പാകിസ്ഥാനെ നാണംകെടുത്തി ഇന്ത്യന്‍ വിജയം; ഛേത്രിക്ക് ഹാട്രിക്

വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി
മത്സരത്തില്‍ ഹാട്രിക് നേടിയ സുനില്‍ ഛേത്രി/ ട്വിറ്റര്‍
മത്സരത്തില്‍ ഹാട്രിക് നേടിയ സുനില്‍ ഛേത്രി/ ട്വിറ്റര്‍

ബംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യയുടെ വിജയം.  ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഹാട്രിക് നേടി. ഉദാന്ത സിങ്ങാണ് നാലാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.

മത്സരത്തിന്റെ തുടക്കംമുതലേ ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി 10-ാം മിനിറ്റില്‍ തന്നെ ബ്ലൂ ടൈഗേഴ്സ് മത്സരത്തില്‍ ലീഡെടുത്തു. സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങിയതിന്റെ ആഘാതം വിട്ടുമാറുംമുന്‍പ് പാകിസ്ഥാന് ഇന്ത്യയുടെ വക അടുത്ത പ്രഹരം ലഭിച്ചു. ഇത്തവണയും ഛേത്രി തന്നെയാണ് വലകുലുക്കിയത്. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്ക് വ്യക്തമായ ലീഡ് സമ്മാനിച്ചു. ബോക്സിനുള്ളില്‍ വെച്ച് പാക് പ്രതിരോധതാരത്തിന്റെ കൈയ്യില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്നാണ് റഫറി ഹാന്‍ഡ്ബോളും പെനാല്‍റ്റിയും വിളിച്ചത്. 

45-ാം മിനിറ്റില്‍ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത് വലിയ വിവാദത്തിന് വഴിവെച്ചു. പിന്നാലെ പാക് പരിശീലകനും തര്‍ക്കത്തിലേര്‍പ്പെട്ടതോടെ റഫറി കടുത്ത തീരുമാനത്തിലേക്ക് നീങ്ങി. സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡ് വിധിച്ച റഫറി പാക് പരിശീലകന് മഞ്ഞക്കാര്‍ഡും നല്‍കി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

 രണ്ടാം പകുതിയിലും ഇന്ത്യ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍സാധിച്ചില്ല. 73-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഛേത്രി വലയിലെത്തിച്ചതോടെ മത്സരത്തില്‍ താരം ഹാട്രിക് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്. 81-ാം മിനിറ്റില്‍ ഇന്ത്യയുടെ നാലാമത്തെ ഗോള്‍ നേടി. ഉദാന്ത സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com