'വിന്‍ഡീസ് ആനന്ദമായിരുന്നു, അടിമുടി പരമാനന്ദം'- പതനത്തിന്റെ അഗാധതയിലേക്ക് മുങ്ങിത്താണ കപ്പല്‍

90കളിലെ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കുള്ള വരവും നീണ്ട 19 വര്‍ഷക്കാലം അയാള്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ താണ്ടിയ ദൂരങ്ങളും ഒരു സൂചന കൂടിയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വിരമിക്കല്‍ മത്സരം കളിച്ച് ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആരാധകരെ നോക്കി മൈക്കിലൂടെ ചോദിച്ചു. 'ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ'- ആ ചോദ്യം മറ്റ് ടീമുകളിലെ ഒരു താരത്തിന്റെ നാവില്‍, അവസാന മത്സരം കളിച്ചു കഴിയുമ്പോള്‍ ഉയര്‍ന്നേക്കില്ല. കാരണം കരീബിയന്‍ രാജ്യത്തു നിന്നു വരുന്ന ഒരു താരത്തിനു ക്രിക്കറ്റ് വെറുമൊരു കളിയായിരുന്നില്ല. അവരുടെ ആത്മാനന്ദമായിരുന്നു. അവരുടെ ആത്മ പ്രകാശനമായിരുന്നു. 

90കളിലെ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കുള്ള വരവും നീണ്ട 19 വര്‍ഷക്കാലം അയാള്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ താണ്ടിയ ദൂരങ്ങളും ഒരു സൂചന കൂടിയായിരുന്നു. തുള വീണു തുടങ്ങിയ ഒരു കപ്പലിന്റെ കപ്പിത്താനായിരുന്നു ലാറ. അയാള്‍ കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയെങ്കിലും പരാജയപ്പെട്ടു. ആ കപ്പല്‍, ലാറ വിരമിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഹരാരെയില്‍ മുങ്ങി. 

പാതി വഴി മാത്രം പിന്നിട്ട്... നൈസര്‍ഗിക ക്രിക്കറ്റിന്റെ വാസനാ ബലം ജനിതക ഘടനയിലുള്ള ആ കപ്പല്‍ പതനത്തിന്റെ അഗാധതയിലേക്ക് മുങ്ങിത്താണു. 

പോരാട്ടങ്ങളുടേയും പകരം വീട്ടലുകളുടേയും സമ്മോഹനമായ ഒരു ഭൂതകാലമുണ്ട് വിന്‍ഡീസ് ക്രിക്കറ്റിന്. വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തെ, അടിച്ചമര്‍ത്തലുകളെ നേരിടാനുള്ള ആയുധം കൂടിയായിരുന്നു കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ജനതയ്ക്ക് ക്രിക്കറ്റ്. 

അത്രയും വലിയൊരു ക്രിക്കറ്റ് പാരമ്പര്യം ഇത്തവണ ലോകകപ്പ് കളിക്കുന്നില്ല. അതെ ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇന്‍ഡീസ് ടീം കളിക്കാത്ത ഒരു ഏകദിന  ലോകകപ്പ് പോരാട്ടം ക്രിക്കറ്റ് ലോകത്ത് സംഭവിക്കുന്നു. അതും ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ലോക പോരാട്ടത്തില്‍ തന്നെ! 

ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യതാ പോരാട്ടം ജയിച്ച് വരണമെന്ന ഗതികേടു തന്നെ ആ ടീമിന്റെ അവസ്ഥ അടയാളപ്പെടുത്തുന്നു. യുഎസ്എ, നേപ്പാള്‍, സിംബാബ്വെ, നെതര്‍ലന്‍ഡ്‌സ് ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു അവരുടെ യോഗ്യതാ പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളും അവര്‍ ജയിച്ചു. എന്നാല്‍ സിംബാബ്വെ, നെതര്‍ലന്‍ഡ്‌സ് ടീമുകളോടു തോറ്റതോടെ ഒരു പോയിന്റുമില്ലാതെ അവര്‍ സൂപ്പര്‍ സിക്‌സിലേക്ക് കടന്നെങ്കിലും ലോകകപ്പ് സാധ്യതകള്‍ തലനാരിഴയ്ക്ക് ബാക്കിയുണ്ടായിരുന്നു. എന്നാല്‍ സ്‌കോട്‌ലന്‍ഡിനോടും പരാജയപ്പെട്ടതോടെ ആ വീഴ്ച പൂര്‍ണമായി.

