3 സിക്‌സ്, 4 ഫോര്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ കാമിയോ; 2 റണ്‍സിനു 3 വിക്കറ്റുകള്‍ വീഴ്ത്തി സിജോമോന്‍; കേരളത്തിനു അഞ്ചാം ജയം

ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ വെറും 116 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയ കേരളം വെറും 19.5 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ 121 റണ്‍സെടുത്താണ് വിജയിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ വിജയ കുതിപ്പ് തുടര്‍ന്നു കേരളം. പുതുച്ചേരിക്കെതിരായ പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ആറ് പോരാട്ടങ്ങളില്‍ കേരളത്തിന്റെ അഞ്ചാം ജയമാണിത്. 

ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ വെറും 116 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയ കേരളം വെറും 19.5 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ 121 റണ്‍സെടുത്താണ് വിജയിച്ചത്. 

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കാമിയോ ബാറ്റിങാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. വെറും 13 പന്തില്‍ 35 റണ്‍സാണ് നായകന്‍ ക്ഷണ നേരം കൊണ്ടു വാരിയത്. മൂന്ന് സിക്‌സും നാല് ഫോറും താരം തൂക്കി. 35ല്‍ 34 റണ്‍സും ബൗണ്ടറികളില്‍ നിന്നാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജു പുറത്താകാതെ നിന്നു. 

രോഹന്‍ കുന്നുമ്മല്‍ (23), സച്ചിന്‍ ബേബി (പുറത്താകാതെ 25), വിഷ്ണു വിനോദ് (22) എന്നിവരും തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ എട്ട് റണ്‍സും അബ്ദുല്‍ ബാസിത് അഞ്ച് റണ്‍സും എടുത്തു മടങ്ങി. 

ആദ്യം ബാറ്റ് ചെയ്ത പതുച്ചേരിയെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അഖില്‍ സ്‌കറിയ, സിജോമോന്‍ ജോസഫ് എന്നിവരാണ് തകര്‍ത്തത്. സിജോമോന്‍ മാരകമായി പന്തെറിഞ്ഞു. 3.2 ഓവറില്‍ ഒരു മെയ്ഡനടക്കം വെറും രണ്ട് റണ്‍ മാത്രം വഴങ്ങിയാണ് സിജോമോന്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതത്. ബേസില്‍ തമ്പി രണ്ട് വിക്കറ്റുകളും അഖില്‍ സത്താര്‍ ഒരു വിക്കറ്റും വീഴ്ത്തി. 

ക്യാപ്റ്റന്‍ ഫാബിദ് അഹമ്മദിന്റെ ചെറുത്തു നില്‍പ്പാണ് ടീം സ്‌കോര്‍ 100 കടത്തിയത്. താരം 44 റണ്‍സെടുത്തു. ഓപ്പണര്‍ ആകാഷ് കര്‍ഗാവെ 25 റണ്‍സും സ്വന്തമാക്കി. മറ്രാരും തിളഹ്ങിയില്ല. നാല് താരങ്ങള്‍ സംപൂജ്യരായി മടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com