'ബാറ്റിങ് ആസ്വദിച്ചു, വെല്ലുവിളികള്‍ ഉയരുമ്പോള്‍ എനിക്ക് ഫുള്‍ ചാര്‍ജ്'- സെഞ്ച്വറി നേട്ടത്തില്‍ കോഹ്‌ലി

കരീബിയന്‍ മണ്ണില്‍ താരം നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്. 2016ല്‍ കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസില്‍ ഇരട്ട സെഞ്ച്വറി നേടിരുന്നു
കോഹ്‌ലി/ പിടിഐ
കോഹ്‌ലി/ പിടിഐ

പോര്‍ട് ഓഫ് സ്‌പെയിന്‍: അഞ്ച് വര്‍ഷത്തിനു ശേഷമുള്ള വിദേശ മണ്ണിലെ ടെസ്റ്റ് സെഞ്ച്വറി ആഘോഷമാക്കി വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 121 റണ്‍സ് നേടിയ കോഹ്‌ലി പ്രകടനത്തില്‍ പൂര്‍ണ തൃപ്തനാണെന്നു സ്വയം വിലയിരുത്തുന്നു. വെല്ലുവിളികള്‍ ഏറ്റെടുത്തു പൊരുതുമ്പോള്‍ താന്‍ ഫുള്‍ ചാര്‍ജിലായിരിക്കുമെന്നും സെഞ്ച്വറിക്ക് ശേഷം കോഹ്‌ലി വ്യക്തമാക്കി. 

'ക്യൂന്‍സ് പാര്‍ക് ഓവലിലെ പിച്ചില്‍ എനിക്ക് ശരിക്കും ആസ്വദിച്ചു ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു. വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ബാറ്റിങ് തുടങ്ങിയത്. ഔട്ട്ഫീല്‍ഡ് മന്ദഗതിയിലായിരുന്നു. ക്ഷമയോടെ കാത്തിരുന്നാണ് ബാറ്റിങ് മുന്നോട്ടു കൊണ്ടുപോയത്. പിന്നീട് നല്ല റിഥം ലഭിച്ചു. എന്തെങ്കിലും മറികടക്കാന്‍ മനസില്‍ വിചാരിച്ചാല്‍ അപ്പോള്‍ മുതല്‍ ഞാന്‍ ചാര്‍ജിലാവും.' 

'ഇന്ത്യക്കായി 500 മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥനാണ്. ടീമിനു വേണ്ടി ചിലത് ചെയ്യാന്‍ സാധിച്ചതിലും സന്തോഷം. ഞാന്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് വിദേശ പിച്ചിലാണ്. 15 സെഞ്ച്വറികള്‍ വിദേശ പിച്ചിലാണ് നേടിയത്. 50 മുകളില്‍ സ്‌കോറുകളും കൂടുതല്‍ നേടിയത് വിദേശ പിച്ചില്‍ തന്നെ.' 

'ടീമിനായി കളിക്കുന്നതിലാണ് എന്റെ പൂര്‍ണ ശ്രദ്ധ. ടീമിനെ സഹായിക്കുക എന്നതാണ് എന്റെ ചുമതല. ഈ റണ്‍സ് കണക്കുകളും നാഴികക്കല്ലുകളും വ്യക്തമാക്കുന്നത് എന്നില്‍ നിന്നു ടീം മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു എന്നാണ്.' 

'ഫിറ്റ്‌നസിലെ കര്‍ശനമായ ശ്രദ്ധയാണ് മികവിന്റെ അടിസ്ഥാനം. പരിശീലനം, ഉറക്കം, വിശ്രമം, ഭക്ഷണം എന്നിവയിലെല്ലാം ഞാന്‍ ശ്രദ്ധ നല്‍കുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്തും അതിലൂടെ ലഭിക്കുന്നു. എല്ലാ ഫോര്‍മാറ്റിലും തിളങ്ങാനും ഫിറ്റ്‌നസ് കാക്കുന്നത് സഹായകരമായി മാറുന്നു.' 

'ക്രിക്കറ്റ് ചരിത്രത്തിന്റെ ധാരാളം ഓര്‍മകളും മറ്റുമുള്ള മണ്ണാണിത്. ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിക്കുന്ന ജനതയാണ് കരീബിയന്‍ മണ്ണില്‍ ജീവിക്കുന്നത്. ഈ മണ്ണിലെ ക്രിക്കറ്റിന്റെ ചരിത്ര പ്രാധാന്യം അത്രയുണ്ട്. അതിനാല്‍ തന്നെ ഇവിടെ കളിക്കുന്നത് വളരെ അധികം ആസ്വദിക്കുന്നു.'

'അന്റിഗ്വയും ക്യൂന്‍സ് പാര്‍ക്ക് ഓവലും എന്റെ പ്രിയപ്പെട്ട മൈതാനങ്ങളാണ്. ഇവിടങ്ങളെ അന്തരീക്ഷം എനിക്ക് അത്രയധികം ആനന്ദം തരുന്നതാണ്. അതുപോലെയാണ് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡും ദക്ഷിണാഫ്രിക്കയിലെ ബുള്‍റിങ് സ്റ്റേഡിയവും'- കോഹ്‌ലി വ്യക്തമാക്കി. 

കരീബിയന്‍ മണ്ണില്‍ താരം നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്. 2016ല്‍ കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസില്‍ ഇരട്ട സെഞ്ച്വറി നേടിരുന്നു. ഇന്നലെ നേടി സെഞ്ച്വറി കോഹ്‌ലിയുടെ 76ാം അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com