വില്ല പാര്‍ക്കിലെ എംറി മാസ്റ്റര്‍ ക്ലാസ്! ഓള്‍ഡ് ട്രഫോര്‍ഡില്‍ തലകുനിച്ച് ടെന്‍ ഹാഗ്

രണ്ടാഴ്ച മുന്‍ ടോട്ടനത്തെ എവേ പോരില്‍ വീഴ്ത്തിയ വില്ല രണ്ട് ദിവസം മുന്‍ മാഞ്ചസ്റ്റര്‍ സിറ്റിയേയും കീഴടക്കിയിരുന്നു. പിന്നാലെയാണ് മറ്റൊരു സൂപ്പര്‍ ജയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: വില്ല പാര്‍ക്കില്‍ ഉനയ് എംറിയുടെ ആസ്റ്റന്‍ വില്ല അപരാജിത മുന്നേറ്റം തുടരുന്നു. ഇത്തവണ അവര്‍ വീഴ്ത്തിയത് ആഴ്‌സണലിനെ. അതേസമയം എറിക് ടെന്‍ ഹാഗിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മറ്റൊരു വമ്പന്‍ തോല്‍വി വഴങ്ങി. 

രണ്ടാഴ്ച മുന്‍പ് ടോട്ടനത്തെ എവേ പോരില്‍ വീഴ്ത്തിയ വില്ല രണ്ട് ദിവസം മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയേയും കീഴടക്കിയിരുന്നു. പിന്നാലെയാണ് മറ്റൊരു സൂപ്പര്‍ ജയം. 

ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി 15ാം വിജയമാണ് ആസ്റ്റന്‍ വില്ല നേടിയത്. സ്വന്തം തട്ടകത്തില്‍ ആഴ്‌സണലിനോട് 15 മത്സരങ്ങള്‍ക്ക് മുന്‍പ് തോല്‍വി വഴങ്ങിയതിനു ശേഷം അവര്‍ അതേ ആഴ്‌സണലിനെ തന്നെ നേരിട്ട് വിജയ തുടര്‍ച്ച മുറിയാതെ റെക്കോര്‍ഡിട്ടാണ് മടങ്ങിയത്. 

സ്വന്തം മൈതാനത്ത് തുടരെ 15 വിജയങ്ങളെന്ന പുതിയ ക്ലബ് റെക്കോര്‍ഡാണ് ടീം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് വില്ലയുടെ ജയം. കളിയുടെ ഏഴാം മിനിറ്റിലാണ് വിജയ ഗോളിന്റെ പിറവി. ജോണ്‍ മക്ഗിനാണ് ടീമിനായി വല ചലിപ്പിച്ചത്. 

ലിവര്‍പൂള്‍ നിര്‍ണായക ജയം സ്വന്തമാക്കിയതോടെ ആഴ്‌സണലിന്റെ ഒന്നാം സ്ഥാനം നഷ്ടമായി. ഒരു പോയിന്റ് വ്യത്യാസത്തില്‍ ഗണ്ണേഴ്‌സ് രണ്ടാമത്. വില്ല മൂന്നാം സ്ഥാനത്തേക്ക് കയറിയതാണ് ശ്രദ്ധേയം. ലിവര്‍പൂളും ആഴ്‌സണലും വില്ലയും തമ്മില്‍ ഓരോ പോയിന്റ് വ്യത്യാസം മാത്രം. 

അതേസമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ മോശം ഫോം അവസാനിച്ചുവെന്ന പ്രതീതിയില്‍ നിന്നു ടീമിനു വീണ്ടും തിരിച്ചടി. ഇത്തവണ ബേണ്‍മൗത്താണ് ചുവന്ന ചെകുത്താന്‍മാരെ ഓള്‍ഡ്ട്രഫോര്‍ഡില്‍ പഞ്ഞിക്കിട്ടത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ തോല്‍വി. 

കഴിഞ്ഞ മത്സരത്തില്‍ ഇതേ ഗ്രൗണ്ടില്‍ ചെല്‍സിയെ വീഴ്ത്താന്‍ മാഞ്ചസ്റ്ററിനു സാധിച്ചു. എന്നാല്‍ ബേണ്‍മൗത്തിനു മുന്നില്‍ അതൊന്നും ചെലവായില്ല. രണ്ട് ദിവസത്തിനകം ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെ നേരിടാനിരിക്കുന്ന മാഞ്ചസ്റ്ററിനു തോല്‍വി നല്‍കുന്ന തിരിച്ചടി ചെറുതല്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com