26ാം വയസില്‍ വാനിന്ദു ഹസരങ്ക ടെസ്റ്റ് മതിയാക്കി; ഇനി ഏകദിനവും ടി20യും മാത്രം കളിക്കും

ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി കളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ടെസ്റ്റ് മതിയാക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സ്റ്റാര്‍ സ്പിന്നർ വാനിന്ദു ഹസരങ്ക. ക്രിക്കറ്റിന്റെ ലോങ് ഫോര്‍മാറ്റില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം 26ാം വയസില്‍ തന്നെ താരം എടുക്കുകയായിരുന്നു. ഹസരങ്കയുടെ തീരുമാനം ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു. 

പരിമിത ഓവര്‍ ക്രിക്കറ്റില്‍ മിന്നും ഫോമില്‍ പന്തെറിയുന്ന താരമാണ് ലെഗ് സ്പിന്നറായ ഹസരങ്ക. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി കളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ടെസ്റ്റ് മതിയാക്കുന്നത്. 

നാല് ടെസ്റ്റുകള്‍ മാത്രമാണ് താരം ഇതുവരെ ലങ്കക്കായി കളിച്ചത്. 2020ലായിരുന്നു അരങ്ങേറ്റം. അവസാനമായി താരം ലങ്കന്‍ ജേഴ്‌സിയില്‍ ടെസ്റ്റ് കളിച്ചത് 2021 ഓഗസ്റ്റിലും. സമീപ കാലത്ത് ശ്രീലങ്കയുടെ ടെസ്റ്റ് പദ്ധതികളിലൊന്നും ഹസരങ്ക ഉള്‍പ്പെട്ടിരുന്നില്ല. 

2017ല്‍ പരിമത ഓവര്‍ ക്രിക്കറ്റില്‍ ലങ്കക്കായി അരങ്ങേറിയ താരം അന്ന് മുതല്‍ ലങ്കയുടെ ഏകദിന, ടി20 ടീമുകളിലെ നിര്‍ണായക താരമാണ്. 48 ഏകദിന മത്സരങ്ങളും 58 ടി20 മത്സരങ്ങളും താരം ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റണ്‍സും രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി നേടി. 

യോഗ്യതാ പോരാട്ടം കളിച്ചാണ് ശ്രീലങ്ക ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനു സ്ഥാനം നേടിയത്. നിര്‍ണായക പങ്കാണ് ഈ പോരാട്ടത്തില്‍ ഹസരങ്ക വഹിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരവും ഹസരങ്ക തന്നെ. യോഗ്യതാ ടൂര്‍ണമെന്റില്‍ താരം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് വാനിന്ദു ഹസരങ്ക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com