വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ക്രിക്കറ്റിലും റെഡ് കാര്‍ഡ്; ആദ്യ 'ഇര' സുനില്‍ നരെയ്ന്‍! (വീഡിയോ)

നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ത്തില്ലെങ്കിലാണ് ഗ്രൗണ്ടില്‍ തന്നെ റെഡ് കാര്‍ഡ് നടപടി എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്

ഗയാന: ക്രിക്കറ്റില്‍ ആദ്യമായി റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്ന താരമായി മാറി വെസ്റ്റ് ഇന്‍ഡീസ് മിസ്ട്രി സ്പിന്നര്‍ സുനില്‍ നരെയ്ന്‍. നടപ്പ് കരീബിയന്‍ പ്രീമിയര്‍ ലീഗ് സീസണിലാണ് റെഡ് കാര്‍ഡ് കാണിക്കല്‍ ആദ്യമായി ക്രിക്കറ്റില്‍ നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ്- സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്‌സ് പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം. 

നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ത്തില്ലെങ്കിലാണ് ഗ്രൗണ്ടില്‍ തന്നെ റെഡ് കാര്‍ഡ് നടപടി എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. കുറഞ്ഞ ഓവര്‍ നിരക്കിന് ആദ്യമായാണ് ഒരു ലീഗില്‍ ഇത്തരമൊരു നിയമം നടപ്പിലാക്കിയത്. അതിന്റെ ആദ്യ ഇരയായി നരെയ്ന്‍ മാറുകയും ചെയ്തു. ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് താരമാണ് നരെയ്ന്‍. 

18ാം ഓവര്‍ കൃത്യ സമയത്ത് ആരംഭിച്ചില്ലെങ്കില്‍ അധിക ഫീല്‍ഡറില്‍ ഒരാള്‍ 30 യാര്‍ഡ് സര്‍ക്കിളിലേക്ക് മാറണം. 19ാം ഓവറും സമയം പാലിക്കാതെ എറിഞ്ഞാല്‍ രണ്ടാമതൊരു ഫീല്‍ഡര്‍ കൂടി 30 യാര്‍ഡ് സര്‍ക്കിളിലേക്ക് ഇറങ്ങണം. 20ാം ഓവറും സമാന തെറ്റ് ആവര്‍ത്തിച്ചാല്‍ ടീമിലെ ഒരു താരത്തെ ഗ്രൗണ്ടില്‍ നിന്നു ഒഴിവാക്കണം. അതിനാണ് അമ്പയര്‍ ചുവപ്പ് കാര്‍ഡ് കാണിക്കുന്നത്. ഒപ്പം സര്‍ക്കിളിനുള്ളില്‍ ആറ് ഫീല്‍ഡര്‍മാരെ ക്യാപ്റ്റന്‍ വിന്യസിക്കുകയും വേണം. 

ടീമില്‍ നിന്നു ആരാണ് പുറത്തു പോകേണ്ടത് എന്നു ക്യാപ്റ്റനു തീരുമാനിക്കാം. നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് തിരഞ്ഞെടുത്തത് നരെയ്‌നെയായിരുന്നു. കാരണം താരം തന്റെ ബൗളിങ് ക്വാട്ടയായ നാലോവര്‍ എറിഞ്ഞു തീര്‍ത്തിരുന്നു. 24 റണ്‍സ് മാത്രം വഴങ്ങി താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഇതോടെ നൈറ്റ്‌റൈഡേഴ്‌സിന് അവസാന ഓവറില്‍ പത്ത് താരങ്ങള്‍ മാത്രമാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. 

എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ പൊള്ളാര്‍ഡ് അസ്വസ്ഥത പ്രകടിപ്പിച്ചു. പരിഹാസ്യമായ നടപടിയെന്നായിരുന്നു റെഡ് കാര്‍ഡ് കാണിച്ചതിനെ നായകന്‍ വിശേഷിപ്പിച്ചത്. മത്സരത്തില്‍ നൈറ്റ്‌റൈഡേഴ്‌സ് ആറ് വിക്കറ്റിനു വിജയം സ്വന്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com