1975ലും 79ലും തുടര്‍ച്ചയായി രണ്ട് ലോക കിരീടങ്ങള്‍. ഹാട്രിക്ക് കിരീടത്തിലേക്ക് ഒരു ജയം മാത്രം ആവശ്യമുള്ളപ്പോള്‍ കപിലിന്റെ ചെകുത്താന്‍മാരുടെ ഇച്ഛാശക്തിക്കു മുന്നില്‍ കീഴടങ്ങിയ വിന്‍ഡീസിന്റെ സുവര്‍ണ തലമുറ. വരാനിരിക്കുന്ന മഹാ പതനത്തിന്റെ നാന്ദിയും 83ല്‍ ലോര്‍ഡ്‌സില്‍ അരങ്ങേറിയ ഫൈനലില്‍ കുറിക്കപ്പെട്ടു. 40 വര്‍ഷങ്ങള്‍ക്കിപ്പുറം കരീബിയന്‍ സൗന്ദര്യ ക്രിക്കറ്റിന്റെ മരണ മണിയും നാം കേള്‍ക്കുന്നു. 

ക്ലൈവ് ലോയ്ഡും വിവിയന്‍ റിച്ചാര്‍ഡ്‌സും ആല്‍വിന്‍ കാളിച്ചരണും ഡസ്മണ്ട് ഹെയ്ന്‍സും ഗോര്‍ഡന്‍ ഗ്രീനിഡ്ജും മാല്‍ക്കം മാര്‍ഷും മൈക്കല്‍ ഹോള്‍ഡിങും വിസ്മയ വിഹായസില്‍ പറത്തിക്കളിച്ച ക്രിക്കറ്റിന്റെ വന്യത. പിച്ചില്‍ ചോര പടര്‍ത്തിയ ഒട്ടേറെ നിമിഷങ്ങളുടെ ഭീതി വിതയ്ക്കുന്ന ഓര്‍മകള്‍. 

83ല്‍ ഇന്ത്യയോടേറ്റ ആ തോല്‍വി പക്ഷേ കാര്യങ്ങളെ മാറ്റുമെന്നു അന്നാരും ഓര്‍ത്തില്ല. പിന്നീട് ഒരു ലോകകപ്പിന്റെ ഫൈനലിലും വിന്‍ഡീസ് എത്തിയില്ല. ഇപ്പോള്‍ അവര്‍ ലോകകപ്പ് തന്നെ കളിക്കാനും എത്തുന്നില്ല. 

ലാറയില്‍ നിന്നു തുടങ്ങുന്ന രണ്ടാം കാലം പക്ഷേ വിന്‍ഡീസ് തിരിച്ചെത്തുമെന്ന പ്രതീതി പലപ്പോഴും ജനിപ്പിച്ചു. വന്യത വേണ്ടപ്പോള്‍ മാത്രം പുറത്തെടുത്തും അടിമുടി ലാവണ്യ ശാസ്ത്രമായും ക്രിക്കറ്റിനെ ലാറ അടക്കമുള്ള തലമുറ മാറ്റി പണിയാന്‍ ശ്രമിച്ചു. ലാറയും കാള്‍ ഹൂപ്പറും ശിവ്‌നാരെയ്ന്‍ ചന്ദര്‍പോളും രാംനരേഷ് സര്‍വനും കോര്‍ട്‌നി വാല്‍ഷും കര്‍ട്‌ലി ആംബ്രോസും ഇയാന്‍ ബിഷപ്പും ചേര്‍ന്ന സംഘം പക്ഷേ, ചില ആനന്ദത്തിന്റെ ഔന്നത്യമുള്ള നിമിഷങ്ങള്‍ സമ്മാനിച്ചതു മാറ്റി നിര്‍ത്തിയാല്‍ അവരുടെ ശ്രമങ്ങളും ഫലം കാണാതെ പാതിയില്‍ നിന്നു. 

