ചരിത്രമായ റണ്ണൗട്ട്, ടെസ്റ്റ് ക്രിക്കറ്റിനെ ആദ്യമായി 'ടൈ' കെട്ടിച്ച താരം! മുതിര്‍ന്ന വിന്‍ഡീസ് ബാറ്റർ ജോ സോളമന്‍ അന്തരിച്ചു

1960ല്‍ ഓസ്‌ട്രേലിയക്കെതിരെ ഗാബയില്‍ നടന്ന ടെസ്റ്റ് പോരാട്ടമാണ് സോളമനു ചരിത്രത്തില്‍ ഇടം നല്‍കിയത്
ജോ സോളമൻ, ​ഗാബ ടെസ്റ്റിലെ റണ്ണൗട്ട്/ ട്വിറ്റർ
ജോ സോളമൻ, ​ഗാബ ടെസ്റ്റിലെ റണ്ണൗട്ട്/ ട്വിറ്റർ

ഗയാന: മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും കരീബിയന്‍ ക്രിക്കറ്റിലെ ഏറ്റവും മുതിര്‍ന്ന താരവുമായിരുന്ന ജോ സോളമന്‍ അന്തരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മത്സരം ടൈ ആകാന്‍ കാരണക്കാരനായ താരമെന്ന അപൂര്‍വതയും അദ്ദേഹത്തിന്റെ കരിയറിനുണ്ട്. 93ാം വയസിലാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. 

കരിയറില്‍ 27 ടെസ്റ്റുകള്‍ കളിച്ച താരം 1326 റണ്‍സാണ് നേടിയത്. 26ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സോളമന്‍ അതിവേഗം തന്നെ വിന്‍ഡീസ് ദേശീയ ടീമില്‍ ഇടംപിടിച്ചു. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഒന്‍പത് അര്‍ധ സെഞ്ച്വറികളും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 12 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും അടക്കം 5318 റണ്‍സും അടിച്ചെടുത്തു. 

1960ല്‍ ഓസ്‌ട്രേലിയക്കെതിരെ ഗാബയില്‍ നടന്ന ടെസ്റ്റ് പോരാട്ടമാണ് സോളമനു ചരിത്രത്തില്‍ ഇടം നല്‍കിയത്. ടെസ്റ്റില്‍ ഒരു മത്സരം ആദ്യമായി ടൈ കെട്ടിയ പോരാട്ടമായിരുന്നു ഇത്. സോളമന്‍ ഇയാന്‍ മക്കീഫിനെ റണ്ണൗട്ടാക്കിയാണ് ഓസീസിനു ജയം നിഷേധിച്ചത്. 

മത്സരത്തില്‍ അവസാന എട്ട് പന്തില്‍ ഓസ്‌ട്രേലിയക്കു ജയിക്കാന്‍ ആറ് റണ്‍സ് മാത്രം മതിയായിരുന്നു. മൂന്ന് വിക്കറ്റുകളും ശേഷിക്കുന്നു. എന്നാല്‍ പോരാട്ടം നാടകീയമായി. ഒടുവില്‍ രണ്ട് പന്തില്‍ ഒരു റണ്‍സായി ലക്ഷ്യം. ശേഷിച്ചത് ഒരു വിക്കറ്റും. ലിന്‍ഡ്‌സെ ക്ലിന്‍ ആയിരുന്നു ഓസ്‌ട്രേലിയക്കായി അവസാനം ഇറങ്ങിയത്. മറുവശത്ത് ഇയാന്‍ മക്കീഫും. 

അടുത്ത പന്ത് ക്ലിന്‍ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിളിനു ശ്രമിച്ചു. റണ്ണിനായി ഓടിയ മക്കീഫിനെ സോളമന്‍ കൃത്യമായ ഏറില്‍ റണ്ണൗട്ടാക്കി ഓസ്‌ട്രേലിയയുടെ വിജയം തടഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര ടെസ്റ്റ് പോരാട്ടം ടൈയില്‍ അവസാനിക്കുകയും ചെയ്തു. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ മൂന്ന് പോരാട്ടങ്ങളിലും തുടരെ സെഞ്ച്വറി നേടിയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഗയാനക്കായി കളിച്ചു തുടങ്ങി സോളമന്‍ ജമൈക്കക്കെതിരെ 114 റണ്‍സും പിന്നാലെ ബാര്‍ബഡോസിനെതിരെ 108 റണ്‍സും പര്യടനത്തിനായി വിന്‍ഡീസിലെത്തിയ പാകിസ്ഥാന്‍ ടീമിനെതിരെ സന്നാഹ മത്സരത്തില്‍ 121 റണ്‍സും നേടിയാണ് താരം ശ്രദ്ധേയനായത്. 

പിന്നാലെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലും സോളമന്‍ ഇടം കണ്ടു. നാലാം ടെസ്റ്റില്‍ ഡല്‍ഹിയില്‍ ഇന്ത്യക്കെതിരെ 100 റണ്‍സും താരം നേടി. ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഏക സെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറും ഇന്ത്യക്കെതിരെ അടിച്ചെടുത്ത ഈ ശതകം തന്നെ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com