ഔട്ടിന് മാത്രമല്ല, വൈഡിനും നോബോളിനും റിവ്യു; മാറ്റം വനിതാ പ്രീമിയര്‍ ലീഗില്‍; നിയമം ഐപിഎല്ലിലും 

വനിതാ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഈ സിസ്റ്റം സമര്‍ഥമായി ഉപയോഗിച്ചു കഴിഞ്ഞു
വൈഡ് വിളിക്കാത്തതിന് റിവ്യു ആവശ്യപ്പെടുന്ന യുപി താരം ​ഗ്രെയ്സ് ഹാരിസ്/ ട്വിറ്റർ
വൈഡ് വിളിക്കാത്തതിന് റിവ്യു ആവശ്യപ്പെടുന്ന യുപി താരം ​ഗ്രെയ്സ് ഹാരിസ്/ ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി വനിതാ പ്രീമിയര്‍ ലീഗ് പുരോഗമിക്കവെ നിയമത്തിലും ശ്രദ്ധേയ മാറ്റം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഔട്ടാകുന്നത് സംബന്ധിച്ചായിരുന്നു ഇതുവരെ ഡിവിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്) ഉപയോഗിച്ചിരുന്നത്. വനിതാ പ്രീമിയര്‍ ലീഗ് അതിന് മാറ്റം കൊണ്ടു വന്നിരിക്കുകയാണ്. 

മത്സരത്തില്‍ നോബോള്‍, വൈഡ് എന്നിവ ഫീല്‍ഡ് അമ്പയര്‍ വിളിക്കുമ്പോള്‍ അതില്‍ സംശയമുണ്ടെങ്കില്‍ ഇനി ടീമുകള്‍ക്ക് ഡിആര്‍എസ് ഉപയോഗിക്കാം. ടി20 ടൂര്‍ണമെന്റില്‍ (അന്താരാഷ്ട്ര, ഡൊമസ്റ്റിക്ക്) ആദ്യമായാണ് ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. ഈ നിയമം അടുത്തു തന്നെ തുടങ്ങാനിരിക്കുന്ന ഐപിഎല്ലിന്റെ 16ാം എഡിഷനിലും പ്രാവര്‍ത്തികമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇനി മുതല്‍ വനിതാ പ്രീമിയര്‍ ലീഗിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഔട്ട് സംബന്ധിച്ച് മാത്രമായിരിക്കില്ല ഡിആര്‍എസ്. അത് വൈഡിനും നോബോളിനും ബാധകമാകും. 

വനിതാ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഈ സിസ്റ്റം സമര്‍ഥമായി ഉപയോഗിച്ചു കഴിഞ്ഞു. ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് വൈഡ്, നോബോള്‍ റിവ്യു ആദ്യമായി ആവശ്യപ്പെട്ടത്. മുംബൈ താരം സൈക ഇഷ്ഹാഖ് എറിഞ്ഞ ഒരു പന്ത് അമ്പയര്‍ വൈഡ് വിളിച്ചപ്പോഴാണ് ഹര്‍മന്‍പ്രീത് റിവ്യു ആവശ്യപ്പെട്ടത്. ബോള്‍ ബാറ്ററുടെ ഗ്ലൗവില്‍ തട്ടിയെന്ന് അവകാശപ്പെട്ടായിരുന്നു റിവ്യു. ഡല്‍ഹി താരം ജെമിമ റോഡ്രിഗസും ബാറ്റിങിനിടെ നോബോള്‍ വിളിക്കാത്തതിന് റിവ്യു ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയില്‍ അത് നോബോള്‍ അല്ലെന്ന് കണ്ടെത്തി.

യുപി വാരിയേഴ്‌സിനെതിരായ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ വിളിച്ച വൈഡ് ചോദ്യം ചെയ്ത് ഗുജറാത്ത് ക്യാപ്റ്റന്‍ സ്‌നേഹ് റാണയും അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് റിവ്യു നല്‍കി. ഈ മത്സരത്തില്‍ തന്നെ കളി ആവേശത്തില്‍ നില്‍ക്കെ ഗുജറാത്ത് താരം എറിഞ്ഞ പന്ത് അമ്പയര്‍ വൈഡ് വിളിക്കാതെ നിന്നു. ഈ ഘട്ടത്തില്‍ യുപി ബാറ്റര്‍ ഗ്രെയ്‌സ് ഹാരിസ് റിവ്യു ആവശ്യപ്പെട്ടു. പരിശോധനയില്‍ പന്ത് വൈഡാണെന്ന് കണ്ടതോടെ യുപിക്ക് നിര്‍ണായകമായ ഒരു റണ്‍ ലഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com