'ജീവിതം കഠിനമായിരുന്നു, നന്നായി അധ്വാനിച്ചു, അതിന്റെ ഫലം കിട്ടി'- ചരിത്രമെഴുതി മിന്നു ഇന്ത്യന്‍ ടീമിലേക്ക്

കേരളത്തില്‍ നിന്നു ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുന്ന ആദ്യ വനിതാ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് താരം ടീമിലെത്തുന്നത്
മിന്നു മണി/ ട്വിറ്റര്‍
മിന്നു മണി/ ട്വിറ്റര്‍

ന്ത്യന്‍ സീനിയര്‍ വനിതാ ടീമിലേക്ക് വിളിയെത്തിയതിന്റെ സന്തോഷത്തിലാണ് കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരം മിന്നു മണി. ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനത്തെ വാക്കുകള്‍ കൊണ്ടു ഫലിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഓള്‍റൗണ്ടര്‍ കൂടിയായ താരം വ്യക്തമാക്കി. വലം കൈയൻ ബൗളറും ഇടം കൈയൻ ബാറ്ററുമാണ് 23കാരിയായ കേരള ഓൾറൗണ്ടർ.

'ബംഗ്ലാദേശ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു പോയിരുന്നു. എനിക്ക് ഇതെങ്ങനെ പറയണം എന്നറിയില്ല. വാക്കുകള്‍ കിട്ടുന്നില്ല. 2019ല്‍ ഇന്ത്യന്‍ എ ടീമിനൊപ്പം ബംഗ്ലാദേശില്‍ കളിച്ചിട്ടുണ്ട്. അതെനിക്കു ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.' 

'കഠിനമായ ജീവിതത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്. നന്നായി അധ്വാനിച്ചു. അതിന്റെ ഫലം ഇപ്പോള്‍ കിട്ടി. അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരമാവധി ശ്രമിക്കും'- മിന്നു വ്യക്തമാക്കി

ചരിത്രമെഴുതിയാണ് മിന്നു ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുന്ന ആദ്യ വനിതാ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് താരം ടീമിലെത്തുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കാണ് താരത്തെ ഉള്‍പ്പെടുത്തിയത്. കഠിനാധ്വാനമാണ് താരത്തിന്റെ കൈമുതല്‍. 

വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തില്‍ നിന്നുള്ള ക്രിക്കറ്റ് താരമാണ് മിന്നു. ചോയിമൂലയിലാണ് മിന്നുവിന്റെ വീട്. ദിവസ വേതനത്തിനു ജോലി ചെയ്യുന്ന ആളാണ് മിന്നുവിന്റെ അച്ഛന്‍. അമ്മ വീട്ടമ്മയാണ്. 

ബംഗ്ലാദേശ് പര്യടനത്തിനുള്ള 18 അംഗ ടി20 ടീമിലാണ് മിന്നു ഇടംപിടിച്ചത്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു മിന്നു മണി. വനിതാ ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി താരം എന്ന റെക്കോര്‍ഡും നേരത്തെ മിന്നു സ്വന്തമാക്കിയിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. 

ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളാണുള്ളത്. ഇതിനൊപ്പം ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗറാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിങിനേയും ടീമില്‍ നിന്ന് ഒഴിവാക്കി. ഈ മാസം ഒന്‍പതിന് മിര്‍പുരില്‍ ആദ്യ ടി20 മത്സരം നടക്കും. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇംകൈയന്‍ സ്പിന്നര്‍മാരായ രാജേശ്വരി ഗെയ്ക്‌വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com