2008ല്‍ മക്കെല്ലം... 2023ല്‍ വെങ്കടേഷ് അയ്യര്‍; സെഞ്ച്വറി ഇല്ലാതെ കടന്നു പോയത് 5,476 ദിവസങ്ങള്‍!

അന്ന് മക്കെല്ലം സെഞ്ച്വറി നേടിയ ശേഷം ഇന്ന് വാംഖഡെയില്‍ കളിക്കും വരെ മറ്റൊരു കൊല്‍ക്കത്ത താരവും ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടില്ല
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വെങ്കടേഷ് അയ്യർ
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വെങ്കടേഷ് അയ്യർ

മുംബൈ: ഓര്‍മയുണ്ടോ 2008ലെ പ്രഥമ ഐപിഎല്ലിന്റെ ഉദ്ഘാടന പോരാട്ടം. ഐപിഎല്‍ ചരിത്രത്തിലെ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടിയത്. അന്ന് സ്വപ്‌ന സമാന തുടക്കം നല്‍കിയ ആളാണ് മുന്‍ ന്യൂസിലന്‍ഡ് നായകനും പിന്നീട് കൊല്‍ക്കത്തയുടെ പരിശീലകനുമായി മാറിയ ബ്രെണ്ടന്‍ മക്കെല്ലം. കന്നി ടൂര്‍ണമെന്റിന്റെ കന്നിപ്പോരില്‍ തന്നെ താരം തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. അന്ന് 158 റണ്‍സാണ് മക്കെല്ലം അടിച്ചെടുത്തത്. 

15 സീസണുകള്‍ അതിനു ശേഷം കടന്നു പോയി. അന്ന് മക്കെല്ലം സെഞ്ച്വറി നേടിയ ശേഷം ഇന്ന് വാംഖഡെയില്‍ കളിക്കും വരെ മറ്റൊരു കൊല്‍ക്കത്ത താരവും ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടില്ല. ഒടുവിൽ 15 വര്‍ഷം നീണ്ട കാത്തിരിപ്പിന് ഇന്ന് വെങ്കടേഷ് അയ്യര്‍ സെഞ്ച്വറി നേടി വിരാമമിട്ടു.

കൊല്‍ക്കത്തക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരം! അതിനിടെ മക്കെല്ലത്തിന്റെ സെഞ്ച്വറിക്കും വെങ്കടേഷിന്റെ സെഞ്ച്വറിക്കും ഇടയില്‍ കടന്നു പോയത് 5,476 ദിവസങ്ങള്‍!

49 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. ഒന്‍പത് സിക്‌സും ആറ് ഫോറും സഹിതമായിരുന്നു ശതകം. 51 പന്തില്‍ 104 റണ്‍സാണ് താരം ആകെ അടിച്ചെടുത്തത്. 

മക്കെല്ലം സെഞ്ച്വറി നേടിയതിന് ശേഷം ഏഴ് താരങ്ങള്‍ 90 കടന്നിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. 2019ല്‍ ദിനേശ് കാര്‍ത്തിക് 97 റണ്‍സ് വരെ എത്തിയെങ്കിലും അതും ശതകത്തിലേക്ക് എത്തിയില്ല. ഗൗതം ഗംഭീര്‍ രണ്ട് തവണ 90, 93 എന്നിങ്ങനെ സ്‌കോര്‍ ചെയ്‌തെങ്കിലും ശതക ഭാഗ്യമുണ്ടായില്ല. മനീഷ് പാണ്ഡെ (94), ക്രിസ് ലിന്‍ (93), മന്‍വീന്ദര്‍ ബിസ്ല (92), സൗരവ് ഗാംഗുലി (91) എന്നിവരാണ് 90 കടന്ന മറ്റ് താരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com