ദക്ഷിണാഫ്രിക്കന്‍ സ്വപ്‌നം പൊലിഞ്ഞു; ആറാം ലോക കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ് ടൗണ്‍: ടി20 വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഫൈനലില്‍ കന്നി കിരീടം തേടിയിറങ്ങിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് വീഴ്ത്തിയാണ് ഓസീസിന് വനിതകളുടെ കിരീട നേട്ടം. ഏഴാം ഫൈനല്‍ കളിച്ച ഓസീസ് വനിതകളുടെ ആറാം കിരീടമാണിത്. 

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. 

ഓപ്പണര്‍ ലൗറ വോള്‍വാര്‍ട് വെടിക്കെട്ട് ബാറ്റിങുമായി കളം നിറഞ്ഞെങ്കിലും താരത്തിന്റെ പുറത്താകല്‍ കളിയില്‍ നിര്‍ണായകമായി. 48 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം വോള്‍വാര്‍ട് 61 റണ്‍സെടുത്തു. മധ്യനിരയില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 23 പന്തില്‍ 25 റണ്‍സെടുത്ത് ക്ലോ ട്രയോണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും താരത്തിനും അധികം മുന്നോട്ടു പോവാന്‍ സാധിച്ചില്ല. 

തസ്മിന്‍ ബ്രിറ്റ്‌സ് (10), മരിസന്നെ കാപ് (11), ക്യാപ്റ്റന്‍ സന്‍ ലുസ് (രണ്ട്), അന്നകെ ബോസ്‌ക് (ഒന്ന്) എന്നിവരും പുറത്തായി. നദിനെ ഡി ക്ലാര്‍ക് എട്ട് റണ്‍സുമായും സിനലോ ജഫ്ത ഒന്‍പത് റണ്‍സുമായും പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി മെഗാന്‍ ഷുറ്റ്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഡര്‍സി ബ്രൗണ്‍, ജെസ് ജോണ്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ബെത്ത് മൂണിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം പുറത്താകാതെ 74 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം 53 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും ഒരു സിക്‌സും പറത്തി. 

അവസാന ഓവറില്‍ 12 റണ്‍സെടുക്കാന്‍ മൂണിക്ക് സാധിച്ചെങ്കിലും നാലും അഞ്ചും പന്തുകളില്‍ വിക്കറ്റ് വീണതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 156ല്‍ ഒതുങ്ങിയത്. 

ഓപ്പണര്‍ അലിസ ഹീലി (18), അഷ്‌ലി ഗാര്‍ഡ്‌നര്‍ (29), ഗ്രേസ് ഹാരിസ് (10), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (10), എല്ലിസ് പെറി (ഏഴ്), ജോര്‍ജി വരെം (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ബെത്ത് മൂണിക്കൊപ്പം തഹ്‌ലിയ മഗ്രാത്ത് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി മരിസന്നെ കാപ്, ഷബ്‌നിം ഇസ്മയില്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. നോന്‍കുലുലെകോ മ്ലബ, ക്ലോ ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com