ഗ്രൗണ്ടിലേക്ക് ഓടിയെത്തി, മുഖത്ത് ആഞ്ഞിടിച്ചു; കൈയാങ്കളി; സെവിയ്യ ഗോള്‍ കീപ്പറെ ആക്രമിച്ച് ആരാധകന്‍ (വീഡിയോ)

ദിമിത്രോവിച് കൈയിലും കഴുത്തിലും പിടിച്ച് ആരാകനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആംസ്റ്റര്‍ഡാം: ഫുട്‌ബോള്‍ കളത്തില്‍ കൈയാങ്കളി പുത്തരിയല്ല. പല തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ലോക ഫുട്‌ബോള്‍ സാക്ഷികളായിട്ടുണ്ട്. സമാനമായൊരു സംഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. യുവേഫ യൂറോപ്പ ലീഗ് പോരാട്ടത്തില്‍ സെവിയ്യയും ഡച്ച് ടീം പിഎസ്‌വി ഐന്തോവനുമായുള്ള മത്സരത്തിനിടെയാണ് സംഭവം. 

മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ സെവിയയെ 2-0ത്തിന് ഐന്തോവന്‍ വീഴ്ത്തിയെങ്കിലും ആദ്യ പാദത്തിലെ വിജയത്തിന്റെ ബലത്തില്‍ സെവിയ 3-2 അഗ്രഗെറ്റില്‍ അവസാന പതിനാറിലേക്ക് കടന്നു. മത്സരത്തിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. 

ഗ്രൗണ്ടിലുണ്ടായിരുന്ന സെവിയ്യ ഗോള്‍ കീപ്പര്‍ മാര്‍ക്കോ ദിമിത്രോവിചിനെ പിഎസ്‌വി ഐന്തോവന്‍ ആരാധകന്‍ ഗ്രൂണ്ടിലേക്ക് ഓടിയെത്തി മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. അതിനിടെ ആരാധകന്‍ നിലത്തു വീണു. ദിമിത്രോവിച് ആരാധകനെ പിടികൂടി. ഇരുവരും തമ്മില്‍ അവിടെ നിന്നും കൈയാങ്കളിയുണ്ടായി. ദിമിത്രോവിച് കൈയിലും കഴുത്തിലും പിടിച്ച് ആരാകനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. നിലത്ത് കിടന്നപ്പോഴും ദിമിത്രോവിചിന്റെ ജേഴ്‌സിയില്‍ ആരാധകന്‍ പിടിച്ചിരുന്നു. 

സംഭവം കണ്ട ഉടനെ ഇരു ടീമിലേയും താരങ്ങള്‍ ഓടി ഇവര്‍ക്കരികിലെത്തി ഇരുവരേയും പിടിച്ചു മാറ്റി. അതിനിടെ സുരക്ഷാ ജീവനക്കാര്‍ ആരാധകനെ തൂക്കിയെടുത്ത് പുറത്തെത്തിച്ചു. സ്റ്റേഡിയത്തിലെ ഐന്തോവന്‍ ആരാധകര്‍ സംഭവം നടക്കുമ്പോള്‍ ആക്രോശിക്കുന്നതും പുറത്തു വന്ന വീഡിയോയിലുണ്ട്. 

അസുഖത്തെ തുടര്‍ന്ന് സെവിയ്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോ ആദ്യ ഇലവനിലുണ്ടായിരുന്നില്ല. പകരക്കാരനായാണ് സെര്‍ബിയന്‍ താരമായ ദിമിത്രോവിച് വല കാക്കാന്‍ നിയുക്തനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com