ജൂത പാരമ്പര്യത്തിന്റെ 'കണ്ണി ചേരല്‍'- വല കാക്കാന്‍ ഡാനിയേല്‍ പെരറ്റ്‌സ്; ബയേണ്‍ മ്യൂണിക്കിലെത്തുന്ന ആദ്യ ഇസ്രേയല്‍ താരം

പരിക്കിനെ തുടര്‍ന്നു ദീര്‍ഘ നാളായി പുറത്തിരിക്കുന്ന ക്ലബ് ക്യാപ്റ്റന്‍ മാനുവല്‍ നൂയര്‍ തിരിച്ചെത്താന്‍ വൈകുന്ന സാഹചര്യത്തിലാണ് പുതിയ സൈനിങ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് പുതിയ ഗോള്‍ കീപ്പറെ ടീമിലെത്തിക്കുന്നു. ഇസ്രേയല്‍ യുവ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ പെരറ്റ്‌സിനെയാണ് ബാവേറിയന്‍ കരുത്തര്‍ പാളയത്തിലെത്തിക്കുന്നത്. അഞ്ച് വര്‍ഷ കരാറിലാണ് 23കാരന്‍ ടീമിലെത്തുന്നത്. ജര്‍മന്‍ വമ്പന്‍മാര്‍ക്കായി കളിക്കുന്ന ആദ്യ ഇസ്രേയല്‍ താരമെന്ന ചരിത്ര നേട്ടവും താരത്തിനു സ്വന്തമാകും. ഫാബ്രിസിയോ റൊമാനോയാണ് താരത്തിന്റെ വരവ് വ്യക്തമാക്കി വിവരങ്ങള്‍ പുറത്തുവിട്ടത്.

പരിക്കിനെ തുടര്‍ന്നു ദീര്‍ഘ നാളായി പുറത്തിരിക്കുന്ന ക്ലബ് ക്യാപ്റ്റന്‍ മാനുവല്‍ നൂയര്‍ തിരിച്ചെത്താന്‍ വൈകുന്ന സാഹചര്യത്തിലാണ് പുതിയ സൈനിങ്. കഴിഞ്ഞ സീസണില്‍ നൂയറുടെ അഭാവത്തില്‍ നമ്പര്‍ വണ്‍ സ്‌പോട്ടിലേക്ക് യാന്‍ സോമ്മറെ ബയേണ്‍ എത്തിച്ചിരുന്നു. എന്നാല്‍ കരാര്‍ അവസാനിച്ചതോടെ താരം ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനിലേക്ക് ചേക്കേറി. നിലവില്‍ വെറ്ററന്‍ താരം സ്വെന്‍ ഉള്‍റിചാണ് ടീമിന്റെ വല കാക്കുന്നത്. 

മക്കാബി ടെല്‍ അവീവില്‍ നിന്നാണ് പെരറ്റ്‌സിന്റെ വരവ്. ഈ ആഴ്ച അവസാനത്തോടെ താരത്തിന്റെ സൈനിങ് ക്ലബ് ഔദ്യോഗികമായി നടത്തും. പിന്നാലെ മെഡിക്കലും നടക്കും. 

ചരിത്രത്തിന്റെ മറ്റൊരു നിയോ​ഗം

ജൂത പാരമ്പര്യത്തിന്റെ തലമുറ കഴിഞ്ഞുള്ള ഒരു കണ്ണി ചേര്‍ക്കലായും പെരറ്റ്‌സിന്റെ വരവ് ക്ലബിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തും. ക്ലബിനായി കളിക്കുന്ന ആദ്യ ഇസ്രേയല്‍ താരമായി പെരറ്റ്‌സ് മാറുമ്പോള്‍ ചരിത്രത്തിന്റെ മറ്റൊരു നിയോഗവും അവിടെ സാക്ഷാത്കരിക്കപ്പെടുന്നു. 

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജൂത വംശഹത്യ അതിജീവിച്ച് ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ ജൂത പ്രസിഡന്റായി അവരോധിക്കപ്പെട്ട കുര്‍ട്ട് ലാന്‍ഡൗവറാണ് ഇന്നത്തെ നിലയിലേക്ക് ക്ലബിനെ എത്തിച്ചത്. 1901ല്‍ ലാന്‍ഡൗവര്‍ ബയേണില്‍ കളിക്കാരനായി ചേര്‍ന്നു. മൂന്ന് ഘട്ടങ്ങളിലായി പില്‍ക്കാലത്ത് അദ്ദേഹം അധ്യക്ഷ സ്ഥാനത്തിരുന്നു ക്ലബിനെ നയിച്ചു. 

നാസി ഭരണ കാലത്ത് ജൂത വംശജനായതിനാല്‍ അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. പിന്നീട്  ലാന്‍ഡൗവറിനെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാന്‍ നാസി ഭരണകൂടം അനുമതി നല്‍കി. ഒന്നാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു ഈ ആനുകൂല്യം. കുടുംബത്തില്‍ നിന്നു അദ്ദേഹവും മറ്റൊരു ബന്ധുവും മാത്രമാണ് വംശഹത്യയില്‍ നിന്നു രക്ഷപ്പെട്ടത്. പിന്നീട് 1940കളുടെ അവസാനം അദ്ദേഹം ജര്‍മനിയില്‍ തിരിച്ചെത്തി ക്ലബിന്റെ അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്തു.

2015ല്‍ ക്ലബ് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം സ്റ്റേഡിയത്തിനു മുന്നിലെ പ്ലാസക്ക് കുര്‍ട്ട് ലാന്‍ഡൗവര്‍ പ്ലാറ്റ്‌സ് എന്നു പുനര്‍നാമകരണം ചെയ്തിരുന്നു. പിന്നീട് ക്ലബിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com