'ഹസിൻ ജഹാന്റെ വാദത്തിൽ കഴമ്പുണ്ട്, മുഹമ്മ​ദ് ഷമിക്കെതിരായ കേസ് ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണം'- സുപ്രീം കോടതി

ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹസിൻ കൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇതു തള്ളി. ഇതിനെതിരെയാണ് ഹസിൻ സുപ്രീം കോടതിയെ സമീപിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. താരത്തിനെതിരായ പരാതി ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നു കോടതി നിർദ്ദേശിച്ചു. 

ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹസിൻ കൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇതു തള്ളി. ഇതിനെതിരെയാണ് ഹസിൻ സുപ്രീം കോടതിയെ സമീപിച്ചത്. മെയ് മാസത്തിലാണ് ഹസിൻ ഹർജി നൽകിയത്. ഈ ഹർജിയിലാണ് കോടതി വിധി. 

കൊൽക്കത്തയിലെ സെഷൻസ് കോടതിയാണ് ഷമിക്കെതിരായ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്. ഹസിൻ നൽകിയ  പരാതി ഒരു മാസത്തിനകം ഈ കോടതി തീർപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

'മുഹമ്മദ് ഷമിക്കെതിരെ 2018 മാർച്ചിലാണ് കേസെടുക്കുന്നത്. താരത്തിനെതിരെ ശിക്ഷാർഹമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റിൽ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. ഇതിനെതിരെ സെഷൻസ് കോടതിയിൽ ഷമി നൽകിയ അപ്പീലിലാണ് അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്. നാല് വർഷത്തിലേറെയായി സ്റ്റേ തുടരുന്നു.'

'മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചാൽ കേസിന്റെ തുടർ നടപടികൾ തുടർച്ചയായി സ്റ്റേ ചെയ്യുന്നത് ന്യായമല്ലെന്ന ഹർജിക്കാരിയുടെ വാദത്തിൽ കഴമ്പുണ്ട്. അതിനാൽ ഈ വിധിയുടെ പകർപ്പ് കിട്ടി ഒരു മാസത്തിനുള്ളിൽ സെഷൻസ് കോടതി ജഡ്ജി കേസ് തീർപ്പാക്കണം'- സുപ്രീം കോടി ഉത്തരവിൽ വ്യക്തമാക്കി. 

ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ നൽകിയ ഹർ‌ജിയിൽ പറയുന്നു. ഇന്ത്യൻ ടീമിന്റെ യാത്രകൾക്കിടെ ഷമി വിവാഹേതര ബന്ധങ്ങൾ തുടരുന്നതായി ഹസിൻ ജഹാൻ ആരോപിച്ചു. ക്രിക്കറ്റ് യാത്രകളിൽ ബിസിസിഐ അനുവദിക്കുന്ന മുറികളിൽ വച്ച് ഷമി അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നാണു പരാതി. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഷമിയും കുടുംബവും ഉപദ്രവിച്ചു. ഷമി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ഹസിൻ ജഹാൻ ഹർജിയിൽ പരാതിപ്പെട്ടു.

ഷമിയുടെ അറസ്റ്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ ഹസിൻ ജഹാൻ കൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി നേടാൻ സാധിച്ചില്ല. കഴിഞ്ഞ നാല് വർ‌ഷമായി കേസിൽ വിചാരണ നടക്കുന്നില്ല. നിയമത്തിനു മുന്നില്‍ സെലിബ്രിറ്റിയാണെന്ന പേരിൽ പരിഗണന ലഭിക്കരുത്. നാല് വർഷത്തോളമായി കേസിൽ വിചാരണ നടക്കുന്നില്ല. അതുകൊണ്ട് സ്റ്റേ തുടരുകയാണെന്നും ഹസിൻ ഹർജിയിൽ പറഞ്ഞു.

തന്നേക്കാൾ 10 വയസ് പ്രായം കൂടുതലുള്ള ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം കഴിച്ചത്. 2018ലാണ് ഹസിൻ ജഹാൻ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതി നൽകിയത്. അന്നു മുതൽ വേർപിരിഞ്ഞാണ് താമസം. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. 

ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സെയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്. 

2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് അവർ പൊലീസിൽ പരാതിയും നൽകി. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് പരാതിയില്‍ പൊലീസ് കേസെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com