എന്നാലും വാര്‍ണറേ! ബ്രോഡിനെ കണ്ടാല്‍ മുട്ടിടിക്കുന്ന ഓസീസ് ഓപ്പണര്‍; വീണു 17ാം തവണയും (വീഡിയോ)

ഇത്തവണ അഞ്ച് പന്തില്‍ ഒരു റണ്ണാണ് വാര്‍ണര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന്റെ പോരാട്ടം മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ എത്തിയപ്പോഴാണ് വാര്‍ണറുടെ വീഴ്ച
വാർണറുടെ വിക്കറ്റെടുത്ത ബ്രോഡിന്റെ ആ​​ഹ്ലാദം/ ട്വിറ്റർ
വാർണറുടെ വിക്കറ്റെടുത്ത ബ്രോഡിന്റെ ആ​​ഹ്ലാദം/ ട്വിറ്റർ

ലണ്ടന്‍: ഈ സ്റ്റുവര്‍ട്ട് ബ്രോഡിനെക്കൊണ്ടു തോറ്റു എന്നായിരിക്കും വാര്‍ണര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എപ്പോള്‍ ക്രീസിലെത്തിയാലും തിടുക്കപ്പെട്ട് തന്നെ മടക്കാന്‍ ഇയാള്‍ എന്തിനു ശ്രമിക്കുന്ന എന്നു ഓസീസ് ഓപ്പണര്‍ ചിന്തിച്ചാലും കുറ്റം പറയാന്‍ പറ്റില്ല. 

കാരണം ആഷസ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വീണു. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനു മുന്നില്‍ തന്നെ! കരിയറിലെ 17ാം തവണയും ടെസ്റ്റ് പോരാട്ടത്തില്‍ വാര്‍ണറുടെ വിക്കറ്റ് ബ്രോഡിന്റെ പോക്കറ്റില്‍. 

ഇത്തവണ അഞ്ച് പന്തില്‍ ഒരു റണ്ണാണ് വാര്‍ണര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന്റെ പോരാട്ടം മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ എത്തിയപ്പോഴാണ് വാര്‍ണറുടെ വീഴ്ച. 

ആഷസ് പരമ്പരയില്‍ ഫോം ഇല്ലാതെ ഉഴലുകയാണ് ഓസീസ് ഓപ്പണര്‍. അതിന്റെ സമ്മര്‍ദ്ദത്തിനിടെയാണ് താരം ബ്രോഡിനു മുന്നില്‍ തുടര്‍ച്ചയായി രണ്ടാം ഇന്നിങ്‌സിലും വീണത്. ഒന്നാം ഇന്നിങ്‌സിലും വാര്‍ണര്‍ അഞ്ച് പന്തുകള്‍ മാത്രമേ നേരിട്ടുള്ളു. നാല് റണ്‍സായിരുന്നു സമ്പാദ്യം. 

17ാം തവണയും വാര്‍ണറെ മടക്കി കരിയറില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ബാറ്ററെ തന്നെ പല തവണ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ ബ്രോഡ് മുന്‍ വിന്‍ഡീസ് പേസ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിനെ മറികടന്നു. ഒന്നാം ഇന്നിങ്‌സില്‍ 16ാം തവണ വീഴ്ത്തി ബ്രോഡ് മര്‍ഷലിനൊപ്പം എത്തിയിരുന്നു. മാര്‍ഷല്‍ ഇംഗ്ലണ്ട് ഇതിഹാസം ഗ്രഹാം ഗൂച്ചിനെ 16 തവണ പുറത്താക്കിയിട്ടുണ്ട്. 40 ഇന്നിങ്സുകള്‍ക്കിടെയാണ് ഇത്രയും ഔട്ടുകള്‍. വാര്‍ണറെ 51 ഇന്നിങ്സുകള്‍ക്കിടെയാണ് ബ്രോഡ് 17 തവണ മടക്കിയത്. 

ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 34 ഇന്നിങ്സുകളില്‍ നിന്നായി മൈക്കല്‍ ആര്‍തര്‍ട്ടനെ 19 തവണ മടക്കിയാണ് മഗ്രാത്ത് റെക്കോര്‍ഡിട്ടത്. ഇംഗ്ലണ്ടിന്റെ അലക്ക് ബെഡ്സറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓസീസ് താരം ആര്‍തര്‍ മോറിസിനെ 37 ഇന്നിങ്സുകള്‍ക്കിടെ 18 തവണ ബെഡ്സര്‍ വീഴ്ത്തി. 

വിന്‍ഡീസ് പേസ് ഇതിഹാസ ദ്വയങ്ങളായ കര്‍ട്ലി ആംബ്രോസ്, കോര്‍ട്നി വാല്‍ഷ് സഖ്യം 17 തവണ ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആര്‍തര്‍ട്ടനെ മടക്കി. ആംബ്രോസ് 47 ഇന്നിങ്സുകളും വാല്‍ഷ് 50 ഇന്നിങ്സും കളിച്ചാണ് ഇത്രയും തവണ മുന്‍ ഇംഗ്ലീഷ് നായകനെ മടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com