ഇംഗ്ലണ്ടിനെ വീഴ്ത്തി ബംഗ്ലാദേശ്; ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം

നജ്മുല്‍ ഹുസൈന്‍ ഷാന്റോ നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ബംഗ്ലാദേശിന്റെ വിജയം
അർധ സെഞ്ച്വറി നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോ/ പിടിഐ
അർധ സെഞ്ച്വറി നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോ/ പിടിഐ

ധാക്ക: ഒന്നാം ടി20 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ബംഗ്ലാദേശ്. ആറ് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 18 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 158 റണ്‍സ് കണ്ടെത്തിയാണ് വിജയിച്ചത്. 

നജ്മുല്‍ ഹുസൈന്‍ ഷാന്റോ നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ബംഗ്ലാദേശിന്റെ വിജയം. താരം 30 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 51 റണ്‍സെടുത്തു. 

ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ 24 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ടീമിനെ വിജയ തീരത്തെത്തിച്ചു. 13 പന്തില്‍ 15 റണ്‍സുമായി അഫിഫ് ഹുസൈന്‍ ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്ന് വിജയത്തില്‍ പങ്കാളിയായി. ലിറ്റന്‍ ദാസ് (12), റോണി തലുക്ദര്‍ (21), തൗഹിദ് ഹ്രിദോയ് (24) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ടോസ് നേടി ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ മികച്ച ബാറ്റിങ് തുടക്കത്തില്‍ അവര്‍ക്ക് ആധിപത്യം നല്‍കി. എന്നാല്‍ പിന്നീട് അവര്‍ക്ക് വിചാരിച്ച രീതിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയി. 

ബട്‌ലര്‍ 42 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 67 റണ്‍സ് കണ്ടെത്തി. സഹ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് നാല് ഫോറും ഒരു സിക്‌സും സഹിതം 35 പന്തില്‍ 38 റണ്‍സെടുത്തു. 13 പന്തില്‍ 20 റണ്‍സെടുത്ത ബെന്‍ ഡുക്കറ്റും തിളങ്ങി. മറ്റൊരാളും രണ്ടക്കം കടന്നില്ല. 

ബംഗ്ലാദേശിനായി ഹസന്‍ മഹ്മുദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നസും അഹമദ്, ടസ്‌കിന്‍ അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com