സൂര്യകുമാറും തെറ്റിച്ചില്ല ആ 'പാരമ്പര്യം'- കപ്പ് ഉയര്‍ത്തിയത് റിങ്കുവും ജിതേഷും (വീഡിയോ)

ട്രോഫി ഏറ്റുവാങ്ങിയ ശേഷം നായകന്‍ അതുയര്‍ത്താന്‍ നല്‍കിയത് പുതുമുഖങ്ങളായ റിങ്കു സിങിനും ജിതേഷ് ശര്‍മയ്ക്കും
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര യുവ ഇന്ത്യന്‍ സംഘം 4-1നു സ്വന്തമാക്കി. സൂര്യ കുമാര്‍ യാദവ് ആദ്യമായി ഇന്ത്യയെ നയിച്ച പരമ്പരയെന്ന പ്രത്യേകതയും പോരാട്ടത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ 'പാരമ്പര്യം' സൂര്യകുമാര്‍ യാദവും തെറ്റിച്ചില്ല. 

2007ല്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി തുടങ്ങി വച്ച ആ പാരമ്പര്യമാണ് സൂര്യകുമാര്‍ യാദവും പിന്തുടര്‍ന്നത്. ട്രോഫി ഏറ്റുവാങ്ങിയ ശേഷം നായകന്‍ അതുയര്‍ത്താന്‍ നല്‍കിയത് പുതുമുഖങ്ങളായ റിങ്കു സിങിനും ജിതേഷ് ശര്‍മയ്ക്കും. ഇന്ത്യന്‍ ടീം 2007നു ശേഷം ഇങ്ങനെയാണ് കപ്പുയര്‍ത്തുന്നത്. ടീമിലെ പുതുമുഖങ്ങളായിരിക്കും കപ്പുയര്‍ത്തുക. 

2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷമായിരുന്നു ക്യാപ്റ്റന്‍ ധോനി അന്നു കപ്പുയര്‍ത്താന്‍ ടീം അംഗങ്ങളെ ഏല്‍പ്പിച്ചത്. പിന്നീട് നായകന്‍മാരായി വന്ന വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഇതുതന്നെ പിന്തുടര്‍ന്നു. ഇപ്പോള്‍ സൂര്യകുമാര്‍ യാദവും. 

നാലാം പോരില്‍ ആറ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിച്ചു. 

അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ ഓസീസിന് പത്ത് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടത്. അപകടകാരിയായ ക്യാപ്റ്റന്‍ മാത്യു വെയ്ഡായിരുന്നു ക്രീസില്‍. താരത്തെ പുറത്താക്കിയ അര്‍ഷ്ദീപ് മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com