ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍; കരാര്‍ അംഗീകരിച്ച് ടോട്ടനം

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സലോണയിലേക്ക് പോയ ശേഷം ബയേണ്‍ മികവുറ്റ സ്‌ട്രൈക്കര്‍ക്കായുള്ള തിരച്ചിലിലായിരുന്നു
ഹാരി കെയ്ന്‍/ എഎഫ്പി
ഹാരി കെയ്ന്‍/ എഎഫ്പി

ലണ്ടന്‍: ആഴ്ചകളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വിരാമം. ഇംഗ്ലണ്ട് നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്ന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിലേക്ക്. ബയേണ്‍ മുന്നോട്ടു വച്ച 100 മില്യണ്‍ യൂറോ (ഏതാണ്ട് 912 കോടി ഇന്ത്യന്‍ രൂപ) യുടെ തുക ടോട്ടനം ഹോട്‌സ്പര്‍ അംഗീകരിച്ചതോടെയാണ് ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. 

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സലോണയിലേക്ക് പോയ ശേഷം ബയേണ്‍ മികവുറ്റ സ്‌ട്രൈക്കര്‍ക്കായുള്ള തിരച്ചിലിലായിരുന്നു. എറിക് മാക്‌സിം ചൗപോ മോട്ടിങ് മികച്ച മുന്നേറ്റ താരമാണെങ്കിലും താരത്തിനു പരിക്കേല്‍ക്കുന്നത് ബയേണിനു വലിയ തലവേദനയായി നിന്നിരുന്നു. മാത്രമല്ല ലെവന്‍ഡോസ്‌കിയുടെ മികവും താരത്തിനു അവകാശപ്പെടാനുണ്ടായിരുന്നില്ല. 

ഈ ട്രാന്‍സ്ഫര്‍ സീസണില്‍ കൊണ്ടു പിടിച്ച ശ്രമമാണ് കെയ്‌നിനെ ടീമിലെത്തിക്കാന്‍ ബയേണ്‍ നടത്തിയത്. അവര്‍ നേരത്തെ മുന്നോട്ടു വച്ച തുകകളെല്ലാം ടോട്ടനം നിരസിച്ചിരുന്നു. 

ടോട്ടനവുമായുള്ള കെയ്‌നിന്റെ കരാര്‍ ഒരു വര്‍ഷം കൂടിയെ ഉള്ളു. അതിനിടെ ഈ സീസണില്‍ ടീം വിടാന്‍ ഇംഗ്ലീഷ് നായകനും ആഗ്രഹിച്ചിരുന്നു. അതോടെയാണ് ബയേണ്‍ നീക്കം ഊര്‍ജിതമാക്കിയത്. 

2011 മുതല്‍ ടോട്ടനത്തിനായി കളിക്കുന്ന കെയ്ന്‍ പല ടീമുകള്‍ക്കായും പിന്നീട് ലോണിലടക്കം കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു സീസണുകളിലായി താരം ടോട്ടനത്തിന്റെ നിര്‍ണായക താരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിക്ക സീസണിലും 30നു മുകളില്‍ ഗോളുകള്‍ നേടാനും കെയ്‌നിനു സാധിക്കാറുണ്ട്. 

എന്നാല്‍ 300നു മുകളില്‍ മത്സരങ്ങള്‍ ടോട്ടനത്തിനായി കളിച്ചെങ്കിലും ഇന്നുവരെ ഒരു കിരീട നേട്ടവും താരത്തിനു അവകാശപ്പെടാനുണ്ടായിരുന്നില്ല. 30ാം വയസിലെത്തിയിട്ടും കിരീട നേട്ടങ്ങള്‍ കാര്യമായി ഇല്ലാത്തതും താരത്തെ ജര്‍മനിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. 

ഈ മാസം 12നു ബുണ്ടസ് ലീഗ പോരാട്ടത്തിനു മുന്നോടിയായി നടക്കുന്ന ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബയേണ്‍ ലെയ്പ്‌സിഗുമായി ഏറ്റുമുട്ടാനിരിക്കുകയാണ്. ഈ മത്സരത്തില്‍ തന്നെ താരം ബയേണിനായി അരങ്ങേറ്റം കുറിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com