'അവരോട് എനിക്ക് നോ പറയാന്‍ സാധിക്കില്ല!'- വിരമിക്കലിൽ യു ടേൺ അടിച്ച് തമിം; വീണ്ടും പിച്ചിലേക്ക്

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തമിം തീരുമാനം പിന്‍വലിച്ചത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് താന്‍ തീരുമാനം മാറ്റിയതെന്നു തമിം വ്യക്തമാക്കി
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ധാക്ക: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച ബംഗ്ലാദേശ് ഇതിഹാസ ഓപ്പണറും ക്യാപ്റ്റനുമായ തമിം ഇഖ്ബാല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും കളത്തിലേക്ക്! ലോകകപ്പിനു മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയുള്ള തമിം ഇഖ്ബാലിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള ഏകദിന പോരാട്ടത്തില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് നായകന്‍ കൂടിയായ തമിം ഇഖ്ബാലിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തമിം തീരുമാനം പിന്‍വലിച്ചത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് താന്‍ തീരുമാനം മാറ്റിയതെന്നു തമിം വ്യക്തമാക്കി. 

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിയുമായി ദീര്‍ഘ സംഭാഷണം നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ഈ ചര്‍ച്ചയില്‍ അവര്‍ എന്നോടു ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. അതിനാല്‍ ഞാന്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുകയാണ്.' 

'എനിക്ക് ആരോടും പറ്റില്ല എന്നു പറയാന്‍ സാധിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയോടു പക്ഷേ അതു പറയാന്‍ സാധിക്കില്ല'- കൂടിക്കാഴ്ചയ്ക്കു ശേഷം തമിം മാധ്യമങ്ങളോടു വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പോരാട്ടത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ക്യാപ്റ്റന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മത്സരത്തില്‍ മഴയെ തുടര്‍ന്നു ഫലം പുനര്‍നിര്‍ണയിച്ചപ്പോള്‍ ജയം അഫ്ഗാനായിരുന്നു. 

ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വെറും മൂന്ന് മാസം മാത്രമുള്ളപ്പോഴാണ് തമീമിന്റെ ഞെട്ടിക്കുന്ന തീരുമാനം. അഫ്ഗാനെതിരായ തോല്‍വിക്ക് പിന്നാലെയാണ് തമിം തീരുമാനം പ്രഖ്യാപിച്ചത്. പത്രസമ്മേളനം വിളിച്ചായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.

താരം വികാരാധീനനായാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്നും പെട്ടെന്നെടുത്ത തീരുമാനം അല്ലെന്നും തമിം വ്യക്തമാക്കിയിരുന്നു. കുടുംബവുമായി സംസാരിച്ചു. ഏറെ നാളായി ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. വിരമിക്കുന്നതിനെ വിവിധ കാരണങ്ങളുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖമായി ലോക ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന താരമാണ് തമിം. 2007ല്‍ കൗമാര താരമായിരിക്കെയാണ് തമിം ബംഗ്ലാ ടീമില്‍ അരങ്ങേറിയത്. ഇന്ത്യക്കെതിരെ 2007 ഏകദിന ലോകകപ്പിലാണ് താരം അരങ്ങേറ്റ മത്സരം കളിച്ചത്. ഈ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തമിം ഇന്ത്യക്കെതിരായ ചരിത്ര വിജയത്തില്‍ നിര്‍ണായ പങ്കു വഹിച്ചു അരങ്ങേറ്റം അവിസ്മരണീയമാക്കി. 

ബംഗ്ലാദേശിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ഒരാളാണ് ഓപ്പണര്‍ കൂടിയായ തമിം ഇഖ്ബാല്‍. 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8313 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 

ടെസ്റ്റില്‍ 5000ത്തിനു മുകളിലാണ് റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു നേരത്തെ തന്നെ താരം വിരമിച്ചു. പത്ത് സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നേടി. ടി20 ഫോര്‍മാറ്റില്‍ 1758 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ ശതകങ്ങളും ഇതിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com