ക്രിസ് ഗെയ്‌ലെന്ന യൂനിവേഴ്‌സ് ബോസിന്റെ കാലത്തെത്തുമ്പോള്‍ ക്രിക്കറ്റിന്റെ കുട്ടി ഫോര്‍മാറ്റായ ടി20യില്‍ മികവുള്ള താരങ്ങളാല്‍ സമ്പന്നമായി നിന്നു വിന്‍ഡീസ്. ഡാരന്‍ സമ്മിയെന്ന ശരാശരിക്കാരനായ ഒരു താരം തന്റെ ക്യാപ്റ്റന്‍സി മികവു കൊണ്ടു രണ്ട് തവണ ടി20 ലോക ചാമ്പ്യന്‍മാരായി ടീമിനെ മാറ്റിയതായിരുന്നു സമീപ കാലത്ത് ക്രിക്കറ്റ് ലോകത്തെ ആനന്ദിപ്പിച്ച കരീബിയന്‍ കാഴ്ച. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും വിന്‍ഡീസ് പതനത്തിന്റെ പടുകുഴിയിലേക്ക് പതിച്ചു കഴിഞ്ഞിരുന്നു. 

രണ്ടാം ടി20 ലോകകപ്പ് നേടിയ ശേഷം ക്രിക്കറ്റ് ബോര്‍ഡിനെതിരെ സമ്മി നടത്തിയ തുറന്നു പറച്ചില്‍ വിന്‍ഡീസ് ക്രിക്കറ്റ് എത്തി നില്‍ക്കുന്ന പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. കാരണം ആ ലോകകപ്പ് കളിക്കാന്‍ വേണ്ടി മാത്രമാണ് സമ്മിയെ ടീമിലെടുത്തത്. ബോര്‍ഡിന്റെ തലപ്പത്തെ രാഷ്ട്രീയ കളികള്‍ പലപ്പോഴും ക്രിക്കറ്റ് ടീമിനെ സാരമായി തന്നെ ബാധിച്ചു. രാജാവ് നഗ്നനും, വിശ്വ വിജയി ഏകനുമാണെന്നു അന്ന് സമ്മി തുറന്നടിച്ചു. 

സമ്മിയെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് കുറച്ചു ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിന്‍ഡീസ് എത്തിച്ചു. എന്നാല്‍ അയാള്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള ഒരു സാധ്യതയും നിലവിലെ ടീമില്‍ ഉണ്ടായിരുന്നില്ല. ഹതാശനായി ആ മനുഷ്യനും ഗ്രൗണ്ടിനു പുറത്തു തോല്‍വി കണ്ടു നിന്നു. 

സ്‌കോട്‌ലന്‍ഡ് നേടിയത് അട്ടിമറി വിജയമാണെന്നു പറയാന്‍ സാധിക്കില്ല. കാരണം അത്രയേറെ മുറിപ്പെട്ട്, പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലായിപ്പോയ ഒരു ടീമിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ചു പോയ ഒരു ക്രിക്കറ്റ് സംസ്‌കാരത്തിനു സ്‌കോട്‌ലന്‍ഡ് ദയാവധം അനുവദിച്ചു കൊടുക്കുകയായിരുന്നു.

കരീബിയന്‍ ക്രിക്കറ്റിനു എന്താണു സംഭവിച്ചതു എന്നു കൃത്യമായി പറയുക എളുപ്പമല്ല. പല കാരണങ്ങള്‍ പല തരത്തില്‍ അവരെ ബാധിച്ചു. 15 രാഷ്ട്രങ്ങള്‍ ക്രിക്കറ്റിനു വേണ്ടി മാത്രം ഒന്നിച്ചു നില്‍ക്കുന്ന അപൂര്‍വതയടക്കം ഈ പതനത്തില്‍ മുഴച്ചു നില്‍ക്കുന്നു. മറ്റെല്ലാ കായിക പോരാട്ടങ്ങളിലും ഈ രാജ്യങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് നില്‍ക്കുന്നത്. ആ രീതി തന്നെ ക്രിക്കറ്റിലും വേണമെന്ന നിലപാടിലാണ് പല രാഷ്ട്രങ്ങളും. 

വരാനിരിക്കുന്ന ലോകകപ്പിന്റെ വലിയ നഷ്ടം എന്താണെന്നു ചോദിച്ചാല്‍ അതിനുത്തരമാണ് വെസ്റ്റ് ഇന്‍ഡീസ്. ജയത്തിനും തോല്‍വിക്കുമപ്പുറം വിന്‍ഡീസ് എന്നാല്‍ അടിമുടി ആനന്ദമാണ്... ക്രിക്കറ്റിന്റെ പരമാനന്ദം. പുതിയ ഉറവ പൊട്ടി അതു അനസ്യൂതം ഒഴുകുമെന്ന് ക്രിക്കറ്റ് പ്രേമിയെന്ന നിലയില്‍ പ്രതീക്ഷ മാത്രം ബാക്കി നിര്‍ത്തട്ടെ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com