ഹെയ്‌ലിയുടെ ഓള്‍റൗണ്ട് മികവ്; രണ്ടാം തുടർ ജയവുമായി മുംബൈ; ആർസിബിക്ക് നിരാശ തന്നെ

ഹെയ്‌ലി മാത്യൂസ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരത്തിനൊപ്പം പുറത്താകാതെ നിന്ന് അര്‍ധ സെഞ്ച്വറിയുമായി നാറ്റ് സിവറും തിളങ്ങി
ഹെയ്ലി മാത്യൂസ്- നാറ്റ് സിവർ സഖ്യം ബാറ്റിങിനിടെ/ പിടിഐ
ഹെയ്ലി മാത്യൂസ്- നാറ്റ് സിവർ സഖ്യം ബാറ്റിങിനിടെ/ പിടിഐ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് അവര്‍ രണ്ടാം പോരില്‍ വീഴ്ത്തിയത്. ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഒന്‍പത് വിക്കറ്റിനാണ് മുംബൈ രണ്ടാം പോരില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 18.4 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായി. മുംബൈ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 14.2 ഓവറില്‍ ലക്ഷ്യം കണ്ടു. 34 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. 

വിന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസിന്റെ ഓള്‍റൗണ്ട് മികവാണ് കളിയില്‍ മുംബൈയുടെ സമഗ്രാധിപത്യത്തിന്റെ അടിസ്ഥാനം. ഹെയ്‌ലി മാത്യൂസ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരത്തിനൊപ്പം പുറത്താകാതെ നിന്ന് അര്‍ധ സെഞ്ച്വറിയുമായി നാറ്റ് സിവറും തിളങ്ങി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്താണ് വിജയമുറപ്പിച്ചത്. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അവര്‍ക്കായി ഓപ്പണറായി എത്തിയ ഹെയ്‌ലി പുറത്താകാതെ വെറും 38 പന്തില്‍ അടിച്ചെടുത്തത് 77 റണ്‍സ്. താരം 13 ഫോറുകളും ഒരു സിക്‌സും പറത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ മൂന്ന് വിക്കറ്റെടുത്ത് 155ല്‍ ഒതുക്കുന്നതിലും ഹെയ്‌ലി നിര്‍ണായകമായി. കളിയിലെ താരവും ഹെയ്‌ലി തന്നെ. 

രണ്ടാമതായി ക്രീസിലെത്തിയ നാറ്റ് സിവര്‍ 29 പന്തില്‍ 55 റണ്‍സെടുത്ത് പുറത്താകാതെ ഹെയ്‌ലിക്കൊപ്പം നിന്നതോടെ മുംബൈ അനായാസം വിജയ തീരത്തെത്തി. താരം ഒന്‍പത് ഫോറും ഒരു സിക്‌സും പറത്തി. 23 റണ്‍സെടുത്ത യസ്തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 18.4 ഓവറില്‍ 155 റണ്‍സിന് ഓള്‍ഔട്ടായി. പ്രധാന താരങ്ങളെല്ലാം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ധാന (23), റിച്ച ഘോഷ് (28), കനിക അഹൂജ (22), ശ്രേയങ്ക പാട്ടീല്‍ (23), മേഗന്‍ ഷുട്ട് (20) എന്നിവര്‍ക്ക് മാത്രമാണ് ആര്‍സിബി സ്‌കോറിലേക്ക് അല്‍പമെങ്കിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനായത്.

സോഫി ഡിവൈന്‍ (16), ദിഷ കസാറ്റ് (0), എല്ലിസെ പെറി (13), ഹീതര്‍ നൈറ്റ് (0) എന്നിവരെല്ലാം വീണ്ടും നിരാശപ്പെടുത്തി.

മുംബൈക്കായി ഹെയ്ലി മാത്യൂസ് നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമായി തിളങ്ങി. സയ്ക ഇഷ്ഹാഖും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com