'റെനിയേരി മാജിക്ക്' വീണ്ടും; ഇഞ്ച്വറി ടൈം ഗോളില്‍ ജയം; കഗ്ലിയാരി സീരി എയിലേക്ക്

ഡിസംബര്‍ അവസാനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാട്‌ഫോര്‍ഡിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്തായതിന് പിന്നാലെയാണ് റെനിയേരി രണ്ടാം ഡിവിഷനില്‍ കളിച്ച കഗ്ലിയാരിയുടെ ചുമതല ഏറ്റത്
റെനിയേരിയെ എടുത്തുയർത്തി ആഘോഷിക്കുന്ന ക​ഗ്ലിയാരി താരങ്ങൾ/ ട്വിറ്റർ
റെനിയേരിയെ എടുത്തുയർത്തി ആഘോഷിക്കുന്ന ക​ഗ്ലിയാരി താരങ്ങൾ/ ട്വിറ്റർ

മിലാന്‍: ലെയ്‌സ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച റെനിയേരി മാജിക്കിന്റെ മറ്റൊരധ്യായം ഇറ്റലിയിലും. 71കാരനായ പരിശീലകന്‍ ക്ലൗഡിയോ റെനിയേരിയുടെ മാസ്റ്റര്‍മൈന്‍ഡില്‍ കഗ്ലിയാരി വീണ്ടും സീരി എയിലേക്ക്. 2015-16 സീസണിലാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചുള്ള ലെയ്സ്റ്റര്‍ സിറ്റിയുടെ കിരീടധാരണം. സമാനമായ അമ്പരപ്പാണ് ഫുട്‌ബോള്‍ ലോകത്ത് റെനിയേരി വീണ്ടും തീര്‍ത്തിരിക്കുന്നത്. സീരി ബിയില്‍ നിന്നാണ് കഗ്ലിയാരി സീരി എയിലേക്ക് മടങ്ങി എത്തുന്നത്. 

ഡിസംബര്‍ അവസാനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാട്‌ഫോര്‍ഡിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്തായതിന് പിന്നാലെയാണ് റെനിയേരി രണ്ടാം ഡിവിഷനില്‍ കളിച്ച കഗ്ലിയാരിയുടെ ചുമതല ഏറ്റത്. അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ സീരി ബിയിൽ ക​ഗ്ലിയാരി 14ാം സ്ഥാനത്തായിരുന്നു. ആറ് മാസം കൊണ്ടാണ് റെനിയേരി ടീമിന് പ്രമോഷൻ സമ്മാനിച്ചത്.

ജനുവരിയില്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കുമ്പോള്‍ അവര്‍ക്ക് സീരി ബിയില്‍ നിന്നു മോചനം ലഭിക്കുമെന്നു ആരും കരുതിയതല്ല. എന്നാല്‍ റെനിയേരി ഒരിക്കല്‍ കൂടി അവരെ ഒന്നാം ഡിവിഷന്‍ പോരാട്ടത്തിലേക്ക് നയിച്ചു.

നേരത്തെയും കഗ്ലിയാരിയെ റെനിയേരി സീരി എയിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. സീരി സിയിൽ നിന്നാണ് നേരത്തെ റെനിയേരി അവരെ സീരി ബിയും കടന്ന് എയിലേക്ക് എത്തിച്ചത്.

ബറിക്കെതിരായ രണ്ട് പാദ പ്ലേ ഓഫ് പോരാട്ടത്തില്‍ 2-1 അഗ്രഗെറ്റിലാണ് കഗ്ലിയാരി വിജയിച്ചത്. ആദ്യ പാദ പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ രണ്ടാം പാദ പോരാട്ടം അവര്‍ക്ക് നിര്‍ണായകമായി. 

ജയം അനിവാര്യമായ പോരാട്ടത്തില്‍ പക്ഷേ മത്സരത്തിന്റെ നിശ്ചിത സമയം ഗോള്‍രഹിതമായി കടന്നു പോയി. ഒടുവില്‍ ഇഞ്ച്വറി ടൈമില്‍ ലിയനാര്‍ഡോ പവോലെറ്റിയുടെ ഗോള്‍ അവര്‍ക്ക് വിജയവും സീരി എ ബര്‍ത്തും ഉപ്പിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com