'ചഹലിനേക്കാള്‍ മികച്ച സ്പിന്നര്‍ ഇന്ത്യയില്‍ ഇല്ല, ടീമില്‍ അനിവാര്യമായി വേണ്ട താരം'- ഹര്‍ഭജന്‍

'ലോകകപ്പ് ഇന്ത്യന്‍ മണ്ണിലാണ്. അതിനാല്‍ നിര്‍ബന്ധമായും ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തണം. അതു സംഭവിക്കുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. ശ്രദ്ധേയരായ ചില താരങ്ങളുടെ അസാന്നിധ്യമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ഇപ്പോഴിതാ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ടീമിലുള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ സ്പിന്നറും മുന്‍ താരവുമായ ഹര്‍ഭജന്‍ സിങ്. 

നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ചഹലിനെ പോലെ മികവുള്ള സ്പിന്നര്‍ വേറെയില്ലെന്നു ഹര്‍ഭജന്‍ വ്യക്തമാക്കി. അദ്ദേഹം നൈസര്‍ഗികമായി തന്നെ ലെഗ് സ്പിന്നറാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
 
'ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ഞാന്‍ കാണുന്ന പ്രധാന പോരായ്മ യുസ്വേന്ദ്ര ചഹലിന്റെ അഭാവമാണ്. ഈ ടീമില്‍ ഏറ്റവും അനിവാര്യമായി ഉള്‍പ്പെടുത്തേണ്ടിയിരുന്ന താരം ചഹലായിരുന്നു. പന്ത് തിരിക്കാന്‍ കഴിയുന്ന നൈസര്‍ഗിക ലെഗ് സ്പിന്നറാണ് അദ്ദേഹം. യഥാര്‍ഥ സ്പിന്നറെ കുറിച്ചാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ചഹലിനേക്കാള്‍ മികച്ചൊരു സ്പിന്നര്‍ നിലവില്‍ ഇന്ത്യയില്‍ ഇല്ല.'

'അവസാന ചില മത്സരങ്ങള്‍ ചഹലിനെ സംബന്ധിച്ചു മികച്ചതായിരുന്നില്ല. സമ്മതിക്കുന്നു. എന്നാല്‍ അതിനര്‍ഥം അദ്ദേഹം മോശം ബൗളറാണെന്നല്ല.' 

'ലോകകപ്പ് ഇന്ത്യന്‍ മണ്ണിലാണ്. അതിനാല്‍ നിര്‍ബന്ധമായും ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തണം. അതു സംഭവിക്കുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിനു മുന്നില്‍ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ഞാന്‍ കരുതുന്നു. അദ്ദേഹം തീര്‍ച്ചയായും മാച്ച് വിന്നറാണ്. ടീമിലുണ്ടായിരുന്നെങ്കില്‍ ചഹലിനു ആത്മവിശ്വാസം നിലനിര്‍ത്താനുള്ള അവസരമുണ്ടായിരുന്നു. തിരിച്ചു വരുന്ന ഒരു താരത്തിനു മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദമുണ്ടാകും'- ഹര്‍ഭജന്‍ വ്യക്തമാക്കി. 

ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം പിടിച്ച ഏക സ്പിന്നര്‍ കുല്‍ദീപ് യാദവ് മാത്രമാണ്. സമീപ കാലത്തു ചഹലിന്റെ പ്രകടനം മികച്ചതായിരുന്നില്ല. കുല്‍ദീപ് വിന്‍ഡീസ് മണ്ണില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. വിന്‍ഡീസിനെതിരായ ടി20യില്‍ പക്ഷേ ചഹലിനു തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് കുല്‍ദീപ് സ്ഥാനം നിലനിര്‍ത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com