കോഹ്‌ലിയും രോഹിത്തുമല്ല; തന്റെ റെക്കോര്‍ഡുകള്‍ മറികടക്കുന്ന ഇന്ത്യന്‍ താരം, പ്രവചനവുമായി ലാറ

2004ല്‍ സെന്റ് ജോണ്‍സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്
ബ്രയാന്‍ ലാറ /എഎഫ്പി
ബ്രയാന്‍ ലാറ /എഎഫ്പി

റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്, എന്നാല്‍ ക്രിക്കറ്റിലെ ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍, മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകള്‍, ബ്രയാന്‍ ലാറയുടെ ടെസ്റ്റ് സ്‌കോറായ 400 റണ്‍സ്, രോഹിത് ശര്‍മയുടെ ഏകദിന സ്‌കോറായ 264 റണ്‍സ് എന്നിവയെല്ലാം അനായാസം തകര്‍ക്കാന്‍ കഴിയുന്നവയല്ല. 

എന്നാല്‍ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 400 റണ്‍സും, 1994ല്‍ കൗണ്ടി ക്രിക്കറ്റില്‍ കുറിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 501 റണ്‍സിന്റെ റെക്കോര്‍ഡും  തകര്‍ക്കപ്പെടുമെന്നാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പറയുന്നത്. 2004ല്‍ സെന്റ് ജോണ്‍സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്. 582 പന്തിലായിരുന്നു ലാറ 43 ബൗണ്ടറികളും നാലു സിക്‌സുകളും പറത്തി 400 റണ്‍സിലെത്തി പുറത്താകാതെ നിന്നത്.

തന്റെ ഈ റെക്കോര്‍ഡുകള്‍ തകാര്‍ക്കാന്‍ പോകുന്നത് ഒരിന്ത്യന്‍ താരമായിരിക്കുമെന്നാണ് ലാറ പറയുന്നത്. അത് കോഹ് ലിയോ രോഹിത്തോ അല്ല. ''ശുഭ്മാന്‍ ഗില്ലായിരിക്കും എന്റെ ഈ രണ്ട് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പോകുന്ന താരം. നിലവിലെ യുവ താരങ്ങളില്‍ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റര്‍ ഗില്ലാണെന്നും വരും വര്‍ഷങ്ങളില്‍ ഗില്ലായിരിക്കും ലോക ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്നതെന്നും'' ആനന്ദ് ബസാര്‍ പത്രികക്ക് നല്‍കിയ അഭിമുഖത്തില്‍ ലാറ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ് ഗില്‍. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡും ഗില്ലിന്റെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്‍ 18 മല്‍സരങ്ങളില്‍ നിന്നും 32 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളടക്കം 966 റണ്‍സാണ് താരം നേടിയത്.

തന്റെ ഏകദിന കരിയറില്‍ മികച്ച തുടക്കമാണ് ഗില്ലിന് ലഭിച്ചത്. 50 ഓവര്‍ ക്രിക്കറ്റില്‍ 38 ഇന്നിങ്‌സുകളില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച താരമാണ് ഗില്‍ ഇതിനകം ആറ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്, 61.37 ശരാശരിയുണ്ട്. എന്നാല്‍ അടുത്തിടെ ഏകദിന ലോകകപ്പില്‍ താതരത്തിന് തിളങ്ങാനായില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഗില്‍ ഇന്ത്യക്കായി നിരവധി ഐസിസി ടൂര്‍ണമെന്റുകള്‍ നേടുമെന്ന് ലാറ വിശ്വസിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com