146 വര്‍ഷത്തിന് ശേഷം ആദ്യമായി; ക്രിക്കറ്റില്‍ കോഹ്ലിയുടെ പുതുചരിത്രം

1877 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളി തുടങ്ങിയത് മുതല്‍ മറ്റൊരു കളിക്കാനും ഈ നേട്ടം കൈവരിച്ചിട്ടില്ല. 
കോഹ് ലി / പിടിഐ
കോഹ് ലി / പിടിഐ

മുംബൈ: ഏഴ് കലണ്ടര്‍ വര്‍ഷങ്ങളിലായി പതിനാലായിരത്തിലധികം റണ്‍സ് നേടുന്ന ആദ്യതാരമായി ഇന്ത്യന്‍താരം വീരാട് കോഹ് ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ നേടിയ 76 റണ്‍സാണ് ചരിത്രനേട്ടത്തിന് സഹായകമായത്. മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനും പരാജയപ്പെട്ടു.

2186 (2012) 2286 (2014) 2595 (2016) 2818 (2017) 2735 (2018) 2455 (2019) എന്നിങ്ങനെയാണ് കോഹ് ലി നേരത്തെ രണ്ടായിരത്തിലധികം റണ്‍സ് അടിച്ച കലണ്ടര്‍ വര്‍ഷങ്ങള്‍. 1877 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളി തുടങ്ങിയത് മുതല്‍ മറ്റൊരു കളിക്കാനും ഈ നേട്ടം കൈവരിച്ചിട്ടില്ല. 

163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചത് വെറും 131 റണ്‍സ് മാത്രം. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 245ല്‍ അവസാനിപ്പിച്ചാണ് അവര്‍ ഒന്നാം ഇന്നിങ്സ് തുടങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ ക്രീസില്‍ ഉറച്ചു നിന്നു പൊരുതാന്‍ വിരാട് കോഹ്ലി ഒഴികെ ഒരാളും ആര്‍ജവം കാണിച്ചില്ല. 76 റണ്‍സെടുത്ത കോഹ്ലി 12 ഫോറുകളും ഒരു സിക്സും പറത്തി. കോഹ്ലി കൂടി പൊരുതിയില്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും കടക്കില്ലായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ ഇന്നിങ്സ് തോല്‍വിയുടെ വലിയ നാണക്കേടാണ് നേരിട്ടത്. പത്താം വിക്കറ്റായി മടങ്ങിയത് കോഹ്ലി തന്നെ.

കോഹ്ലിക്ക് പുറമെ 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റൊരാളും രണ്ടക്കം കടന്നില്ല.രോഹിത് ശര്‍മ (0), യശസ്വി ജയ്സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെഎല്‍ രാഹുല്‍ (4), ആര്‍ അശ്വിന്‍ (0), ശാര്‍ദുല്‍ ഠാക്കൂര്‍ (2), ജസ്പ്രിത് ബുമ്ര (0) എന്നിവരെല്ലാം അതിവേഗം തന്നെ മടങ്ങി.ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ നാല് വിക്കറ്റുകള്‍ നേടി. മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു. ബുമ്ര റണ്ണൗട്ടായി മടങ്ങി. നാന്ദ്രെ ബര്‍ഗര്‍ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കി. ഒന്നാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റെടുത്ത താരം ആകെ ഏഴ് വിക്കറ്റുകള്‍ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com