മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ വംശജരെ ദേശീയ ടീമിലെത്തിക്കാൻ നീക്കം! വമ്പൻ പദ്ധതികളുമായി എഐഎഫ്എഫ്

പഞ്ചാബ് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ സമീർ ഥാപറാണ് സമിതിയുടെ തലവൻ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മികച്ച ഫോമിലൂടെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം കടന്നു പോകുന്നത്. ഇന്റർ കോണ്ടിനന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും കിരീടം നേടിയ ഇന്ത്യ ഫിഫ റാങ്കിങിലും നേട്ടം സ്വന്തമാക്കി. പിന്നാലെ ശ്രദ്ധേയമായൊരു നീക്കവുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ വംശജരായ താരങ്ങളെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാനുള്ള നീക്കമാണ് എഐഎഫ്എഫ് ഊർജിതമാക്കിയത്. 

2026ലെ ലോകകപ്പ് ഫുട്ബോൾ കളിക്കാൻ ഇന്ത്യ കഠിന പരിശ്രമത്തിലാണ്. ഇതിന്റെ ഭാ​ഗമായി ടീമിനെ ശക്തിപ്പെടുത്തുകയാണ് എഐഎഫ്എഫ് ലക്ഷ്യം വയ്ക്കുന്നത്. ഈ പദ്ധതിയുടെ ഭാ​ഗമായാണ് ഇന്ത്യൻ വംശജരെ ദേശീയ ടീമിനായി കളിപ്പിക്കാനുള്ള നീക്കം. മറ്റ് രാജ്യങ്ങളിലുള്ള ഇന്ത്യൻ വംശജരെ ടീമിലെത്തിക്കുന്നത് പരിശോധിക്കാൻ ഒരു സമിതിയെ ഫെഡറേഷൻ നിയോ​ഗിച്ചു. 

വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ താരങ്ങളായ ഇന്ത്യൻ വംശജർ, ഇന്ത്യൻ ഓവർസീസ് സിറ്റിസൺസ് എന്നിവരുടെ പട്ടിക തയ്യാറാക്കുക, അവരെ ഇന്ത്യയിലെത്തിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക, അവരുടെ വിവരങ്ങൾ ക്രോഡീകരിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകൾ. പഞ്ചാബ് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ സമീർ ഥാപറാണ് സമിതിയുടെ തലവൻ. മറ്റ് അം​ഗങ്ങളെ ഉടൻ പ്രഖ്യാപിക്കും. 2024 ജനുവരി 31ന് ഉള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം. 

നിലവിൽ ഇന്ത്യൻ വംശജരാണെങ്കിലും അവർക്ക് ദേശീയ ടീമിൽ കളിക്കാൻ സാധിക്കില്ല. ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് മാത്രമാണ് ടീമിൽ കളിക്കാൻ അവസരം ലഭിക്കുക. അവർക്ക് പൗരത്വം നൽകി ടീമിൽ കളിപ്പിക്കാൻ കഴിയുമോ എന്നതടക്കമുള്ള നിർണായക പരിശോധനകൾക്കാണ് എഐഎഫ്എഫ് തുടക്കമിട്ടിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com