വമ്പന്‍ ഏകദിന ത്രില്ലര്‍! ഡാരില്‍ മിച്ചലിന്റെ 129ന് ഫഖര്‍ സമാന്റെ 180 മറുപടി; കിവികളെ അടിച്ചു പറത്തി പാകിസ്ഥാന്‍

പാക് ക്രിക്കറ്റ് ഏകദിന ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇത്രയും വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്
ഫഖര്‍ സമാൻ/ ട്വിറ്റർ
ഫഖര്‍ സമാൻ/ ട്വിറ്റർ

ഇസ്ലാമബാദ്: ത്രില്ലര്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍. ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും അവര്‍ വിജയം പിടിച്ചെടുത്തു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ പടുകൂറ്റന്‍ ലക്ഷ്യത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് പാകിസ്ഥാന്റെ വിജയം. ഏഴ് വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ 2-0ത്തിന് മുന്നിലെത്തി. പാക് ക്രിക്കറ്റ് ഏകദിന ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇത്രയും വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്. 

ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ചു. 48.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 337 അടിച്ചെടുത്താണ് പാക് ജയം. 

144 പന്തില്‍ 17 ആറ് സിക്‌സും സഹിതം 180 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ ഫഖര്‍ സമാന്റെ ഉജ്ജ്വല ബാറ്റിങ് പാക് ജയം അനായാസമാക്കി. ക്യാപ്റ്റന്‍ ബാബര്‍ അസം (65), മുഹമ്മദ് റിസ്വാന്‍ (പുറത്താകാതെ 54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും വിജയത്തില്‍ നിര്‍ണായകമായി. ഇമാം ഉള്‍ ഹഖ് (24), അബ്ദുല്ല ഷഫീഖ് (ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

കിവികള്‍ക്കായി മാറ്റ് ഹെന്റി, ഹെന്റി ഷിപ്‌ലി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ കിവകള്‍ക്കായി ഡാരില്‍ മിച്ചല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി. താരം 119 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 129 റണ്‍സ് വാരി. ക്യാപ്റ്റന്‍ ടോം ലാതത്തിന് രണ്ട് റണ്‍സില്‍ സെഞ്ച്വറി നഷ്ടമായി. താരം 85 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 98 റണ്‍സെടുത്ത് മടങ്ങി. 

ഓപ്പണര്‍ ചാഡ് ബോവ്‌സും അര്‍ധ സെഞ്ച്വറി നേടി. താരം 51 റണ്‍സെടുത്തു. മാര്‍ക് ചാപ്മാന്‍ ഒരു റണ്ണുമായി മടങ്ങി. വില്‍ യങ് (19) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍. ജെയിംസ് നീഷം (17), ഹെന്റി നിക്കോള്‍സ് (ആറ്) പുറത്താകാതെ നിന്നു. 

പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് നസീം ഷാ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com