ഭ്രാന്തൻ നിമിഷം! ഹ്യൂസിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് കാസെമിറോ; കളത്തിലെ കൈയാങ്കളി (വീഡിയോ)

കളിയുടെ 70ാം മിനിറ്റിലെ കൈയാങ്കളിക്കൊടുവിലാണ് ബ്രസീല്‍ താരം ചുവപ്പ് കാര്‍ഡ് വാങ്ങിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ആവേശപ്പോരാട്ടത്തില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ക്രിസ്റ്റല്‍ പാലസിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയം കൈവിട്ടില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയം പിടിച്ചത്. മത്സരത്തില്‍ കാസെമിറോയാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ കാസെമിറോയ്ക്ക് മൂന്ന് നിര്‍ണായക മത്സരങ്ങളും നഷ്ടമാകും. 

കൈയാങ്കളിക്കൊടുവിലാണ് 70ാം മിനിറ്റിൽ ബ്രസീല്‍ താരം ചുവപ്പ് കാര്‍ഡ് വാങ്ങിയത്. ക്രിസ്റ്റല്‍ പാലസ് താരം ജെഫ്രി ഷുപ് മാഞ്ചസ്റ്റര്‍ താരം ആന്റണിയെ ഫൗള്‍ ചെയ്ത് വീഴ്ത്തി. ആന്റണി തെറിച്ച് പരസ്യ ബോര്‍ഡില്‍ ഇടിച്ചു വീണു. അവിടെ നിന്നു എഴുന്നേറ്റ് ആന്റണി ഷുപിനെ തള്ളിയതോടെ ഇരു ടീമുകളിലേയും താരങ്ങള്‍ തമ്മിലായി കൈയാങ്കളി.

കൈയാങ്കളിക്കിടെ പാലസ് താരം വില്‍ ഹ്യൂസിന്റെ കഴുത്തില്‍ കാസെമിറോ പിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍ ഇത് ആദ്യം വന്നിരുന്നില്ല. സംഭവത്തിന് പിന്നാലെ റഫറി ആന്റണിക്കും ഷുപിനും മഞ്ഞ കാര്‍ഡ് നല്‍കി. എന്നാല്‍ പിന്നീട് വാര്‍ ഇടപെട്ടതോടെയാണ് കാസെമിറോയ്ക്ക് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിച്ചത്. 

ചുവപ്പ് കാര്‍ഡ് കണ്ടതോടെ കാസെമിറോയ്ക്ക് ലീഡ്‌സ് യുനൈറ്റഡ്, ലെയ്‌സ്റ്റര്‍ സിറ്റി ടീമുകള്‍ക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നഷ്ടമാകും. കാര്‍ബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ ന്യൂകാസില്‍ യുനൈറ്റഡുമായി കളിക്കും. ഈ മത്സരത്തിലും താരത്തിന് കളിക്കാന്‍ സാധിക്കില്ല. 

അതിനിടെ വീഡിയോ അസിസ്റ്റന്റ് റഫറിമാരുടെ സ്ഥിരതയില്ലായ്മയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് രംഗത്തെത്തി. കസെമിറോ മാത്രമല്ല ക്രിസ്റ്റല്‍ പാലസ് ഫോര്‍വേഡ് ജോര്‍ദാന്‍ അയുവിനും ചുവപ്പ് കാര്‍ഡ് നല്‍കണമായിരുന്നു എന്നു ടെന്‍ ഹാഗ് ചൂണ്ടിക്കാട്ടുന്നു. കാരണം അയു ആണ് കസെമിറോയെക്കാള്‍ അഗ്രസീവ് ആയത്. 

ഒരു സെക്കന്‍ഡിലെ വീഡിയോ പോസ് ചെയ്ത് കാണിച്ചാല്‍ കസെമിറോ അതിരുവിട്ടതായി തോന്നും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ മാത്രമല്ലെന്നും ടെന്‍ ഹാഗ് പറഞ്ഞു. കാസെമിറോയുടെ പ്രവൃത്തിക്ക് സമാനമായി അപ്പുറത്ത് അയു മാഞ്ചസ്റ്റര്‍ താരം ഫ്രെഡിന്റെ കഴുത്തില്‍ പിടിച്ചുവെന്ന് ടെന്‍ ഹാഗ് ആരോപിച്ചു. 

വാറിന് സ്ഥിരത ഇല്ലെന്ന് ടെന്‍ ഹാഗ് തുറന്നടിച്ചു. കഴിഞ്ഞ ആഴ്ച എറിക്‌സനെ ഫൗള്‍ ചെയ്തപ്പോഴും കഴിഞ്ഞ മാസം പാലസിനെതിരെ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന് എല്‍ബോ കിട്ടിയപ്പോഴും വാര്‍ എവിടെയായിരുന്നു എന്നും ടെന്‍ ഹാഗ് ചോദ്യമുയര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com