'ചഹല്‍ തന്ത്രപരമായി പന്തെറിയുന്ന താരം, ഒഴിവാക്കിയത് നിരാശപ്പെടുത്തി'- എബി ഡിവില്ല്യേഴ്‌സ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുമ്പോള്‍ ചഹലും ഡിവില്ല്യേഴ്‌സും സഹ താരങ്ങളായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ് ബര്‍ഗ്: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ല്യേഴ്‌സ്. താരത്തെ ടീമിലെടുക്കാത്തത് വലിയ നിരാശ നല്‍കുന്നതാണെന്നു അദ്ദേഹം വ്യക്തമാക്കി. ചഹലിനു പകരം കുല്‍ദീപ് യാദവിനെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ചഹലിനെ തഴഞ്ഞതിനെ വിമര്‍ശിച്ചിരുന്നു. 

ടീമില്‍ ലെഗ് സ്പിന്നര്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു തന്റെ യു ട്യൂബ് ചാനലിലൂടെയുള്ള ഡിവില്ല്യേഴ്‌സിന്റെ പ്രതികരണം. ടീം തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തങ്ങളുടെ നയം എന്താണെന്നു വ്യക്തമാക്കിയെന്നും ഡിവില്ല്യേഴ്‌സ് പറയുന്നു. ടീമില്‍ ലെഗ് സ്പിന്നര്‍ വേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'ചഹലിനെ ഒഴിവാക്കി ആരെ തിരഞ്ഞെടുക്കണമെന്നു സെലക്ടര്‍മാര്‍ക്ക് ധാരണയുണ്ടായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അവരുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണ്. യുസിയെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ടീമില്‍ ഒരു ലെഗ് സ്പിന്നര്‍ ഉള്ളത് മുന്‍തൂക്കം നല്‍കുന്നതുമാണ്. യുസി എത്രമാത്രം സാമര്‍ത്ഥ്യത്തോടെ പന്തെറിയുമെന്നു ഞങ്ങള്‍ക്കു കൃത്യമായി അറിയാം'- ഡിവില്ല്യേഴ്‌സ് പറഞ്ഞു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുമ്പോള്‍ ചഹലും ഡിവില്ല്യേഴ്‌സും സഹ താരങ്ങളായിരുന്നു. ചഹലിന്റെ അഭാവം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. 

ടീമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതു പരിഗണിച്ചാണ് ചഹലിനെ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. ടീം കോമ്പിനേഷനും താരത്തെ തഴഞ്ഞതിനു കാരണമായി അഗാര്‍ക്കര്‍ പറഞ്ഞു. ചഹലിനൊപ്പം അക്ഷര്‍ പട്ടേലിനേയും ടീമിലേക്ക് പരിഗണിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com