ടെസ്റ്റ് സെഞ്ച്വറി; കോഹ്‌ലി കാത്തിരുന്നത് 1204 ദിവസങ്ങള്‍!

ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം കുറിച്ച് വിരാട് കോഹ്‌ലി. മൂന്ന് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയ താരത്തിന്റെ ബാറ്റില്‍ നിന്ന് ഒരു ടെസ്റ്റ് സെഞ്ച്വറി പിറന്നിട്ട്. ആ കാത്തിരിപ്പിനാണ് അഹമ്മദാബാദില്‍ വിരാമമായത്. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് താരം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. 

മൂന്ന് വര്‍ഷം മൂന്ന് മാസം 17 ദിവസം പിന്നിട്ടപ്പോഴാണ് മൂന്നക്ക സംഖ്യയിലേക്ക് കോഹ്‌ലി എത്തിയത്. കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. 2019 നവംബറിലാണ് ആ ബാറ്റില്‍ നിന്ന് അവസാനമായി ടെസ്റ്റ് ശതകം പിറന്നത്. 241 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി 100 റണ്‍സ് നേടിയത്. അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു സെഞ്ച്വറി. 

മൂന്ന് ഫോര്‍മാറ്റിലുമായി സെഞ്ച്വറികള്‍ 75 എണ്ണം ആയി. ഇന്ത്യന്‍ മണ്ണിലെ 14ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇന്ത്യക്ക് വേണ്ടി സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയവരുടെ എലൈറ്റ് ലിസ്റ്റില്‍ ഇതിഹാസങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, വീരേന്ദര്‍ സെവാഗ്, ദിലീപ് വെങ്‌സര്‍ക്കാര്‍ എന്നിവരെ കോഹ്‌ലി പിന്തുള്ളുകയും ചെയ്തു. 

ഇടവേളയ്ക്ക് ശേഷമായിരുന്നു ഏഷ്യാ കപ്പ് ടി20യില്‍ സെഞ്ച്വറി നേടി അന്താരാഷ്ട്ര പോരിലെ താരത്തിന്റെ സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമം കുറിച്ചത്. ടി20യിലെ കന്നി സെഞ്ച്വറിയാണ് ഏഷ്യാ കപ്പില്‍ സമീപ കാലത്ത് യുഎഇക്കെതിരെ താരം നേടിയത്. പിന്നാലെ നടന്ന ഏകദിന പോരാട്ടത്തില്‍ മൂന്ന് സെഞ്ച്വറികള്‍ കൂടി താരം നേടി. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന നേട്ടത്തില്‍ സച്ചിന്‍ പിന്നില്‍ രണ്ടാം സ്ഥാനത്ത് കോഹ്‌ലി നില്‍ക്കുന്നു. 71 സെഞ്ച്വറികളുള്ള റിക്കി പോണ്ടിങിനെ പിന്തള്ളിയാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടത്തില്‍ അലന്‍ ബോര്‍ഡര്‍, ഗ്രെയം സ്മിത്ത് എന്നിവരേയും അഹമ്മദാബാദിലെ സെഞ്ച്വറിയോടെ കോഹ്‌ലി മറികടന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com