ബ്രാഡ്മാന് തൊട്ടു പിന്നില്‍, 30 ഇന്നിങ്‌സ്, ഡബിളും ട്രിപ്പിളുമടക്കം 9 സെഞ്ച്വറികള്‍- 'പറയു, എന്താണ് അയോഗ്യത?'  

അതേസമയം ടീം സെലക്ഷന്‍, വിവാദങ്ങള്‍ക്കും ഇടയാക്കി
സർഫറാസ് ഖാൻ/ ട്വിറ്റർ
സർഫറാസ് ഖാൻ/ ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ വെട്ടിത്തിളങ്ങുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെ നടാടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയ നീക്കമായി. 

അതേസമയം ടീം സെലക്ഷന്‍, വിവാദങ്ങള്‍ക്കും ഇടയാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി തിളങ്ങുന്ന സർഫറാസ് ഖാനെ ഒരിക്കല്‍ കൂടി തഴഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനം നല്ല സ്ഥിരതയിലാണ്. റണ്‍സുകള്‍ വാരി കൂട്ടിയിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വാതില്‍ താരത്തിന് മുന്നില്‍ നിരന്തരം അടയ്ക്കപ്പെടുന്നു. സൂര്യകുമാര്‍ യാദവിന് പകരം സർഫറാസിനെ ഉൾപ്പെടുത്താണമെന്ന് ആരാധകർ ആവശ്യപ്പെട്ടു. 

ഇപ്പോള്‍ നിരന്തരമായ തഴയുകള്‍ക്ക് പരോക്ഷ മറുപടിയുമായി സർഫറാസ് ഖാൻ രംഗത്തെത്തി. ചില കണക്കുകള്‍ വച്ചാണ് താരത്തിന്റെ മറുപടി. ഇന്‍സ്റ്റഗ്രാമിലാണ് കുറിപ്പ്. 

ആദ്യത്തെ കാര്‍ഡില്‍ 50 ഇന്നിങ്‌സുകള്‍ കളിച്ച ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച ആവറേജിന്റെ പട്ടിക വച്ചായിരുന്നു മറുപടി. സാക്ഷാല്‍ ബ്രാഡ്മാന് തൊട്ടു പിന്നില്‍ താനാണുള്ളതെന്ന് താരം സമര്‍ഥിക്കുന്നു. 50 ഇന്നിങ്‌സുകള്‍ കളിച്ച താരങ്ങളില്‍ ബ്രാഡ്മാനാണ് ഏറ്റവും മികച്ച ആവറേജ്. 95.17 ആണ് ഓസീസ് ഇതിഹാസത്തിന്റെ പേരിലുള്ളത്. തൊട്ടു പിന്നില്‍ സര്‍ഫ്രാസ് ഖാനാണ് ഉള്ളത്. താരത്തിന്റെ ആവറേജ് 80.47. മുന്‍ ഇന്ത്യന്‍ താരം തന്നെയായ വിജയ് മര്‍ച്ചന്റാണ് ആവറേജ് കണക്കില്‍ മൂന്നാം സ്ഥാനത്ത്. 71.64 ആണ് മര്‍ച്ചന്റിന്റെ ആവറേജ്.

രണ്ടാം സ്റ്റോറിയില്‍ മുംബൈക്കായി 30 ഇന്നിങ്‌സുകളില്‍ നിന്ന് തന്റെ ആവറേജ് 110.73 ആണെന്ന് താരം പറയുന്നു. 30 ഇന്നിങ്‌സുകള്‍, 2436 റണ്‍സ്. 110.73 ആവറേജ്. ഒന്‍പത് സെഞ്ച്വറികള്‍. ആറ് അര്‍ധ സെഞ്ച്വറികള്‍. മികച്ച സ്‌കോര്‍ 301. കാര്‍ഡില്‍ വ്യക്തമാക്കുന്നു. 

2021-2022 രഞ്ജി സീസണില്‍ താരം 982 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആവറേജ് 122.75. ഇതില്‍ നാല് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളുമുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 275. നടപ്പ് സീസണില്‍ ഇതുവരെയായി താരം 431 റണ്‍സ് അടിച്ചെടുത്തു. ആവറേജ് 107.75, 70.54. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും താരം ഇതുവരെ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com