വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ലോകകപ്പ് കളിക്കാന്‍ ബെന്‍ സ്റ്റോക്‌സ്? നഷ്ടം ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ഇംഗ്ലണ്ടിനായി 105 ഏകദിന മത്സരങ്ങള്‍ കളിച്ച താരമാണ് സ്‌റ്റോക്‌സ്. 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ടെസ്റ്റ് ക്യാപ്റ്റന്‍ അവസാനമായി ഏകദിനം കളിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കും. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് താരം പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ബെന്‍ സ്‌റ്റോക്‌സ് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇംഗ്ലണ്ടിനായി 105 ഏകദിന മത്സരങ്ങള്‍ കളിച്ച താരമാണ് സ്‌റ്റോക്‌സ്. 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ടെസ്റ്റ് ക്യാപ്റ്റന്‍ അവസാനമായി ഏകദിനം കളിച്ചത്. പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ടി20 മത്സരങ്ങളിലും താരം ഇംഗ്ലണ്ടിനായി കളത്തിലിറങ്ങുന്നില്ല. 

പരിമിത ഓവര്‍ ക്യാപ്റ്റനായ ജോസ് ബട്‌ലര്‍ ആവശ്യപ്പെട്ടാല്‍ താരം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലണ്ടിനായി ഏകദിന പോരാട്ടം കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈയടുത്ത് ആഷസ് പോരാട്ടത്തിനു തൊട്ടുമുന്‍പ് മൊയീന്‍ അലിയെ സ്റ്റോക്‌സ് മെസേജ് അയച്ച് ടീമിലേക്ക് മടക്കി എത്തിച്ചിരുന്നു. ടെസ്റ്റില്‍ നിന്നു വിരമിച്ചതായിരുന്നു അലി. എന്നാല്‍ തീരുമാനം പിന്‍വലിച്ച് ടീമിനൊപ്പം ചേരാന്‍ സ്റ്റോക്‌സ് ആവശ്യപ്പെടുകയായിരുന്നു. സമാന സാഹചര്യമാണ് നിലവില്‍ സ്റ്റോക്‌സിനു മുന്നിലുള്ളത്. 

2019ല്‍ ഇംഗ്ലണ്ടിനു കന്നി ഏകദിന ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് സ്റ്റോക്‌സ്. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ സ്‌റ്റോക്‌സായിരുന്നു. 98 പന്തില്‍ 84 റണ്‍സുമായി സ്റ്റോക്‌സ് പുറത്താകാതെ നിന്നു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും താരം തന്നെ. 

അതേസമയം സ്‌റ്റോക്‌സ് കാല്‍മുട്ടിനു പരിക്കേറ്റ് വിശ്രമത്തിലാണ്. താരത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ട്. ലോകകപ്പ് ടീമിലേക്ക് എത്തിയാല്‍ താരം ശസ്ത്രക്രിയ മാറ്റി വച്ചേക്കും. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി താരം കളിക്കാന്‍ തീരുമാനിച്ചാല്‍ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനു അതു നഷ്ടമാണ്. 2024ലെ ഐപിഎല്‍ നടക്കുമ്പോഴായിരിക്കും താരം ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ഇംഗ്ലണ്ടിനായി ലോകകപ്പ് കളിച്ചാല്‍ സ്റ്റോക്‌സ് ഐപിഎല്‍ കളിക്കില്ലെന്നു ചുരുക്കം. 

കോടികള്‍ മുടക്കി ചെന്നൈ സ്‌റ്റോക്‌സിനെ ടീമിലെത്തിച്ചെങ്കിലും കഴിഞ്ഞ സീസണില്‍ കാര്യമായി തിളങ്ങാന്‍ താരത്തിനു സാധിച്ചില്ല. പിന്നാലെയാണ് അടുത്ത സീസണിലെ സ്‌റ്റോക്‌സിന്റെ സാന്നിധ്യവും ചോദ്യ ചിഹ്നത്തിലാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com