'കോഹ്‌ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചത് ഞാനല്ല'- തുറന്നു പറഞ്ഞ് ഗാംഗുലി

ടി20 നായക സ്ഥാനം കോഹ്‌ലി സ്വയം ഒഴിഞ്ഞപ്പോള്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ബിസിസിഐ പെട്ടെന്നു തീരുമാനിച്ച് പുറത്താക്കുകയായിരുന്നു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

കൊല്‍ക്കത്ത: സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ ആദ്യം ടി20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പിന്നീട് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴി മരുന്നിട്ട സംഭവമായിരുന്നു. ടെസ്റ്റില്‍ മാത്രമായി നായക സ്ഥാനം ഒതുങ്ങിയതിനു പിന്നാലെ ഏറെ താമസിയാതെ ആ സ്ഥാനം കോഹ്‌ലി ഒഴിയുകയും ചെയ്തിരുന്നു. മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായ കാലത്താണ് ഈ സംഭവങ്ങളെല്ലാം. 

ഗാംഗുലിയാണ് കോഹ്‌ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചതെന്നും ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യങ്ങളിലൊന്നും തനിക്കൊരു റോളുമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുകയാണ് ഗാംഗലി ഇപ്പോള്‍. 

2021ല്‍ ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തൊട്ടു മുന്‍പായിരുന്നു ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു കോഹ്‌ലിയെ ഒഴിവാക്കിയത്. പിന്നാലെയാണ് വിവാദങ്ങളും ആളിക്കത്തിയത്. 

'വിരാടിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഒഴിവാക്കിയത് ഞാനല്ല. പലതവണ ഇക്കാര്യം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ടി20യില്‍ ടീമിനെ നയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം സ്വയം ഒഴിയാന്‍ തീരുമാനിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഒഴിയുകയാണെങ്കില്‍ നിങ്ങള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ രണ്ട് വിഭാഗത്തിലേയും നായക സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നു അദ്ദേഹത്തോടു ഞാന്‍ വ്യക്തമാക്കി. ഇന്ത്യക്ക് ഒരു വൈറ്റ് ബോള്‍ ക്യാപ്റ്റനും ഒരു റെഡ് ബോള്‍ ക്യാപ്റ്റനും ഉണ്ടാകട്ടെ എന്നായിരുന്നു എന്റെ നിലപാട്'- ഗാംഗുലി ഒരു ടെലിവിഷന്‍ ഷോയില്‍ തുറന്നു പറഞ്ഞു. 

ടി20 നായക സ്ഥാനം കോഹ്‌ലി സ്വയം ഒഴിഞ്ഞപ്പോള്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ബിസിസിഐ പെട്ടെന്നു തീരുമാനിച്ച് പുറത്താക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ താനുമായി ആശയ വിനിമയം നടന്നില്ലെന്ന കോഹ്‌ലിയുടെ തുറന്നു പറച്ചിലാണ് വിഷയം വിവാദമാക്കിയത്. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം സെലക്ഷന്‍ നടക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇക്കാര്യം തന്നെ അറിയിച്ചത് എന്നു കോഹ്‌ലി പത്ര സമ്മേളനത്തില്‍ തുറന്നു പറഞ്ഞതോടെ വിഷയം സ്‌ഫോടനാത്മക നിലയിലേക്ക് മാറി. 

ടി20 നായക സ്ഥാനത്തു നിന്നു മാറരുതെന്നു ഗാംഗുലി അഭ്യര്‍ഥിച്ചുവെന്ന വാദവും അന്ന് കോഹ്‌ലി തള്ളിയിരുന്നു. അങ്ങനെയൊരു അഭ്യര്‍ഥന തന്നോടാരും പറഞ്ഞിട്ടില്ലെന്നായിരുന്നു കോഹ്‌ലി അവകാശപ്പെട്ടത്. ടി20 നായക സ്ഥാനം ഒഴിയാന്‍ പക്ഷേ താന്‍ ലോകകപ്പിനു ശേഷം ഉറച്ച തീരുമാനം എടുത്തിരുന്നുവെന്നും സൂപ്പര്‍ താരം വ്യക്തമാക്കിയിരുന്നു. 

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് ക്യാപ്റ്റനെന്ന സ്ഥിതി ഒഴിവാക്കാനാണ് രോഹിത് ശര്‍മയെ ഏക വൈറ്റ് ബോള്‍ ക്യാപ്റ്റനായും കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിലനിര്‍ത്തുന്നതെന്നും ഗാംഗുലി അന്നു വ്യക്തമാക്കിയിരുന്നു. ഈ ഫോര്‍മുലയാണ് വിവാദത്തിനു ശേഷം ബിസിസിഐ നടപ്പാക്കിയത്. വൈറ്റ് ബോളില്‍ ഒറ്റ ക്യാപ്റ്റന്‍ എന്ന നയം ടീമിന്റെ കെട്ടുറപ്പിനു മുഖ്യമാണെന്ന നിലപാടായിരുന്നു ഇക്കാര്യത്തില്‍ ബിസിസിഐ സ്വീകരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com