'ഇതിഹാസ യാത്ര'- ​ഗോൾ വല കാത്തത് 28 വർഷം! 45ാം വയസിൽ ബുഫൺ വിരമിച്ചു

28 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കാലത്തിനാണ് ബുഫണ്‍ അവസാമിടുന്നത്. പാര്‍മയില്‍ തുടങ്ങി പാര്‍മയില്‍ അവസാനിച്ച കരിയര്‍. 28 ട്രോഫികള്‍ ഷോക്കേസിലെത്തിച്ചു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മിലാന്‍: വിഖ്യാത ഗോള്‍ കീപ്പറും ഇറ്റാലിയന്‍ ഇതിഹാസവുമായ ജിയാന്‍ലൂയി ബുഫണ്‍ വിരമിച്ചു. 45ാം വയസിലാണ് താരം കളത്തോടു വിട പറയുകയാണെന്നു പ്രഖ്യാപിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ നീണ്ട ഒരു കരിയര്‍ ഒരു താരത്തിനു അപൂര്‍വമാണ്. സമ്മോഹനമായൊരു ഫുട്‌ബോള്‍ കാലത്തിനാണ് ഇറ്റാലിയന്‍ ഇതിഹാസം തിരശ്ശീല ഇടുന്നത്. 

2006ല്‍ ഫിഫ ലോകകപ്പ്, പത്ത് സീരി എ കിരീടങ്ങള്‍, കോപ്പ ഇറ്റാലിയ, സൂപ്പര്‍ കോപ്പ് ഇറ്റലിയാന, യുവേഫ സൂപ്പര്‍ കപ്പ്, ലീഗ് വണ്‍ തുടങ്ങി ഒട്ടനവധി കിരീട നേട്ടങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കുന്നതായി വെളിപ്പെടുത്തിയത്. 1100നു മുകളില്‍ മത്സരങ്ങള്‍ ഇറ്റലിക്കും വിവിധ ക്ലബുകള്‍ക്കുമായി താരം കളിച്ചു.

പ്രിയപ്പെട്ടവരെ നിങ്ങള്‍ എനിക്ക് എല്ലാം തന്നു, ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തന്നു, നമ്മള്‍ ഒരുമിച്ചു നിന്ന് അതെല്ലാം നേടിയെടുത്തു- അദ്ദേഹം ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു. കളത്തിലെ ചില നിമിഷങ്ങള്‍ ഉള്‍പ്പെടുന്ന തന്റെ വീഡിയോ പങ്കിട്ടായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 

28 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കാലത്തിനാണ് ബുഫണ്‍ അവസാമിടുന്നത്. പാര്‍മയില്‍ തുടങ്ങി പാര്‍മയില്‍ അവസാനിച്ച കരിയര്‍. 28 ട്രോഫികള്‍ ഷോക്കേസിലെത്തിച്ചു. 

1995മുതല്‍ 2001 വരെ അദ്ദേഹം പാര്‍മയിലായിരുന്നു. 2001ല്‍ യുവന്റസിലെത്തി. 17 വര്‍ഷമാണ് അദ്ദേഹം യുവന്റസിനായി വല കാത്തത്. പിന്നീട് ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നില്‍. ഒറ്റ സീസണ്‍ മാത്രം കളിച്ച് അദ്ദേഹം വീണ്ടും ടൂറിനില്‍ തിരിച്ചെത്തി. യുവന്റസിനൊപ്പം രണ്ട് സീസണ്‍ കൂടി. പിന്നാലെ 2021ല്‍ വീണ്ടും പാര്‍മയില്‍ തിരിച്ചെത്തി. 

യുവന്റസിനായി 500നു മുകളില്‍ മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. യുവന്റസ് ടീം പ്രതിസന്ധിയിലായപ്പോഴും താരം ടീമിനൊപ്പം നിന്നു. സീരി എയില്‍ ടീം സീരി ബിയിലേക്ക് തരംതാഴ്ത്തല്‍ നേരിട്ടപ്പോള്‍ വല കാക്കാന്‍ ബുഫണ്‍ തന്നെയായിരുന്നു. പിന്നീട് ടീമിനെ സീരി എയിലേക്ക് എത്തിക്കുന്നതിലും താരം നിര്‍ണായകമായി. 

നാളെയുടെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കളത്തിലെ മാന്യമായ പെരുമാറ്റം എങ്ങനെയാവണം എന്നതിന്റെ പാഠ പുസ്തകമാണ് ബുഫണ്‍. എല്ലാ സമയത്തും മികവോടെ കളിച്ച ഒരു താരം. എല്ലാ സമയത്തും സഹ താരങ്ങളോടും എതിര്‍ താരങ്ങളോടും സൗമ്യമായ ഇടപെടല്‍ നടത്തിയ ബുഫണ്‍ ഒരു തലമുറയുടെ മുഴുവന്‍ പ്രചോദനം കൂടിയായിരുന്നു. നായകനെന്ന നിലയിലും താരമെന്ന നിലയിലും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com