ചാമ്പ്യന്‍സ് ലീഗിനു പിന്നാലെ... സെവിയ്യയെ വീഴ്ത്തി 'സൂപ്പര്‍' മാഞ്ചസ്റ്റര്‍ സിറ്റി 

നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് സിറ്റി വിജയം പിടിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഏഥന്‍സ്: കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനു പിന്നാലെ യുവേഫ സൂപ്പര്‍ കപ്പ് കിരീടവും സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരായ സെവിയ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് സിറ്റിയുടെ കിരീട ധാരണം. 

നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് സിറ്റി വിജയം പിടിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ ആഴ്‌സലിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സിറ്റി പരാജയപ്പെട്ടിരുന്നു. അതിന്റെ ക്ഷീണം മാറ്റാനും ഈ കീരടത്തിലൂടെ അവര്‍ക്കായി.

കളി തുടങ്ങി 25ാം മിനിറ്റില്‍ തന്നെ സെവിയ്യ സിറ്റിയെ ഞെട്ടിച്ചു. യൂസഫ് എന്‍ നെസിരിയുടെ ഹെഡ്ഡര്‍ അവര്‍ക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനുള്ള സിറ്റിയുടെ ശ്രമങ്ങള്‍ പക്ഷേ വിജയിച്ചില്ല. 

രണ്ടാം പകുതിയിലും സിറ്റി കടുത്ത ആക്രമണം നടത്തി. ഒടുവില്‍ സിറ്റി സമനില പിടിച്ചു. 63ാം മിനിറ്റില്‍ യുവ താരം കോള്‍ പാല്‍മറാണ് സിറ്റിക്ക് സമനില സമ്മാനിച്ചത്. പിന്നീട് മത്സരത്തില്‍ ഗോള്‍ പിറന്നില്ല. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എര്‍ലിങ് ഹാളണ്ട്, ആല്‍വരെസ്, കോവാസിച്, ഗ്രീലിഷ്, വാല്‍കര്‍ എന്നിവര്‍ സിറ്റിക്കായി പന്ത് വലയിലെത്തിച്ചു. ഒക്കാംപസ്, മിര്‍, റാകിറ്റിച്, മോണ്ടിയല്‍ എന്നിവര്‍ സെവിയ്യക്കായും ലക്ഷ്യം കണ്ടു. എന്നാല്‍ അവസാന കിക്കെടുത്ത സെര്‍ബിയന്‍ താരം നെമന്‍ജ ഗുഡല്‍ജിനു ലക്ഷ്യം കാണാന്‍ സാധിച്ചില്ല. സിറ്റി 5-4നു കിരീടം ഉറപ്പിച്ചു. 

കിരീടം നേടിയതിനു പിന്നാലെ സിറ്റി കോച്ച് പെപ് ഗെര്‍ഡിയോള ചില റെക്കോര്‍ഡുകളും സ്വന്തമാക്കി. 2016ല്‍ സിറ്റി മാനേജരായ സിറ്റിയിലെത്തിയ ശേഷം ടീം നേടുന്ന 15ാം കിരീടമാണിത്. 

കാര്‍ലോ ആന്‍സലോട്ടിക്കു ശേഷം സൂപ്പര്‍ കപ്പ് നാല് തവണ സ്വന്തമാക്കുന്ന മാനേജരായി പെപ് മാറി. 2009, 2011 വര്‍ഷങ്ങളില്‍ ബാഴ്‌സലോണയ്‌ക്കൊപ്പവും 2013ല്‍ ബയേണ്‍ മ്യൂണിക്കിനൊപ്പവും പെപ് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com