ഇന്ത്യന്‍ വനിതകള്‍ പൊരുതി വീണു; ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറയാന്‍ ഇറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സിലെത്തി
കന്നി ഏകദിന സെഞ്ച്വറിക്ക് നാല് റൺസ് അകലെ വീണ് നിരാശയായി മടങ്ങുന്ന റിച്ച ഘോഷ്/ ട്വിറ്റർ
കന്നി ഏകദിന സെഞ്ച്വറിക്ക് നാല് റൺസ് അകലെ വീണ് നിരാശയായി മടങ്ങുന്ന റിച്ച ഘോഷ്/ ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ടെസ്റ്റ് പോരാട്ടത്തിലെ തോല്‍വിക്ക് കണക്കു തീര്‍ത്തു ഓസ്‌ട്രേലിയന്‍ വനിതകള്‍. ഏകദിന പരമ്പര ഓസീസ് വനിതകള്‍ സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍ മൂന്ന് റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയാണ് ഓസീസ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഉറപ്പിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറയാന്‍ ഇറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സിലെത്തി. വിജയത്തിനു മൂന്ന് റണ്‍സ് അകലെ ഇന്ത്യ പരാജയം സമ്മതിച്ചു. 

അവസാന ഓവറില്‍ ഇന്ത്യക്ക് 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അന്നബെല്‍ സതര്‍ലാന്‍ഡ് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ ദീപ്തി ശര്‍മ ഫോര്‍ അടിച്ചു. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ അരങ്ങേറ്റക്കാരി ശ്രേയങ്ക പാട്ടീലും ഒരു റണ്‍. നാലാം പന്ത് വൈഡ്. വൈഡിനു കിട്ടിയ ഒരു പന്തില്‍ പക്ഷേ റണ്‍സ് നേടാന്‍ ദീപ്തിക്ക് സാധിച്ചില്ല. അഞ്ചാം പന്തില്‍ അവര്‍ വീണ്ടും സിംഗിള്‍ എടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സ്. ശ്രേയങ്ക ഈ പന്ത് ഫോറടിച്ചെങ്കിലും ജയത്തിലേക്ക് മൂന്ന് റണ്‍സ് അപ്പോഴും ബാക്കി. 

ഇന്ത്യക്കായി റിച്ച ഘോഷ് (96) മിന്നും ഫോമില്‍ ബാറ്റ് വീശി. ജെമിമ റോഡ്രിഗസ് (44), സ്മൃതി മന്ധാന എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മധ്യനിരയില്‍ ദീപ്തി ശര്‍മ (24) പുറത്താകാതെ നിന്നെങ്കിലും താരത്തിനു ടീമിനെ ജയത്തിലെത്തിക്കാനായില്ല. 

ഓസീസിനായി അന്നബെല്‍ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോര്‍ജിയ വരെം രണ്ട് വിക്കറ്റുകള്‍ നേടി. ആഷ്‌ലി ഗാര്‍ഡ്‌നര്‍, കിം ഗാര്‍ത്, അലന കിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ മികച്ച രീതിയില്‍ തുടങ്ങിയ ഓസീസിന്റെ കുതിപ്പിന് ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 258 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഓസീസിനായി ലിച്ഫീല്‍ഡ് (63), എല്ലിസ് പെറി (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഒരു ഘട്ടത്തില്‍ ഓസീസ് മൂന്നിന് 133 റണ്‍സെന്ന നിലയിലായിരുന്നു. 17 പന്തില്‍ 28 റണ്‍സെടുത്തു പുറത്താകാതെ നിന്ന അലന കിങാണ് സ്‌കോര്‍ 250 കടത്തിയത്. താരം മൂന്ന് സിക്‌സുകള്‍ തൂക്കി. 

ഇന്ത്യക്കായി ദീപ്തി ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പൂജ വസ്ത്രാകര്‍, അങ്ങേറ്റക്കാരി ശ്രേയങ്ക പാട്ടീല്‍, സ്‌നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ആദ്യം മത്സരം തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ ഓസീസിനു പരമ്പര സ്വന്തമാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com