'ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ല, രോഹിത് ഒരു മാസം ഡിപ്രഷനിലായിരുന്നു'- വെളിപ്പെടുത്തല്‍

അദ്ദേഹവുമായി സംസാരിച്ചതിന്റെ അനുഭവം ഒരു മാധ്യമത്തോട് പങ്കിടുകയായിരുന്നു ജെമിമ
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റിലെ ലോകത്തെ എണ്ണം പറഞ്ഞ ബാറ്ററാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 2011ലെ ലോകകപ്പില്‍ പക്ഷേ രോഹിത് ശര്‍മയ്ക്ക് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. അതിന്റെ നിരാശയില്‍ താരം ഏതാണ്ട് ഒരു മാസത്തോളം ഡിപ്രഷന്‍ അവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ വനിതാ താരം ജെമിമ റോഡ്രിഗസ്. അദ്ദേഹവുമായി സംസാരിച്ചതിന്റെ അനുഭവം ഒരു മാധ്യമത്തോട് പങ്കിടുകയായിരുന്നു ജെമിമ. 

'2011ലെ ലോകകപ്പിനുള്ള ടീമില്‍ നിന്നു താങ്കള്‍ ഒഴിവാക്കപ്പെട്ടു. 10 വര്‍ഷമൊക്കെ കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. ഇന്ന് നിങ്ങള്‍ ഇന്ത്യയുടെ നായകനാണ്. അന്ന് ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് ചിന്തിച്ചിരുന്നോ. ഇല്ല എന്നായിരുന്നു രോഹിതിന്റെ മറുപടി'- ജെമിമ വെളിപ്പെടുത്തി. 

അന്നത്തെ തന്റെ അവസ്ഥയെക്കുറിച്ച് ജെമിമയോട് രോഹിത് പറയുന്നു- 'അന്ന് ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ടപ്പോള്‍ പലരും എന്നെ ആശ്വസിപ്പിച്ചു. പക്ഷേ ആര്‍ക്കും എന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നുണ്ടായിരുന്നില്ല. യുവരാജ് സിങ് മാത്രമാണ് എന്റെ അടുത്തു വന്നത്. അദ്ദേഹം എന്നെ പുറത്തു കൊണ്ടുപോയി. ഞങ്ങള്‍ ഒരുമിച്ച് അത്താഴം കഴിച്ചു. ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ടതിന്റെ നിരാശയില്‍ ഞാന്‍ ഏതാണ്ട് ഒരു മാസക്കാലം ഡിപ്രഷനിലായിരുന്നു- അദ്ദേഹം പറഞ്ഞു. 

'ലോകകപ്പ് കളിക്കുക എന്നത് ഒരു സ്വപ്‌നമാണ്. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ എനിക്ക് കരച്ചില്‍ വന്നു'- ജെമിമ പറഞ്ഞു. 

ഇത്തരം അവസ്ഥകളെ മറികടക്കാനുള്ള വഴികളും രോഹിത് ജെമിമയുമായി പങ്കിടുന്നു- 'ദുഷ്‌കരമായ ഇത്തരം സമയങ്ങളിലൂടെ നാം കടന്നു പോകേണ്ടി വരും. അതിനെ മറികടന്നു അടുത്തതായി ചെയ്യേണ്ടത് എന്താണ് എന്നു സ്വയം പറഞ്ഞുറപ്പിക്കുക. അവസരം കിട്ടുമ്പോള്‍ നിങ്ങള്‍ അത്മവിശ്വാസത്തോടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുക. ആസ്വദിച്ച് കളിക്കുക. മറ്റുള്ളവര്‍ക്ക് മുന്നില്‍ എന്തെങ്കിലും തെളിയിക്കാന്‍ ശ്രമിക്കേണ്ടതില്ല'- രോഹിത് പറഞ്ഞു. 

പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങുമ്പോവും ടെസ്റ്റ് ടീമിലേക്ക് രോഹിത് സമീപ കാലത്താണ് എത്തുന്നത്. 49 ടെസ്റ്റില്‍ 3379 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 243 മത്സരങ്ങള്‍ കളിച്ച് 9825 റണ്‍സ് അടിച്ചെടുത്തു. 148 ടി20 മത്സരങ്ങളില്‍ നിന്ന് 3853 റണ്‍സ് സമ്പാദ്യം. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ അപൂര്‍വ താരങ്ങളില്‍ ഒരാളാണ് രോഹിത്. 

ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും താരത്തിന് സ്വന്തം. 2014ല്‍ ശ്രീലങ്കക്കെതിരെ 264 റണ്‍സ് അടിച്ചെടുത്താണ് താരം റെക്കോര്‍ഡിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com