അച്ഛന്റെയും മകന്റെയും വിക്കറ്റ് വീഴ്ത്തി; വിന്‍ഡീസില്‍ ആദ്യദിനത്തില്‍ അശ്വിന് 'റെക്കോര്‍ഡ് മഴ'

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബെഞ്ചിലിരുത്തിയതിന്റെ മധുരപ്രതികാരമാണ് ഈ ലോകത്തര സ്പിന്നര്‍ ഇന്നലെ കളിക്കളത്തിലൂടെ മറുപടി നല്‍കിയത്. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡൊമനിക്ക: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ കളി മികവിലാണ് ഇന്ത്യയക്ക് ആതിഥേയരെ 150 റണ്‍സില്‍ ഒതുക്കാന്‍ കഴിഞ്ഞത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബെഞ്ചിലിരുത്തിയതിന്റെ മധുരപ്രതികാരമാണ് ഈ ലോകത്തര സ്പിന്നര്‍ ഇന്നലെ കളിക്കളത്തിലൂടെ മറുപടി നല്‍കിയത്. അഞ്ച് വിന്‍ഡീസ് വിക്കറ്റുകളാണ് 36കാരന്‍ എറിഞ്ഞുവീഴ്ത്തിയത്. ഒപ്പം നിരവധി റെക്കോര്‍ഡുകളും.

രാജ്യാന്തര മത്സരത്തില്‍ അച്ഛന്റെയും മകന്റെയും വിക്കറ്റ് സ്വന്തമാക്കുന്ന താരമെന്ന അപൂര്‍വ നേട്ടത്തിനൊപ്പം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ബോള്‍ഡാക്കി ഔട്ടാക്കുന്ന ഇന്ത്യന്‍ ബോളര്‍ എന്ന നേട്ടവും അശ്വിന്‍ സ്വന്തം പേരിലെഴുതി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ശിവ് നാരായണ്‍ ചന്ദര്‍പോളിന്റെയും മകന്‍ തേജ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെയും വിക്കറ്റ് വീഴ്ത്തിയതോടെയാണ് അച്ഛന്റെയും മകന്റെയും വിക്കറ്റ് നേട്ടം കൈവരിച്ചത്. കൂടാതെ രാജ്യാന്തര ക്രിക്കറ്റില്‍ അച്ഛനും മകനുമെതിരെ കളിക്കുന്ന താരമെന്ന നേട്ടം കോഹ് ലിക്കും രോഹിതിനുമൊപ്പം അശ്വിനും പങ്കിട്ടു. 

94 തവണ ബാറ്റര്‍മാരുടെ കുറ്റി തെറിപ്പിച്ച അനില്‍ കുംബ്ലെയെ മറികടന്നാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ബോള്‍ഡാക്കി ഔട്ടാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം അശ്വിന്‍ കൈവരിച്ചത്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരകളില്‍ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബോളര്‍ എന്ന റെക്കോര്‍ഡും അശ്വിന്‍ നേടി. ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോര്‍ഡിനൊപ്പമാണ് അശ്വിനെത്തിയത്.

700 രാജ്യാന്തര വിക്കറ്റുകളെന്ന അഭിമാന നേട്ടവും അശ്വിന്‍ വിന്‍ഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ദിനം സ്വന്തമാക്കി. വിന്‍ഡീസ് താരം അല്‍സാരി ജോസഫായിരുന്നു അശ്വിന്റെ രാജ്യാന്തര കരിയറിലെ 700ാം ഇര. നിലവില്‍ 702 വിക്കറ്റുകള്‍ ഉള്ള അശ്വിന്‍, ഏറ്റവും കൂടുതല്‍ രാജ്യാന്തര വിക്കറ്റുകള്‍ ഉള്ള ഇന്ത്യന്‍ ബോളര്‍മാരില്‍ മൂന്നാമതാണ്. അനില്‍ കുംബ്ലെയാണ് രണ്ടാമത്. രണ്ടാം സ്ഥാനത്തുള്ള ഹര്‍ഭജനെ മറികടക്കാന്‍ അശ്വിന് വേണ്ടത് ഇനി9 വിക്കറ്റുകള്‍ മാത്രമാണ്. 

ടെസ്റ്റ് ക്രിക്കറ്റില്‍ 33-ാമത് തവണ അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന്‍ ഇന്നലെ കൈവരിച്ചു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍. 67 എണ്ണമുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com