'അമന്‍ജോത് ഇംപാക്ട് പ്ലെയര്‍, ഗതി തിരിച്ചത് താരത്തിന്റെ ഓള്‍ റൗണ്ട് മികവ്'

അമന്‍ജോത് ഇംപാക്ട് പ്ലയറാണ്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും താരം മികവു പുലര്‍ത്തിയെന്നു ബാലി ചൂണ്ടിക്കാട്ടുന്നു
ഇന്ത്യൻ ജയം ആഘോഷിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അമൻജോത് കൗറും/ പിടിഐ
ഇന്ത്യൻ ജയം ആഘോഷിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അമൻജോത് കൗറും/ പിടിഐ

വാംഖഡെ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ 2-1നു അടിയറ വച്ചെങ്കിലും അവസാന പോരാട്ടത്തില്‍ ടീമിനു വിജയിക്കാന്‍ സാധിച്ചത് ആശ്വാസമായി. അഞ്ച് വിക്കറ്റ് വിജയമാണ് മൂന്നാം ടി20യില്‍ നേടിയത്. മത്സരത്തില്‍ നിര്‍ണായകമായത് ഓള്‍റൗണ്ടര്‍ അമന്‍ജോത് കൗറിന്റെ മികവാണെന്നു ചൂണ്ടിക്കാട്ടുകയാണ് വനിതാ ടീം ഫീല്‍ഡിങ് പരിശീലകന്‍ മുനിഷ് ബാലി.

അമന്‍ജോത് ഇംപാക്ട് പ്ലയറാണ്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും താരം മികവു പുലര്‍ത്തിയെന്നു ബാലി ചൂണ്ടിക്കാട്ടുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 126 റണ്‍സാണ് എടുത്തത്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 

'അവള്‍ നന്നായി കളിച്ചു. പ്രത്യേകിച്ച് പവര്‍ പ്ലേയിലെ ബൗളിങ്. ഫീല്‍ഡിങും മികച്ചതായിരുന്നു. നിര്‍ണായകമായ ഒരു ക്യാച്ചാണ് താരം എടുത്തത്. ചെയ്‌സ് ചെയ്യുമ്പോള്‍ അവസാന ഘട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 12 പന്തില്‍ 12 റണ്‍സ് വേണമായിരുന്നു. അനായാസം അതും അടിച്ചെടുക്കാന്‍ അമന്‍ജോതിനു സാധിച്ചു'- ബാലി താരത്തെ പ്രശംസിച്ചു. 

മത്സരത്തില്‍ ഇന്ത്യക്ക് 12 പന്തില്‍ 12 റണ്‍സ് വേണ്ടപ്പോഴാണ് അമന്‍ജോത് ക്രീസിലെത്തിയത്. നേരിട്ടത് വെറും നാല് പന്തുകള്‍ മാത്രം. അതിനിടെ താരം 13 റണ്‍സ് അടിച്ച് വിജയം ഉറപ്പാക്കി. അപ്പോള്‍ ഒരോവര്‍ കൂടി ഇന്ത്യക്ക് ബാറ്റ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. 

എക്ലസ്റ്റോണ്‍ എറിഞ്ഞ 19ാം ഓവര്‍ നാടകീയമായിരുന്നു. ആദ്യ പന്തില്‍ എക്ലസ്റ്റോണ്‍ റിച്ച ഘോഷിനെ മടക്കി. പിന്നാലെ ക്രീസിലെത്തിയ അമന്‍ജോത് നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിച്ചു. ഇന്ത്യന്‍ ലക്ഷ്യം പത്തില്‍ എട്ട്. അടുത്ത പന്തില്‍ അമന്‍ജോതിന്റെ സിംഗിള്‍. നാലാം പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സിംഗിള്‍. അഞ്ച്, ആറ് പന്തുകള്‍ തുടരെ ബൗണ്ടറികള്‍ പായിച്ച് അമന്‍ജോത് അധികം നീട്ടാതെ മത്സരം ഇന്ത്യക്കനുകൂലമാക്കി.

ഇടവേളയ്ക്ക് ശേഷം ഡേ നൈറ്റ് മത്സരം കളിക്കേണ്ടി വന്നതാണ് ആദ്യ രണ്ട് മത്സരങ്ങളിലെ ഇന്ത്യയുടെ മോശം ഫോമിനു കാരണമെന്നു ബാലി പറയുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ പകല്‍- രാത്രി മത്സരം കളിച്ച ശേഷം ആറ്, ഏഴ് മാസങ്ങളുടെ വ്യത്യാസത്തിലാണ് വീണ്ടും ഡേ നൈറ്റ് പോരിനിറങ്ങിയത്. കളിയില്‍ ഇതു നിര്‍ണായകമായെന്നും ബാലി വ്യക്തമാക്കി. നിലവില്‍ ഡേ നൈറ്റ് മത്സരങ്ങളുടെ ഒരുക്കമെന്ന നിലയില്‍ ലൈറ്റിനു കീഴില്‍ പരിശീലനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com