നിർണായക പോരിൽ സിംബാബ്‌വെയെ തകർത്തു; ശ്രീലങ്ക ലോകകപ്പിന്

ലോകകപ്പ് കളിക്കുന്ന ഒൻപതാം ടീം ആരെന്ന കാര്യത്തിൽ വ്യക്തത വന്നു. ഇനിയൊരു സ്ഥാനത്തേക്കാണ് മത്സരമുള്ളത്
പതും നിസങ്ക/ ട്വിറ്റര്‍
പതും നിസങ്ക/ ട്വിറ്റര്‍

ഹരാരെ: നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയെ തകർത്ത് ശ്രീലങ്ക ഏകദിന ലോകകപ്പ് യോ​ഗ്യത ഉറപ്പിച്ചു. യോ​ഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സ് പോരിൽ ഒൻപത് വിക്കറ്റിനാണ് ശ്രീലങ്ക ജയം പിടിച്ചത്. പരാജയപ്പെട്ടെങ്കിലും സിംബാബ്‌വെയുടെ സാധ്യകൾ ഇനിയും ബാക്കി നിൽക്കുന്നുണ്ട്. 

ലോകകപ്പ് കളിക്കുന്ന ഒൻപതാം ടീം ആരെന്ന കാര്യത്തിൽ വ്യക്തത വന്നു. ഇനിയൊരു സ്ഥാനത്തേക്കാണ് മത്സരമുള്ളത്. വിൻ‍ഡീസിനെ അട്ടിമറിച്ചെത്തുന്ന സ്കോട്ലൻഡും സിംബാബ്‌വെയും തമ്മിലാണ് ഈ സ്ഥാനത്തുള്ള പോരാട്ടം. 

യോ​ഗ്യതാ പോരാട്ടത്തിൽ അപരാജിതരായാണ് ശ്രീലങ്ക മുന്നേറിയത്. എല്ലാ മത്സരവും വിജയിച്ച് ആധികാരികമായി തന്നെ അവർ ഇന്ത്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചു. 

ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സിംബാബ്‌‌വെയുടെ പോരാട്ടം 165 റൺസിൽ അവസാനിച്ചു. വിജയ ലക്ഷ്യമായ 166 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ശ്രീലങ്ക സ്വന്തമാക്കി. 33.1 ഓവറിൽ 169 റൺസ് അവർ കണ്ടെത്തി. 

ഓപ്പണർ പതും നിസങ്കയുടെ സെഞ്ച്വറിയാണ് അവരുടെ വിജയത്തിന്റെ ആണിക്കല്ല്. താരം 102 പന്തുകൾ നേരിട്ട് 14 ഫോറുകൾ സഹിതം 101 റൺസെടുത്തു പുറത്താകാതെ നിന്നു. സഹ ഓപ്പണർ ദിമുത് കരുണരത്നെയാണ് പുറത്തായ ഏക താരം. 30 റൺസെടുത്ത് കരുണരത്നെ നിസങ്കയ്ക്ക് പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ 103 റൺസ് ബോർഡിൽ ചേർത്താണ് സഖ്യം പിരിഞ്ഞത്. 

പിന്നീട് ക്രീസിലെത്തിയ കുശാൽ മെൻഡിസ് 25 റൺസുമായി പുറത്താകാതെ നിന്നു നിസങ്കയ്ക്കൊപ്പം ടീമിനെ കൂടുതൽ നഷ്ടങ്ങളില്ലാതെ വിജയത്തിലേക്ക് നയിച്ചു. 

നേരത്തെ ആ​ദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ മഹീഷ് തീക്ഷണയുടെ സ്പിൻ ബൗളിങാണ് കുഴക്കിയത്. താരം നാല് വിക്കറ്റുകൾ വീഴ്ത്തി. ദില്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മതീഷ പതിരന രണ്ട് വിക്കറ്റ് സ്വന്തമാക്കി. 

സിംബാബ്‌വെയ്ക്ക് വേണ്ടി സൂപ്പര്‍ താരം ഷോണ്‍ വില്യംസ് അർ‌ധ സെഞ്ച്വറി നേടി പിടിച്ചു നിന്നു. അദ്ദേഹം മാത്രമാണ് ലങ്കൻ ബൗളിങിനെ സമർഥമായി ചെറുത്തത്. താരം 57 പന്തില്‍ നിന്ന് 56 റണ്‍സെടുത്തു. സിക്കന്ദര്‍ റാസ 31 റണ്‍സ് നേടി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com