'2,721 കോടി വേണ്ട'- അല്‍ ഹിലാല്‍ അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ച് എംബാപ്പെ

ബ്രസീല്‍ താരം മാല്‍ക്കമിനെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായി അല്‍ ഹിലാല്‍ ക്ലബ് അധികൃതര്‍ പാരിസിലെത്തിയിരുന്നു. അതിനിടെ എംബാപ്പെയുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു ക്ലബ് അധികൃതരുടെ പദ്ധതി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: സൗദി ക്ലബ് അല്‍ ഹിലാല്‍ മുന്നില്‍ വച്ച ലോക റെക്കോര്‍ഡ് തുകയില്‍ താത്പര്യം കാണിക്കാതെ ഫ്രഞ്ച് ഫുട്‌ബോള്‍ താരവും നിലവില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) മന്നേറ്റക്കാരനുമായ കിലിയന്‍ എംബാപ്പെ. 2,721 കോടിയുടെ, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമാണ് അല്‍ ഹിലാല്‍ ഫ്രഞ്ച് താരത്തിനു മുന്നില്‍ വച്ചത്. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സൗദി ക്ലബ് അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് പോലും താരം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ താരം മാല്‍ക്കമിനെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായി അല്‍ ഹിലാല്‍ ക്ലബ് അധികൃതര്‍ പാരിസിലെത്തിയിരുന്നു. അതിനിടെ എംബാപ്പെയുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു ക്ലബ് അധികൃതരുടെ പദ്ധതി. എന്നാല്‍ താരം ഇക്കാര്യത്തില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ 2024ല്‍ അവസാനിക്കും. ക്ലബ് വിടാന്‍ താത്പര്യം കാണിക്കുന്ന എംബാപ്പെയെ ഈ ട്രാന്‍സ്ഫര്‍ ഘട്ടത്തില്‍ തന്നെ പൊന്നും വില വാങ്ങി ഒഴിവാക്കാനാണ് പിഎസ്ജി പരിശ്രമിക്കുന്നത്. 

അടുത്ത വര്‍ഷം കരാര്‍ തീര്‍ന്നാല്‍ താരം ഫ്രീ ഏജന്റാകും. ക്ലബിനെ സംബന്ധിച്ചു അതു സാമ്പത്തിക ലാഭം ഉള്ള കാര്യമാല്ല. ഇതൊഴിവാക്കുകയും സൂപ്പര്‍ താരത്തിലൂടെ ക്ലബിന്റെ വരുമാനം ഉയര്‍ത്തുകയുമാണ് ഇപ്പോള്‍ ഫ്രഞ്ച് ക്ലബ് മുന്നില്‍ കാണുന്നത്. 

എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് വമ്പന്‍മാരുമായി എംബാപ്പെ ഇക്കാര്യത്തില്‍ ധാരണയായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യങ്ങളും പിഎസ്ജി മനസിലാക്കിയിരുന്നു. പിന്നാലെയാണ് താരത്തെ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവര്‍ തുടങ്ങിയത്. 

അല്‍ ഹിലാല്‍ പിഎസ്ജിയില്‍ നിന്നു മെസിയെ ടീമിലെത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. അല്‍ നസര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൊണ്ടു വന്നതിനു പിന്നാലെ യൂറോപ്യന്‍ ക്ലബുകളില്‍ നിന്നു വമ്പന്‍ താരങ്ങളാണ് ഇപ്പോള്‍ സൗദിയിലേക്ക് ചേക്കേറുന്നത്. 

ഈ പശ്ചാത്തലത്തിലാണ് മെസിയെ എത്തിക്കാന്‍ അല്‍ ഹിലാലും നീക്കം തുടങ്ങിയത്. എന്നാല്‍ കരിയറിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന മെസി ഭാവി മുന്നില്‍ കണ്ടാണ് നീങ്ങിയത്. താരം മേജര്‍ ലീഗ് സോക്കറില്‍ പന്തു തട്ടാനായാണ് ആഗ്രഹിച്ചത്. ഡേവിഡ് ബെക്കാമിന്റെ ടീം ഇന്റര്‍ മയാമിക്കായാണ് ഇപ്പോള്‍ മെസി കളിക്കുന്നത്. 

ഈ ശ്രമം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് എംബാപ്പെയിലേക്ക് അവരുടെ കണ്ണ് എത്തിയത്. എന്നാല്‍ അതും ഫലം കാണാത്ത സ്ഥിതിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com