്കോര്‍ഡ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com