'വാര്‍ണര്‍ പന്ത് ചുരണ്ടി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തി, ഇയാളാണോ ഹീറോ?'

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ മുഖ്യ കാരണക്കാരനായ ആള്‍ക്ക് എന്തിനാണ് ഇത്തരത്തിലൊരു വിരമിക്കല്‍ അവസരം ഒരുക്കുന്നതെന്നു ജോണ്‍സന്‍ ചോദിക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ താരവും വാര്‍ണറുടെ സഹ താരവുമായിരുന്നു പേസര്‍ മിച്ചല്‍ ജോണ്‍സന്‍. ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ നിന്നു വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരത്തിന്റെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ പരമ്പരയായി ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത് പാകിസ്ഥാനെതിരായ പോരാട്ടമാണ്. 

പന്ത് ചുരണ്ടല്‍ വിവാദം ചൂണ്ടിക്കാട്ടിയാണ് ജോണ്‍സന്റെ വിമര്‍ശനം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നാണക്കേടായി മാറിയ സംഭവമാണ് പന്ത് ചുരണ്ടല്‍ വിവാദം. ആ വിവാദത്തിന്റെ മുഖ്യ കാരണക്കാരനായ ആള്‍ക്ക് എന്തിനാണ് ഇത്തരത്തിലൊരു വിരമിക്കല്‍ അവസരം ഒരുക്കുന്നതെന്നു ജോണ്‍സന്‍ ചോദിക്കുന്നു. ടെസ്റ്റിലെ വാര്‍ണറുടെ ഫോമിനെക്കുറിച്ചും ജോണ്‍സന്‍ വന്‍ വിമര്‍ശനമാണ് ഉന്നയിച്ചത്. 

'ഓസ്‌ട്രേലിയന്‍ ടീം വാര്‍ണര്‍ക്ക് വിരമിക്കല്‍ ടെസ്റ്റ് ഒരുക്കുന്നു. അതെന്തിന്റെ പേരിലാണെന്നു ആരെങ്കിലും എനിക്കു പറഞ്ഞു തരു. ടെസ്റ്റില്‍ റണ്‍സ് എടുക്കാന്‍ പെടാപ്പാടു പെടുന്ന താരമാണ് വാര്‍ണര്‍. അത്തരമൊരു താരത്തിനു സ്വന്തം ഇഷ്ടത്തിനു വിരമിക്കാന്‍ എങ്ങനെയാണ് അവസരം ഒരുങ്ങുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ എത്തിച്ച ഒരാള്‍ എങ്ങനെയാണ് ഹിറോയായി വിരമിക്കുന്നത്.' 

'ദക്ഷിണാഫ്രിക്കയിലെ പന്ത് ചുരണ്ടല്‍ നാണക്കേട് ആരും ഒരിക്കലും മറക്കില്ല. പന്ത് ചുരണ്ടിയത് വാര്‍ണര്‍ മാത്രമല്ല. പക്ഷേ അദ്ദേഹം ആ ടീമിലെ മുതിര്‍ന്ന താരമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ പ്രവൃത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയായിരുന്നു.' 

'കളിയേക്കാളും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനേക്കാളും മുകളിലാണ് താനെന്നു വിശ്വസിക്കുന്ന ഒരാളാണ് വാര്‍ണര്‍. അത്തരമൊരാള്‍ക്ക് ഇങ്ങനെ വിരമിക്കല്‍ പരമ്പരയൊക്കെ ഒരുക്കി നല്‍കേണ്ട ആവശ്യമുണ്ടോ'- ജോണ്‍ സന്‍ കടുത്ത ഭാഷയിലൂടെ ചോദിക്കുന്നു.

മുഖ്യ സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിക്കെതിരെയും ജോണ്‍സന്‍ വിമര്‍ശനമുന്നയിക്കുന്നു. ലൈംഗിക വിവാദത്തില്‍പ്പെട്ട മുന്‍ ടെസ്റ്റ് നായകന്‍ ടിം പെയ്‌നിനു വിരമിക്കല്‍ പരമ്പര ഒരുക്കുമോ എന്ന ചോദ്യത്തിനു അന്ന് ബെയ്‌ലി പറഞ്ഞത് അതില്‍ തീരുമാനം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും സഹ സെലക്ടര്‍ ടോണി ഡൊഡെമെയ്ഡിനും എടുക്കും എന്നായിരുന്നു. 

എന്നാല്‍ വാര്‍ണറുടെ കാര്യത്തില്‍ ബെയ്‌ലി സ്വയം തന്നെ തീരുമാനം എടുക്കുന്നു. ബെയ്‌ലിയും വാര്‍ണറും സഹ താരങ്ങളായിരുന്നു. ഇത്തരത്തില്‍ ചില താരങ്ങളുമായി മാത്രം ബെയ്‌ലി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും അവര്‍ക്കു പ്രത്യേകം പരിഗണന നല്‍കുന്നുവെന്നും ഗുരുതര ആരോപണവും ജോണ്‍സന്‍ ഉന്നയിക്കുന്നു. 

2017ലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനേയും ക്രിക്കറ്റ് ലോകത്തെ ഒന്നാകെയും ഞെട്ടിച്ച പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടം ജയിക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കമാറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരായിരുന്നു സംഭവത്തിനു പിന്നില്‍. മൂവര്‍ക്ക് ഒരു വര്‍ഷം വിലക്ക് നേരിടേണ്ടി വന്നു. വാര്‍ണര്‍ക്ക് ആജീവാനന്തം ക്യാപ്റ്റന്‍ വിലക്കും വന്നു. ഓസ്‌ട്രേലിയയുടെ ദേശീയ ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് ക്യാപ്റ്റന്‍സി വിലക്ക്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com