അഞ്ചാം പോരിലും മഴ കളിക്കുന്നു; ലക്ഷ്യത്തിലേക്ക് മികച്ച തുടക്കമിട്ട് ഓസ്‌ട്രേലിയ; വാര്‍ണറിനും ഖവാജക്കും അര്‍ധ സെഞ്ച്വറി

ഖവാജ 69 റണ്‍സും വാര്‍ണര്‍ 58 റണ്‍സും സ്വന്തമാക്കി. പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസിന് ജയത്തിലേക്ക് ഇനി വേണ്ടത് 249 റണ്‍സ് കൂടി
ഡേവിഡ് വാര്‍ണര്‍/ പിടിഐ
ഡേവിഡ് വാര്‍ണര്‍/ പിടിഐ

ഓവല്‍: ആഷസ് പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ജയത്തിലേക്ക് ബാറ്റേന്തുന്ന ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. നാലാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 384 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സെന്ന ശക്തമായ നിലയില്‍. രണ്ടാം ഇന്നിങ്സിലെ ഇംഗ്ലണ്ട് പോരാട്ടം 395 റണ്‍സില്‍ അവസാനിച്ചിരുന്നു. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. ഖവാജ 69 റണ്‍സും വാര്‍ണര്‍ 58 റണ്‍സും സ്വന്തമാക്കി. പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസിന് ജയത്തിലേക്ക് ഇനി വേണ്ടത് 249 റണ്‍സ് കൂടി.

ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. നാലാം ദിനമായ ഇന്ന് ആറ് റണ്‍സ് കൂടി ചേര്‍ത്ത് ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 283 റണ്‍സിനു പുറത്തായി. ഓസ്ട്രേലിയ 295 റണ്‍സിലും വീണു. 12 റണ്‍സിന്റെ നേരിയ ലീഡാണ് ഓസീസിനു സ്വന്തമായത്. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 2-1നു മുന്നിലാണ്. നാലാം ടെസ്റ്റ് മഴയെ തുടര്‍ന്നു സമനിലയില്‍ പിരിഞ്ഞു. ഓസ്ട്രേലിയ പരമ്പര നഷ്ടമാവില്ലെന്ന ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി പരമ്പര സമനിലയിലാക്കുകയാണ് മുന്നില്‍ കാണുന്നത്. 

ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ തന്നെ മുന്നൂറിനു മുകളില്‍ സ്‌കോര്‍ സ്വന്തമാക്കി. ഭാരിച്ച ലക്ഷ്യം മുന്നില്‍ വച്ച് ഓസ്ട്രേലിയയെ വീഴ്ത്തുകയാണ് അവരുടെ തന്ത്രം. ആ തന്ത്രം പകുതി വിജയമായിരിക്കുകയാണ്. ഇനി ഓസ്ട്രേലിയയെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കുകയാണ് ലക്ഷ്യം.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ബാസ് ബോള്‍ തന്ത്രം ശരിക്കും നടപ്പാക്കി. മൂന്നാം ദിനം തുടക്കം മുതല്‍ ബാറ്റിങിനു അവസരം കിട്ടിയ അവര്‍ മുന്‍നിര ബാറ്റര്‍മാരുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 

മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ജോ റൂട്ട് (91), സാക് ക്രൗളി (73), ജോണി ബെയര്‍സ്റ്റോ (78) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്. 

ഏഴ് റണ്‍സെടുത്ത ഹാരി ബ്രൂക് മാത്രമാണ് തിളങ്ങാതെ പോയത്. ബെന്‍ ഡുക്കറ്റ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവര്‍ 42 റണ്‍സുമായി മടങ്ങി. മൊയീന്‍ അലി (29), ക്രിസ് വോക്സ് (ഒന്ന്), മാര്‍ക് വുഡ് (ഒന്‍പത്), ജെയിംസ് ആന്‍ഡേഴ്സന്‍ (എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്റ്റുവര്‍ട്ട് ബ്രോഡ് കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടത്തില്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസ്ട്രേലിയക്കായി ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു. രണ്ടിന്നിങ്സിലുമായി സ്റ്റാര്‍ക്ക് മൊത്തം എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com