'പ്രധാനമന്ത്രിയാകാൻ സഹായിച്ചു, ഫോൺ വിളിച്ച് പോലും നന്ദി പറഞ്ഞില്ല'- ഇമ്രാനെതിരെ മിയാൻദാദ്

1992ലെ ലോകകപ്പ് ഫൈനലിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തിയാണ് പാകിസ്ഥാൻ കന്നി ഏകദിന ലോക കിരീടം നേടിയത്
ഇമ്രാന്‍/ ട്വിറ്റര്‍
ഇമ്രാന്‍/ ട്വിറ്റര്‍

ഇസ്ലാമബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും രാജ്യത്തിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനുമായ ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് സഹ താരമായിരുന്ന ജാവേദ് മിയാൻദാദ്. 1992ൽ പാകിസ്ഥാൻ ലോകകപ്പ് നേടിയപ്പോൾ ഇമ്രാൻ നായകനും മിയാൻദാദ് സഹ താരവുമായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ താൻ ഇമ്രാനെ സഹായിച്ചെന്നും അതിനൊരു നന്ദി പോലും പറയാൻ അദ്ദേഹം തയ്യാറായില്ലെന്നുമാണ് മിയാൻദാദ് ഇപ്പോൾ പറയുന്നത്. 

'പ്രധാനമന്ത്രിയാകാൻ ഇമ്രാൻ ഖാനെ ഞാൻ സഹായിച്ചിട്ടുണ്ട്. സത്യപ്രതി‍ജ്ഞാ ചടങ്ങിൽ ഞാൻ പങ്കെടുക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം നന്ദി വാക്ക് പറഞ്ഞു ഒരു ഫോൺ കോൾ പോലും അദ്ദേഹം എനിക്ക് ചെയ്തിട്ടില്ല. അതു അദ്ദേഹത്തിന്റെ കടമയായിരുന്നു. എന്നാൽ നിരാശപ്പെടുത്തുന്ന പെരുമാറ്റമാണ് ഇമ്രാന്റെ ഭാ​ഗത്തു നിന്നുണ്ടായത്'- മിയാൻദാദ് വ്യക്തമാക്കി. 

1992ലെ ലോകകപ്പ് ഫൈനലിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തിയാണ് പാകിസ്ഥാൻ കന്നി ഏകദിന ലോക കിരീടം നേടിയത്. 22 റൺസിനായിരുന്നു അവരുടെ ജയം. ഫൈനലിൽ ഇമ്രാനും മിയാൻദാദും ചേർന്ന സഖ്യമാണ് പാക് വിജയത്തിനു അടിത്തറയിട്ടത്. ഇമ്രാൻ 72 റൺസും മിയാൻദാദ് 58 റൺസും നേടി. 

പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ഇമ്രാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. വലിയ പ്രതീക്ഷകളോടെ അദ്ദേഹം പ്രധാനമന്ത്രിയായെങ്കിലും തന്റെ മുന്‍ഗാമികളുടെ അതേ അവസ്ഥ തന്നെയാണ് അദ്ദേഹത്തേയും കാത്തിരുന്നു. കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് അദ്ദേഹം പടിയിറങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇമ്രാന് പ്രധാനമനന്ത്രി സ്ഥാനം നഷ്ടമായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com